ഗംഭീറിന്റെ നിയമനം മെറിറ്റ് നോക്കിയല്ല, കോച്ചാകേണ്ടിയിരുന്നത് ലക്ഷ്മൺ: ആരോപണവുമായി മുൻ പാക്ക് താരം
Mail This Article
ഇസ്‌ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ബിസിസിഐ ഗൗതം ഗംഭീറിനെ നിയമിച്ചത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്ന ആരോപണവുമായി പാക്കിസ്ഥാന്റെ മുൻ താരം. ഇന്ത്യൻ ബി ടീമിനൊപ്പം പ്രവർത്തിക്കുന്ന വി.വി.എസ്. ലക്ഷ്മണാണ് ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി വരേണ്ടിയിരുന്നതെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ മുൻ പാക്ക് താരം തൻവീർ അഹമ്മദ് അഭിപ്രായപ്പെട്ടു.
‘ദീർഘകാലമായി ഇന്ത്യ ബി ടീമിനൊപ്പം പ്രവർത്തിച്ചുവരുന്ന വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യൻ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനാകേണ്ടിയിരുന്നത്. മെറിറ്റ് നോക്കിയല്ല ഗൗതം ഗംഭീറിനെ പരിശീലകനായി നിയമിച്ചതെന്നാണ് തോന്നുന്നത്’ – എക്സ് പ്ലാറ്റ്ഫോമിൽ തൻവീർ അഹമ്മദ് കുറിച്ചു.
കുവൈത്തിൽ ജനിച്ച തൻവീർ അഹമ്മദ്, 2010 – 2013 കാലഘട്ടത്തിൽ പാക്കിസ്ഥാനായി കളിച്ചിട്ടുള്ള താരമാണ്. ഇക്കാലയളവിൽ അഞ്ച് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും ഒരു ട്വന്റി20 മത്സരത്തിലും പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു. പേസ് ബോളറായി പേരെടുത്ത തൻവീർ ടെസ്റ്റിൽ 17, ഏകദിനത്തിൽ രണ്ട്, ട്വന്റി20യിൽ ഒന്ന് എന്നിങ്ങനെ വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 120 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.