‘പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ താൽപര്യമില്ലെന്ന് നേരിട്ട് പറയാൻ ഭയമെന്തിന്? ഫിറ്റ്നസിന്റെ പേരിൽ ഒളിച്ചു കളിക്കണോ?’
Mail This Article
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി20 ടീമിനെ നായകനാക്കാൻ താൽപര്യമില്ലെന്ന കാര്യം താരത്തോട് നേരിട്ടു പറയാൻ സിലക്ടർമാരും പരിശീലകനും ഭയപ്പെടുന്നത് എന്തിനെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പാണ്ഡ്യയെ നായകസ്ഥാനം ഏൽപ്പിക്കാൻ താൽപര്യമില്ലെന്നിരിക്കെ, കായികക്ഷമതയുടെ പേരു പറഞ്ഞ് ഒളിച്ചുകളിക്കുന്നതിനിടെയും ശ്രീകാന്ത് വിമർശിച്ചു. കായികക്ഷമതയുടെ പേരിൽ മാത്രമാണ് പാണ്ഡ്യയെ ഒഴിവാക്കിയതെന്ന വാദം താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.
‘‘ഡ്രസിങ് റൂമിൽനിന്ന് സ്വരൂപിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പാണ്ഡ്യയെ തഴഞ്ഞ തീരുമാനമെന്ന് കരുതുന്നു. ഐപിഎൽ മുതലായിരിക്കും പ്രശ്നങ്ങൾ ആരംഭിച്ചത്. കായികക്ഷമതയാണ് പ്രശ്നമെന്ന വാദം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഐപിഎലിൽ എല്ലാ മത്സരവും കളിച്ച താരമാണ് പാണ്ഡ്യ. അവിടെ പന്തെറിയുകയും ചെയ്തിരുന്നു.
‘‘ഐപിഎലിൽ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്നതു ശരിയാണ്. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം നിരാശപ്പെടുത്തി. അതും ഇതുമായി യാതൊരു ബന്ധവുമില്ല. മുംബൈ ഇന്ത്യൻസിന് യോഗ്യത നേടാനുമായില്ല. ലോകകപ്പിൽ പാണ്ഡ്യ ടീമിന്റെ ഉപനായകനായിരുന്നു. മികച്ച പ്രകടനവും പുറത്തെടുത്തു. അതുകൊണ്ട്, കായികക്ഷമതയാണ് വിഷയമെന്ന് പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല.
‘‘സൂര്യകുമാർ നല്ല വ്യക്തിയാണ്. അദ്ദേഹത്തെ എനിക്ക് ഇഷ്ടവുമാണ്. അതുപോലെയാണ് ഹാർദിക്കിന്റെ കാര്യത്തിലും. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ താൽപര്യമില്ലെങ്കിൽ അതു നേരിട്ടു പറയുന്നതായിരുന്നു അഭികാമ്യം. താങ്കളെ ക്യാപ്റ്റനാക്കാൻ താൽപര്യമില്ല, സൂര്യകുമാർ യാദവിനെ തിരഞ്ഞെടുക്കുന്നുവെന്ന് നേരിട്ടു പറയണമായിരുന്നു. ഇത്തരം കാര്യങ്ങൾ വ്യക്തമായിത്തന്നെ പറയണം. അതിൽ ഭയപ്പെടേണ്ട കാര്യമില്ല’ – ശ്രീകാന്ത് വിശദീകരിച്ചു.