ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ സീസണിൽ കിരീടം നേടി ഞെട്ടിച്ച ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ പടിയിറങ്ങുന്നു? ഗുജറാത്ത് ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും ടീം വിടുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കീഴിലാണ് 2022ലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം ചൂടി ഞെട്ടിച്ചത്. തൊട്ടടുത്ത വർഷം ഗുജറാത്ത് റണ്ണേഴ്സ് അപ്പുമായെങ്കിലും ഈ സീസണിൽ പ്രകടനം മോശമായി. ഇതിനു പിന്നാലെയാണ് ഇരുവരും ടീം വിട്ടേക്കുമെന്ന അഭ്യൂഹം.

നെഹ്റ ടീം വിട്ടാൽ പകരം പരിശീലകനായി മുൻ ഇന്ത്യൻ താരവും നെഹ്റയുെട സമകാലികനുമായ യുവരാജ് സിങ് എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ പരിശീലകനായി അനുഭവ സമ്പത്തില്ലാത്ത വ്യക്തിയാണ് യുവരാജ്. അതേസമയം, ശുഭ്മൻ ഗില്ലിനെയും അഭിഷേക് ശർമയെയും പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയിൽ യുവി ശ്രദ്ധ നേടിയിട്ടുമുണ്ട്.

ഗുജറാത്ത് ടീമിന്റെ മെന്ററായിരുന്ന ദക്ഷിണാഫ്രിക്കക്കാരൻ ഗാരി കിർസ്റ്റൻ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചുമതല ഏറ്റെടുത്ത് ടീം വിട്ടിരുന്നു. ഫലത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സംഘത്തിൽ സമൂല മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും ഒടുവിൽ നടന്ന സീസണിൽ ശുഭ്മൻ ഗില്ലിന് കീഴിൽ കളിച്ച ഗുജറാത്ത് ടൈറ്റൻസ് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്കു മടങ്ങിയതോടെയാണ് ടീമിന്റെ നായകനായി ഗില്ലിനെ നിയമിച്ചത്.

English Summary:

Yuvraj Singh Likely to Coach Gujarat Titans as Ashish Nehra Set to Depart, Says Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com