2024ൽ ഐപിഎൽ ക്യാപ്റ്റനായിരുന്ന, ഇതുവരെ ടെസ്റ്റ് കളിക്കാത്ത താരം: 80,000 രൂപയുടെ ഉത്തരമറിയാതെ മത്സരാർഥി
Mail This Article
മുംബൈ∙ ‘2024ലെ ഐപിഎൽ സീസണിൽ ക്യാപ്റ്റൻമാരായിരുന്ന ഈ താരങ്ങളിൽ, ഇതുവരെ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചിട്ടില്ലാത്ത താരം ആര്?, ഓപ്ഷൻ എ – ശ്രേയസ് അയ്യർ, ബി – ഹാർദിക് പാണ്ഡ്യ, സി – സഞ്ജു സാംസൺ, ഡി – ഋഷഭ് പന്ത്’ – ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ‘കോൻ ബനേഗാ ക്രോർപതി’യുടെ 16–ാം എപ്പിസോഡിൽ ഈ ചോദ്യത്തിന് ഉത്തരം പറയാനാകാതെ കുഴങ്ങി മത്സരാർഥി.
റാം കിഷോർ പണ്ഡിറ്റ് എന്ന മത്സരാർഥിയാണ്, ഈ ചോദ്യത്തിന് ഉത്തരം പറയാനാകാതെ കുഴങ്ങിയത്. 80,000 രൂപയുടെ ‘ലൈഫ് ലൈൻ’ ഉൾപ്പെടെയുള്ള സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയ പണ്ഡിറ്റ്, ശരിയുത്തരമായ മലയാളി താരം സഞ്ജു സാംസണിന്റെ പേര് കണ്ടെത്തിയത് പുറത്താകലിന്റെ വക്കിൽ.
‘കോൻ ബനേഗ ക്രോർപതി’യുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ്, രസകരമായ ഈ ക്രിക്കറ്റ് ചോദ്യം മത്സരാർഥിയെ വലച്ചത്. ക്രിക്കറ്റ് സംബന്ധമായ ചോദ്യത്തിന് ഉത്തരം പറയാനാകാതെ കുഴങ്ങിയ പണ്ഡിറ്റിനു മുന്നിൽ, വിഡിയോ കോൾ അല്ലെങ്കിൽ ഡബിൾ ഡിപ് എന്നീ സാധ്യതകളാണ് ഉണ്ടായിരുന്നത്. ഓഡിയൻസ് പോൾ എന്ന സാധ്യത പണ്ഡിറ്റ് നേരത്തേ തന്നെ ഉപയോഗപ്പെടുത്തിയിരുന്നു.
വിഡിയോ കോൾ എന്ന സാധ്യത തിരഞ്ഞെടുത്ത് ഉത്തരത്തിനായി സുഹൃത്തിന്റെ സഹായം തേടിയെങ്കിലും തൃപ്തി വന്നില്ല. ഇതോടെ ശേഷിക്കുന്ന ഒരേയൊരു ഓപ്ഷനായ ഡബിൾ ഡിപ് ഇദ്ദേഹം ആവശ്യപ്പെട്ടു. മത്സരാർഥിക്ക് രണ്ട് ഉത്തരങ്ങൾ പറയാൻ അവസരം നൽകുന്ന ഓപ്ഷനാണിത്. ആദ്യത്തെ അവസരത്തിൽ പണ്ഡിറ്റ് പറഞ്ഞത് ശ്രേയസ് അയ്യരുടെ പേര്. ഉത്തരം തെറ്റാണെന്ന് വ്യക്തമായതോടെ, അടുത്തതായി സഞ്ജുവിന്റെ പേര് പറഞ്ഞ് പണ്ഡിറ്റ് രക്ഷപ്പെട്ടു.