‘അച്ഛൻ മരിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് അർബുദം; അതിജീവനം മാത്രമായി ലക്ഷ്യം’
Mail This Article
പാരിസ്∙ ഒളിംപിക്സിൽ 50 കിലോ ഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട സംഭവത്തിൽ വൈകാരികമായ കുറിപ്പുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരിയറിനെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും നീണ്ട കുറിപ്പാണ് വിനേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വിനേഷ് രാജ്യാന്തര കായിക കോടതിയിൽ നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.
‘‘വളരെ ചെറിയൊരു ഗ്രാമത്തിൽനിന്നുള്ള കുട്ടിയായ എനിക്ക് ഒളിംപിക്സ് എന്താണെന്നുപോലും അറിയില്ലായിരുന്നു. നീളത്തിലുള്ള മുടിയും സ്വന്തമായി ഒരു മൊബൈൽ ഫോണും ഒക്കെയായിരുന്നു എന്റെ സ്വപ്നങ്ങള്‍. അച്ഛന്‍ ബസ് ഡ്രൈവറായിരുന്നു. ഒരിക്കൽ ഞാന്‍ വിമാനം പറത്തുന്നത് റോഡിലൂടെ ബസ് ഓടിക്കുമ്പോൾ കാണുമെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. പിതാവ് ഇതു പറയുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കുകയാണു ചെയ്യാറ്.’’
‘‘ മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണം എന്നതു മാത്രമാണ് എന്റെ അമ്മയുടെ ആഗ്രഹം. അച്ഛൻ ഞങ്ങളെവിട്ടു പോയ ദിവസം അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സിൽ. ആ സ്വപ്നത്തെ ഞാൻ ചേർത്തുപിടിച്ചിരുന്നു. അദ്ദേഹം മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് അർബുദ രോഗം സ്ഥിരീകരിച്ചു. സ്റ്റേജ് 3 ആയിരുന്നു. വിധവയായ അമ്മയ്ക്കു വേണ്ടി കുട്ടിക്കാലം വേണ്ടെന്നുവച്ച മൂന്നു കുട്ടികളുടെ കഥ ഇവിടെവച്ചാണു തുടങ്ങുന്നത്. നീണ്ട മുടിയും മൊബൈൽ ഫോണുമെല്ലാം ജീവിത സത്യങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി.’’
‘‘അതിജീവനം മാത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ലക്ഷ്യങ്ങൾക്കു വേണ്ടി പോരാടാൻ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു. ധൈര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ അമ്മയെക്കുറിച്ചാണ് ഓർമ വരിക. എന്തു സംഭവിക്കുമെന്ന് ആലോചിക്കാതെ പോരാടാൻ എന്നെ സഹായിക്കുന്നതും ആ ഒരു ധൈര്യം തന്നെയാണ്.’’– വിനേഷ് ഫോഗട്ട് പ്രതികരിച്ചു. പാരിസ് ഒളിംപിക്സിനു ശേഷം ശനിയാഴ്ച രാവിലെയാണ് വിനേഷ് ഫോഗട്ട് ഡൽഹിയിൽ തിരിച്ചെത്തിയത്. വൻ സ്വീകരണമാണ് ഇന്ത്യൻ താരത്തിനു ലഭിച്ചത്.