എല്ലാം ധോണിക്കും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ടി; ‘വിചിത്ര’ നിയമം ഐപിഎല്ലിൽ നടപ്പാക്കും?
Mail This Article
ചെന്നൈ∙ എം.എസ്. ധോണിയെ അടുത്ത ഐപിഎൽ കളിപ്പിക്കാനായി ‘വിചിത്രമായ’ അൺകാപ്ഡ് നിയമം നടപ്പാക്കാനൊരുങ്ങി സംഘാടകർ. വിരമിച്ച് അഞ്ചു വർഷം കഴിഞ്ഞാൽ ഒരു താരത്തെ അൺകാപ്ഡ് ആയി കണക്കാക്കാം എന്ന ഐപിഎല്ലിലെ പഴയ നിയമം തിരികെക്കൊണ്ടുവരാനുള്ള ഒരുക്കം തുടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സിൽ തന്നെ കളിപ്പിക്കാൻ വേണ്ടിയാണ് ബിസിസിഐയുടെ നീക്കം. നിയമം തിരിച്ചുവന്നാല്‍ ധോണിയെ നാലു കോടിയോളം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ കളിപ്പിക്കാൻ സാധിക്കുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
2020 ഓഗസ്റ്റിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. 2025 ഓഗസ്റ്റ് ആകുമ്പോഴാണ് താരം വിരമിച്ച് അഞ്ചു വർഷം പൂർത്തിയാകുക. അൺകാപ്ഡ് ആകാനുള്ള സമയപരിധി എത്രയെന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പഴയപോലെ അഞ്ചു വർഷമാണെങ്കിൽ അൺകാപ്ഡ് താരമായി 2026 ഐപിഎല്ലിൽ ധോണിക്കു കളിക്കാൻ സാധിക്കും. ധോണി അണ്‍കാപ്ഡ് ആയാല്‍ താരത്തെ ടീമിൽ നിർത്താൻ ചെന്നൈ സൂപ്പർ കിങ്സിന് വളരെ ചെറിയ തുക മാത്രം മുടക്കിയാൽ മതിയാകും എന്നതാണ് അവർക്കുള്ള ഗുണം.
അങ്ങനെയെങ്കിൽ അടുത്ത താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കൂടുതൽ തുക ഉപയോഗിക്കാനും സാധിക്കും. 2008 മുതൽ 2021 വരെയുള്ള ഐപിഎല്‍ സീസണുകളിൽ ഈ നിയമം നിലവിലുണ്ടായിരുന്നു. എന്നാൽ ആരും ഇത് ഉപയോഗിച്ചിരുന്നില്ല. ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിനു കൈമാറിയ ധോണി കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിലാണു കളിച്ചത്. 2024 സീസണിൽ 73 പന്തുകളിൽനിന്ന് 161 റൺസും താരം നേടിയിരുന്നു.
ഐപിഎൽ ടീമുടമകളുടെ യോഗം കഴിഞ്ഞ മാസം ചേർന്നപ്പോൾ വലിയ ചർച്ചയാണ് ഇക്കാര്യത്തിൽ നടന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ ഈ നിയമത്തെ ശക്തമായി എതിര്‍ത്തിരുന്നു. ധോണിയെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നായിരുന്നു കാവ്യയുടെ വാദം. ധോണിയെ ലേലത്തിൽ പങ്കെടുപ്പിക്കണമെന്നും സൺറൈസേഴ്സ് ഉടമ ആവശ്യപ്പെട്ടു.