‘വെങ്കല മെഡൽ മത്സരത്തിനു മുൻപ് വിനേഷിനെ കണ്ടു; പുഞ്ചിരിയിൽ വിഷമമെല്ലാം ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നി’
Mail This Article
ന്യൂഡൽഹി ∙ ഭാരക്കൂടുതൽ കാരണം ഒളിംപിക്സ് ഫൈനലിനു മുൻപ് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് മെഡൽ അർഹിക്കുന്നതായി ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ പി.ആർ.ശ്രീജേഷ്. ഈ ഒളിംപിക്സിനു വരുന്നതിനു മുൻപ് അവർ കടന്നുപോയ സാഹചര്യമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് വിനേഷ് ഫോഗട്ട് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയത്. സംഭവിച്ച കാര്യങ്ങളിൽ വിഷമമുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി.
‘‘വിനേഷിനെ അയോഗ്യയാക്കിയതിൽ രണ്ട് അഭിപ്രായം ഉണ്ടാകാം. കായികതാരമെന്ന നിലയിൽ അവർ മെഡൽ അർഹിക്കുന്നുണ്ടെന്ന കാഴ്ചപ്പാടാണ് ഒന്ന്. ഫൈനലിൽ കടന്ന ഒരു താരത്തെ സംബന്ധിച്ച് മെഡലിന് അർഹതയുണ്ട്. ഏറ്റവും കുറഞ്ഞത് വിനേഷ് ഫോഗട്ട് അർഹിച്ചിരുന്ന വെള്ളിമെഡലെങ്കിലും അവർ കവർന്നു. വളരെ കരുത്തയാണ് അവർ. അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്താണ് ചെയ്യുകയെന്നു പോലും പറയാനാകില്ല’ – ശ്രീജേഷ് പറഞ്ഞു.
‘‘രണ്ടാമത്തേത്, ഒളിംപിക്സിൽ ഓരോ ഇനത്തിലും അതിന്റേതായ നിയമങ്ങളുണ്ട്. ഇതേക്കുറിച്ച് ഇന്ത്യൻ താരങ്ങൾക്കും കൃത്യമായ ബോധ്യമുണ്ട്. അതിന് അനുസരിച്ചാണ് അവർ നീങ്ങേണ്ടതും. ഫെഡറേഷനോ സംഘാടക സമിതിക്കോ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കോ ഇടപെടാൻ അവർ യാതൊരു അവസരവും നൽകരുത്.
‘‘ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കണം. ഒളിംപിക്സ് പോലൊരു വേദിയിൽ നിയമങ്ങൾ കൃത്യമായി പാലിക്കണം. ഹോക്കി ക്വാർട്ടർ ഫൈനലിൽ അമിത് രോഹിദാസിന് സംഭവിച്ചതും ഇതുതന്നെയാണ്. നിയമപ്രകാരം രോഹിദാസിനു പിഴവു സംഭവിച്ചു. അദ്ദേഹം ഹോക്കി സ്റ്റിക് ആ രീതിയിൽ ഉയർത്താൻ പാടില്ലായിരുന്നു. അങ്ങനെയാണ് സെമിഫൈനലിൽ ഞങ്ങൾ 15 പേരെ വച്ച് കളിക്കേണ്ടി വന്നത്. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു. കളിയെ മനോഹരമാക്കാനാണ് ഇത്തരം നിയമങ്ങൾ.
‘‘വെങ്കല മെഡൽ മത്സരത്തിന്റെ തലേന്ന് ഞാൻ വിനേഷ് ഫോഗട്ടിനെ കണ്ടിരുന്നു. വിജയാശംസകൾ നേർന്നാണ് അന്ന് അവർ മടങ്ങിയത്. അന്ന് അവരുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയിൽ എല്ലാ വേദനയും ഒളിപ്പിക്കാൻ ശ്രമിക്കുന്നതായാണ് എനിക്ക് തോന്നിയത്. കരുത്തയായ പോരാളിയായ വിനേഷ്.
‘‘വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ എനിക്കും ആകാംക്ഷയുണ്ട്. കഠിനാധ്വാനം ചെയ്താണ് അവർ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയത്. കഴിഞ്ഞ കുറച്ചുകാലമായി അവർ കടന്നുപോകുന്ന അവസ്ഥയൊക്കെ നമുക്ക് അറിയാം. അത്തരം പ്രതിസന്ധികളെ അതിജീവിച്ചാണ് അവർ തിരിച്ചുവന്നതും ഒളിംപിക്സ് ഫൈനലിനു യോഗ്യത നേടിയതും. അതായിരുന്നു എല്ലാ സംശയങ്ങൾക്കും വിനേഷ് ഫോഗട്ട് നൽകിയ ഉത്തരം. അതുകൊണ്ടുതന്നെ സംഭവിച്ച കാര്യങ്ങളിൽ വിഷമമുണ്ട്. ഇത് വളരെ ബുദ്ധിമുട്ടേറിയ സന്ദർഭമാണ്’ – ശ്രീജേഷ് പറഞ്ഞു.