ADVERTISEMENT

കിഴക്കമ്പലം (കൊച്ചി)∙ പാരിസിലെ വെങ്കലക്കിലുക്കം കേരളത്തിനു വീണ്ടും ശ്രീതിലകമായപ്പോൾ കിഴക്കമ്പലം പാറാട്ടു വീട്ടിൽ ആഹ്ലാദാരവം. ‘ഇന്ത്യ, ഇന്ത്യ, ശ്രീജേഷ്, ശ്രീജേഷ്’ വിളികളാൽ മുഖരിതം. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ശ്രീജേഷിന്റെ വീടും നാടും രാജ്യത്തിന്റെയും പ്രിയപ്പെട്ട ‘സൂപ്പർമാന്റെ’യും വിജയം ഘോഷിച്ചു.

വെങ്കലമെഡൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സ്പെയിന് തുടർച്ചയായി ലഭിച്ച 2 പെനൽറ്റി കോർണറുകളിൽ രണ്ടാമത്തേതിലും സെക്കൻഡുകൾക്കകം വന്ന മൂന്നാം പെനൽറ്റി കോർണറിലും ശ്രീജേഷ് രക്ഷകനായപ്പോൾ വെങ്കലനേട്ടത്തിനു സ്വർണപ്പകിട്ട്. ഒരു നാടിന്റെയൊട്ടാകെ പ്രാർഥനകൾക്കു ശുഭവെങ്കലസാഫല്യം. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ശ്രീജേഷിന്റെ അമ്മ ഉഷാകുമാരി പൊട്ടിക്കരഞ്ഞു.

‘ഏറെ സന്തോഷം, ഏറെ അഭിമാനം.’ –ശ്രീജേഷിന്റെ ഭാര്യ ഡോ.അനീഷ്യയുടെ മുഖത്ത് ആഹ്ലാദാതിരേകം. ‘കളി തുടങ്ങും മുൻപു നാലു മണിയോടെ അവൻ വിളിച്ചിരുന്നു. നാടിന്റെ നേട്ടത്തിൽ ഏറെ അഭിമാനം’–രവീന്ദ്രനും ഉഷാകുമാരിക്കും വാക്കുകൾ കിട്ടാതായി. ഇടവേളയിൽ രവീന്ദ്രൻ കൂടിനിന്നവരോടു പറഞ്ഞു, ‘ഇപ്പോൾ കളി ഇന്ത്യയുടെ കയ്യിലാണ്. നമ്മൾ ജയിക്കും.’ ആ വാക്കു പൊന്നായി.

കളി കഴിഞ്ഞ് ഒരു മണിക്കൂറിനകം ശ്രീജേഷ് വിഡിയോ കോൾ ചെയ്തു. ഓരോരുത്തരോടും മാറിമാറി സംസാരിച്ചു.  മത്സരത്തിൽ തന്റെ പേരെഴുതിയ പിങ്ക് നിറത്തിലുള്ള സ്റ്റിക്ക് ഉപയോഗിച്ചതിലെ സന്തോഷമാണ് മകൾ അനുശ്രീ പ്രകടിപ്പിച്ചത്. ശ്രീജേഷിന്റെ മകൾ അനുശ്രീയും മകൻ ശ്രീആൻഷുമെല്ലാം സന്തോഷ നിമിഷങ്ങളിൽ നിറഞ്ഞുനിന്നു. അനുജൻ ശ്രീജിത്തും ഭാര്യ ധന്യയും ഇന്നലെ  രാവിലെ കാനഡയിൽനിന്നു എത്തിയിരുന്നു. 

English Summary:

PR Sreejesh's family celebrates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com