ADVERTISEMENT

കൊച്ചി ∙ തുറന്ന വാഹനത്തിൽനിന്നു പാറാട്ടു രവീന്ദ്രൻ ശ്രീജേഷ് പൊന്നോളം വിലമതിക്കുന്ന ആ ഒളിംപിക് പതക്കം ജന്മനാടിനെ ഉയർത്തിക്കാട്ടി; വിമാനത്താവളത്തിൽ ഇരമ്പിയെത്തിയ ജനക്കൂട്ടം ആവേശത്തിന്റെ ഓളം തീർത്തു. പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഗോൾകീപ്പറായ പി.ആർ. ശ്രീജേഷ് ഇന്നലെ സായാഹ്നത്തിൽ വിമാനമിറങ്ങിയത് ആ ആരവങ്ങൾക്കു നടുവിലേക്കു മാത്രമായിരുന്നില്ല, നൂറു കണക്കിനു ഹോക്കി സ്റ്റിക്കുകളുടെ മധ്യത്തിലേക്കു കൂടിയായിരുന്നു! രാജ്യത്തിന്റെ ചാംപ്യൻ ഗോൾകീപ്പർക്ക് ആദരം ചൊരിഞ്ഞു ഹോക്കി സ്റ്റിക്കുകളുമായി വരവേറ്റത് ഭാവിയുടെ താരങ്ങളായ വിദ്യാർഥികളും. രണ്ട് ഒളിംപിക് മെഡൽ േനടിയ ഒരേയൊരു മലയാളി കായികതാരത്തെ കേരളം സ്വീകരിച്ചത് അതിരറ്റ സ്നേഹാദരങ്ങളോടെ. 2021 ടോക്കിയോ ഒളിംപിക്സിലും ശ്രീജേഷ് ഉൾപ്പെടുന്ന ഹോക്കി ടീം വെങ്കലം നേടിയിരുന്നു.

കുട്ടിക്കൂട്ടത്തിന്റെ വല്യേട്ടൻ

രാജ്യത്തിന്റെ ‘ഹോക്കിശ്രീ’യെ വരവേൽക്കാൻ ആരാധകർ മണിക്കൂറുകൾക്കു മുൻപേ വിമാനത്താവള പരിസരത്തു ഒത്തുകൂടിയിരുന്നു. വെൽകം ഔർ ഹീറോ, ഔർ പ്രൈഡ് തുടങ്ങി അഭിനന്ദന വാചകങ്ങൾ നിറഞ്ഞ ബാനറുകൾ ഉയർത്തി, ദേശീയ പതാകകളുമായിട്ടാണ് ആരാധകർ എത്തിയത്. സ്കൂൾ യൂണിഫോമിൽ, തിളക്കം നിറഞ്ഞ കണ്ണുകളോടെ തന്റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടിക്കൂട്ടത്തിനു ഹസ്തദാനം നൽകി കുശലം ചോദിച്ച് ശ്രീജേഷ് ആഘോഷങ്ങളിൽ പങ്കുചേർന്നു. മന്ത്രി പി.രാജീവ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, പി.വി.ശ്രീനിജിൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി തുടങ്ങിയവർ ശ്രീജേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്, സംസ്ഥാന ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് ബിനോയ് ജോസഫ്, ഹോക്കി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷോജി തുടങ്ങിയവരും പങ്കെടുത്തു.

സ്വീകരണങ്ങളുടെ ഘോഷയാത്ര

എയർപോർട്ട് റോഡ് ജംക് ഷനിൽ നെടുമ്പാശേരി ഗ്രാമപഞ്ചായത്തും ശ്രീജേഷിനു വരവേൽപു നൽ‌കി. വാദ്യമേളങ്ങളോടെ, ഘോഷയാത്രയായിട്ടാണ് താരത്തെ വിമാനത്താവളത്തിൽ നിന്ന് ആലുവ യുസി കോളജിലെ പൗര സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ഐഎഎസ് നൽകി ആദരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കേരള ഒളിംപിക് അസോസിയേഷനാണു സ്വീകരണം സംഘടിപ്പിച്ചത്. ആലുവ നഗരസഭയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ശ്രീജേഷിന്റെ ജന്മസ്ഥലമായ കിഴക്കമ്പലത്താണു സ്വീകരണ യാത്ര സമാപിച്ചത്. പുക്കാട്ടുപടി മുതൽ കിഴക്കമ്പലം വരെ തുറന്ന വാഹനത്തിലായിരുന്നു യാത്ര. തുടർന്നു കല ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ സ്വീകരണ യോഗം. കിഴക്കമ്പലം പഞ്ചായത്ത് സ്ഥലം വിട്ടു തരുകയാണെങ്കിൽ 3 കോടി രൂപ ചെലവഴിച്ചു ഹോക്കി ടർഫ് നിർമിക്കുമെന്ന് പി.വി.ശ്രീനിജിൻ എംഎൽഎയുടെ വാഗ്ദാനം.

‘‘എല്ലാവരോടും സ്നേഹം മാത്രം’’ – ശ്രീജേഷിന്റെ മറുപടി വാക്കുകൾ.

ഹോക്കി ടർഫുകൾ വരട്ടെ

ഹോക്കി പൊതുവേ കേരളത്തിന്റെ ഗെയിം അല്ലെന്ന രീതിയിലാണ് പലരും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, കേരളത്തിനു ലഭിച്ച 3 ഒളിംപിക്സ് മെഡലും ഹോക്കിയിൽ നിന്നാണെന്ന കാര്യം മറക്കരുത്. ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ഒരു ഹോക്കി ടർഫ് എങ്കിലും ഉണ്ടാകണം. പി.ടി.ഉഷയ്ക്കു ലഭിച്ച സ്വീകരണങ്ങൾ ചെറുപ്പത്തിൽ കണ്ടത് ഒളിംപിക്സിൽ പങ്കെടുക്കണമെന്ന എന്റെ ആഗ്രഹത്തിന് പ്രചോദനമായിട്ടുണ്ട്. ഇപ്പോൾ എനിക്കു ലഭിച്ച ഈ അംഗീകാരം ഇനി ഏറെപ്പേരെ ഹോക്കിയിലേക്കു കൊണ്ടുവരും എന്നാണ് പ്രതീക്ഷ. ഈ മെഡലുകളാണ് അവർക്കു നൽകാനുള്ള പ്രചോദനം. ഒളിംപിക്സിൽ സ്വർണം തന്നെ നേടുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം..’’ - പി.ആർ.ശ്രീജേഷ്

English Summary:

Welcome for PR Sreejesh to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com