ADVERTISEMENT

ന്യൂഡൽഹി∙ ഋഷഭ് പന്തോ സഞ്ജു സാംസണോ? – ശനിയാഴ്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു മുൻപേ പരിശീലകൻ ഗൗതം ഗംഭീറിനു മുന്നിലുള്ള ചോദ്യം അൽപം കഠിനമാണ്. യുഎസിലും വെസ്റ്റിൻ‍ഡീസിലുമായി നടന്ന ട്വന്റി20 ലോകകപ്പിൽ കളിച്ച മിക്ക താരങ്ങളും ശ്രീലങ്കൻ പര്യടനത്തിനും ഉണ്ടെങ്കിലും, ഗംഭീറിനു തലവേദനയാകുക ഇവരിൽ ആരെ വിക്കറ്റ് കീപ്പർ റോളിലേക്ക് തിരഞ്ഞെടുക്കും എന്നതു തന്നെയാകും. സഞ്ജുവിനെയും പന്തിനെയും ഒരുമിച്ച് ടീമിൽ ഉൾക്കൊള്ളിക്കുന്നത് ശ്രമകരമായ കാര്യമാണെന്നതാണ് പ്രധാനം.

ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും സഞ്ജുവിന് ഒരിക്കൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. എല്ലാ മത്സരങ്ങളും കളിച്ച പന്താകട്ടെ, ഇന്ത്യൻ ബാറ്റർമാരിൽ 171 റൺസുമായി മൂന്നാമനാകുകയും ചെയ്തു.

പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനും, സ്ഥിരം ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാർ യാദവിനും കീഴിൽ കളിക്കുന്ന ആദ്യ പരമ്പരയെന്നതാണ് ശ്രീലങ്കൻ പര്യടനത്തെ വേറിട്ടുനിർത്തുന്നത്. ടീം ഘടന തീരുമാനിക്കുന്നതിൽ ഉൾപ്പെടെ നിർണായക സ്വാധീനം ചെലുത്തുന്നതാണ് ഗംഭീറിന്റെ രീതി. ഐപിഎലിൽ ഗംഭീറിന്റെ ചരിത്രം പറയുന്നതും അതാണ്. രണ്ടു വർഷത്തിനുള്ളിൽ അടുത്ത ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ, ഇപ്പോൾ മുതൽ ടീം രൂപീകരണത്തിൽ ഗംഭീറിന്റെ ഇടപെടൽ നിർണായകമാകുമെന്ന് തീർച്ചയാണ്. സഞ്ജുവിനെ സംബന്ധിച്ച് ശ്രീലങ്കൻ പര്യടനം നിർണായകമാകുന്നതും അതുകൊണ്ടു തന്നെ.

2022ൽ വാഹനാപകടത്തിൽ പരുക്കേറ്റ് ഋഷഭ് പന്ത് മാറിനിന്ന ശേഷം ട്വന്റി20 വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് സ്ഥിരമായ ഒരു ഉത്തരം കണ്ടെത്താനായിരുന്നില്ല. ഇഷാൻ കിഷൻ കുറച്ചുകാലം മുൻപന്തിയിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ബിസിസിഐയ്ക്ക് ടീം മാനേജ്മെന്റിനും അനഭിമതനായി. ഇടക്കാലത്ത് സഞ്ജുവിനെയും പിന്നീട് ധ്രുവ് ജുറെൽ, ജിതേഷ് ശർമ എന്നിവരെയും പരീക്ഷിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ പന്തിന്റെ സമകാലികനായ സഞ്ജു, ഇതുവരെ 28 രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 133 സ്ട്രൈക്ക് റേറ്റും ഏതാനും അർധസെഞ്ചറികളുമാണ് പ്രധാന നേട്ടങ്ങൾ. 2015ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും, 27 മത്സരങ്ങളും സഞ്ജു കളിച്ചത് 2020നു ശേഷമാണ്. ഇത്തരത്തിൽ അവസരം നൽകുന്ന കാര്യത്തിൽ ഒരുകാലത്തും സിലക്ടർമാരോ ടീം മാനേജ്മെന്റോ സഞ്ജുവിനോട് നീതി പുലർത്തിയിട്ടില്ല എന്നതാണ് വാസ്തവം.

അതേസമയം, രാജ്യാന്തര വേദിയിൽ ഇതിനകം 74 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും പന്തിന്റെ സ്ട്രൈക്ക് റേറ്റ് 127 മാത്രമാണ്. ആകെയുള്ളത് മൂന്ന് അർധസെഞ്ചറികളും. സഞ്ജുവിന്റെ ശരാശരി 21.14 ആണെങ്കിൽ പന്തിന്റേതും ഒട്ടും മെച്ചമല്ല. 22.70 ആണ് പന്തിന്റെ ബാറ്റിങ് ശരാശരി. രോഹിത് ശർമ നായകനായിരുന്ന സമയത്ത് പൂർണമായും പന്തിൽ വിശ്വാസമർപ്പിക്കുന്നതായിരുന്നു രീതി. ട്വന്റി20 ലോകകപ്പിലും സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും താരത്തെ കളിപ്പിക്കുന്ന കാര്യം ചർച്ചയായില്ല. എന്നാൽ, സിംബാബ്‍വെയ്‌ക്കെതിരായ പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു കളിച്ചു. പ്രമുഖ താരങ്ങൾ വിശ്രമത്തിലായിരുന്നതിനാൽ ശുഭ്മൻ ഗില്ലിനു കീഴിൽ ഉപനായകനുമായി.

ഡൽഹിക്കാരനായ ഗംഭീറിന് പന്തിനെ വളരെ നേരത്തെ അറിയാവുന്നതാണ്. മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പന്തിന്റെ ആദ്യ നായകൻ കൂടിയാണ് ഗംഭീർ. എങ്കിലും, സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം ടെലിവിഷൻ ചാനലുകളിൽ ഉൾപ്പെടെ കളി വിശകലനം ചെയ്യുമ്പോൾ സഞ്ജുവിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളയാണ് ഗംഭീർ. ശ്രീലങ്കൻ പര്യടനത്തിൽ ഇവരിൽ ആരു തിരഞ്ഞടുക്കപ്പെട്ടാലും, ടീമിൽ സ്ഥാനം നിലനിർത്തണമെങ്കിൽ മികച്ച പ്രകടനം ഉണ്ടായേ തീരൂവെന്നത് തീർച്ചയാണ്.

English Summary:

Gautam Gambhir Faces Tough Choice: Rishabh Pant or Sanju Samson for T20 Series?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com