ADVERTISEMENT

മുംബൈ∙ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളിച്ചെന്ന ആരോപണം ഉയർന്ന രാത്രിയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടുംകൈ ചെയ്യാൻ തുനിഞ്ഞതായി വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്. യുട്യൂബർ ശുഭാങ്കർ മിശ്രയുടെ ‘അൺപ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ഷമിക്കെതിരായ ആരോപണം അധികൃതർ അന്വേഷിക്കാൻ തീരുമാനിച്ച അന്നു രാത്രി, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഷമി 19–ാം നിലയുടെ ബാൽക്കണിയിൽനിന്ന് ചാടാനൊരുങ്ങി എന്നാണ് വെളിപ്പെടുത്തൽ.

ഭാര്യ ഹസിൻ ജഹാനുമായുള്ള ദാമ്പത്യ പ്രശ്നങ്ങൾ കരിയറിന്റെ ഒരു ഘട്ടത്തിൽ മുഹമ്മദ് ഷമിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. മകളുമായി ഭാര്യ വീടുവിട്ടത് ഷമിക്ക് വൻ തിരിച്ചടിയായിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് ഹസിൻ ജഹാൻ പിന്നീട് പൊലീസിൽ പരാതിയും നൽകി. ഇതോടെ ബിസിസിഐയുടെ കരാർപ്പട്ടികയിൽനിന്ന് ഷമി പുറത്തായി. ഇതിനു പുറമേയാണ്, പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയർന്നത്.

‘‘ഷമി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. മുന്നിൽ വരുന്ന എല്ലാറ്റിനോടും പൊരുതി നിൽക്കേണ്ട അവസ്ഥ. അന്ന് എന്റെ വീട്ടിലാണ് ഷമിയെ താമസിപ്പിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയർന്നതോടെ, ഷമി പൂർണമായും തകർന്നു. ആ രാത്രിയാണ് അത് സംഭവിച്ചത്. എല്ലാം ഞാൻ സഹിക്കും, പക്ഷേ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം സഹിക്കില്ലെന്നായിരുന്നു ഷമിയുടെ നിലപാട്.’’ – ഉമേഷ് കുമാർ വെളിപ്പെടുത്തി.

‘‘അന്ന് രാത്രി ഷമി കടുംകൈ ചെയ്യാനൊരുങ്ങി എന്നത് വാർത്തകളിലെല്ലാം വന്ന കാര്യമാണ്. അന്ന് പുലർച്ചെ നാലു മണിയോടെയാണ് ഞാൻ വെള്ളം കുടിക്കാനായി എഴുന്നേറ്റത്. ബെഡ് റൂമിൽനിന്ന് അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഞങ്ങൾ താമസിക്കുന്ന 19–ാം നിലയുടെ ബാൽക്കണിയിൽ ഷമി നിൽക്കുന്നത് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഒരുപക്ഷേ ഷമിയുടെ കരിയറിലെ ഏറ്റവും സുദീർഘമായ രാത്രി അതായിരിക്കണം.

‘‘പിന്നീട് ഒരു ദിവസം ഞങ്ങൾ സംസാരിച്ചു നിൽക്കെ, ഷമിയുടെ ഫോണിലേക്ക് ഒരു സന്ദേശമെത്തി. ഒത്തുകളി വിവാദം അന്വേഷിച്ച സമിതി ഷമിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന സന്ദേശമായിരുന്നു അത്. ലോകകപ്പ് ജയിച്ചാൽ പോലും ലഭിക്കുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്ന് ഷമിക്ക്.’’ – ഉമേഷ് പറഞ്ഞു.

ഇതേക്കുറിച്ച് ഷമിയുടെ പ്രതികരണം ഇങ്ങനെ: ‘‘എന്തിനാണ് നാം പ്രാധാന്യം നൽകുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നു തോന്നുന്നു. അതുപോലെ, ആരോപണം ഉന്നയിക്കുന്ന വ്യക്തി ആരെന്നതും പ്രധാനമാണ്. അവർ പറയുന്നതിൽ കാര്യമില്ലെങ്കിൽ നാം നമ്മുടെ മുൻഗണനകൾ മാറ്റേണ്ട കാര്യമില്ല. ഞാൻ ഇപ്പോൾ ഈ കാണുന്ന മുഹമ്മദ് ഷമിയല്ലെങ്കിൽ, ഞാൻ കടന്നുപോയ സാഹചര്യം ആർക്കും ബാധകമാകുമായിരുന്നില്ല. മാധ്യമങ്ങളും എന്റെ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കില്ലായിരുന്നു. അതുകൊണ്ട് എന്നെ ഞാനാക്കിയ ഘടകങ്ങളെ ഞാൻ എന്തിന് കൈവിടണം. അതുകൊണ്ട് പൊരുതാൻ തന്നെയായിരുന്നു എന്റെ തീരുമാനം.’’– ഷമി പറഞ്ഞു.

English Summary:

"19th Floor Balcony": Mohammed Shami's Friend Makes Shocking 'Suicide' Revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com