ADVERTISEMENT

ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റ് സീസണിന് തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ തഴ‍ഞ്ഞതിനെതിരെ ബിസിസിഐയ്‌ക്ക് രൂക്ഷ വിമർശനം. ഈ വർഷത്തെ ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിന് ഇതുവരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിക്കാനായിട്ടില്ലെങ്കിലും, അതിനുള്ള അവസരം പോലും നൽകാത്ത സാഹചര്യത്തിലാണ് കടുത്ത വിമർശനം ഉയരുന്നത്. ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യു ഈശ്വരൻ, ശ്രേയസ് അയ്യർ എന്നിവരാണ് ദുലീപ് ട്രോഫി ടീമുകളെ നയിക്കുന്നത്.

ഇന്ത്യയ്ക്കായി വൈറ്റ് ബോൾ മാത്രമല്ല, റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കാനും തയാറാണെന്നും അതിനായും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കൂടി സഞ്ജു വ്യക്തമാക്കിയിരുന്നു. കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ്, ഇതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് സഞ്ജു വ്യക്തമാക്കിയത്.

‘‘സഞ്ജു വൈറ്റ്ബോൾ ക്രിക്കറ്റിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്, അവിടെയാണ് എനിക്ക് അവസരം കിട്ടുന്നത് എന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകും. വർഷങ്ങളായി കേരളത്തിനായി സാധിക്കുന്നത്ര രഞ്ജി ട്രോഫി മത്സരങ്ങൾ ഞാൻ കളിക്കുന്നുണ്ട്. എന്റെ പ്രായം വച്ചു നോക്കുമ്പോൾ ഒരു ഫോർമാറ്റിൽ മാത്രം ശ്രദ്ധിക്കുന്ന ഒരാളല്ല ഞാൻ. മൂന്നു ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കണമെന്ന് ആഗ്രഹിച്ച് അതിനായി പരിശീലിക്കുന്ന ആളാണ്. മൂന്നു ഫോർമാറ്റിലും കളിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.’’ – ഒരു ചോദ്യത്തിനു മറുപടിയായി സഞ്ജു പറഞ്ഞത് ഇങ്ങനെ. എന്നാൽ, തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ദുലീപ് ട്രോഫിക്കുള്ള ടീമിൽനിന്ന് താരത്തെ തഴയുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റിൽ റെഡ് ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്ന ടൂർണമെന്റാണ് ദുലീപ് ട്രോഫി. ആഭ്യന്തര ക്രിക്കറ്റിന് വലിയ പ്രാധാന്യം നൽകുന്ന ബിസിസിഐ ഇത്തവണ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾക്ക് മാത്രമാണ് ദുലീപ് ട്രോഫിയിൽ കളിക്കുന്നതിൽനിന്ന് ഇളവു നൽകിയത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മറ്റു താരങ്ങളെല്ലാം നാലു ടീമുകളിലായി ഇടം പിടിച്ചപ്പോഴാണ്, സഞ്ജുവിനെ തഴഞ്ഞത്. ഇംഗ്ലണ്ടിൽ കൗണ്ടിയിൽ കളിക്കാൻ പോയ യുസ്‌വേന്ദ്ര ചെഹലിനെയും ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പതിവുകാരായ ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം വിവിധ ടീമുകളിലായി ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ലദേശിനെതിരായ രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കമായാണ് മുതിർന്ന താരങ്ങൾ ദുലീപ് ട്രോഫിയിൽ കളിക്കുന്നത്. കേരള ടീമിൽ കളിക്കുന്ന ഒരാൾപോലും ഇത്തവണ ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളിലും ഇടം പിടിച്ചിട്ടില്ല. അതേസമയം, തമിഴ്നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയർ ടീമിലുണ്ട്. ആന്ധ്രപ്രദേശിലെ അനന്ത്പുരിലും ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുമായി സെപ്റ്റംബർ അഞ്ചിനാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്.

ദുലീപ് ട്രോഫിയിൽ കളിക്കുന്ന ടീമുകൾ:

ടീം എ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ.എൽ. രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊട്ടിയൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവേരപ്പ, കുമാർ കുശാഗ്ര, ഷസ്വത് റാവത്ത്

ടീം ബി: അഭിമന്യു ഈശ്വരൻ, യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ.സായ് കിഷോർ, മോഹിത് അവാസ്തി, എൻ.ജഗദീശൻ (വിക്കറ്റ് കീപ്പർ)

ടീം സി: ഋതുരാജ് ഗെയ്‌ക്‌‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാട്ടിദാർ, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ബാബ ഇന്ദ്രജിത്, ഹൃതിക് ഷൊക്കീൻ, മാനവ് സൂതർ, ഉമ്രാൻ മാലിക്ക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മയാങ്ക് മർക്കണ്ഡ, ആര്യൻ ജുയൽ (വിക്കറ്റ് കീപ്പർ), സന്ദീപ് വാരിയർ

ടീം ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അതർവ തായ്ഡെ, യഷ് ദുബെ, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിക്കി ഭുയി, സാരാൻഷ് ജെയിൻ, അക്ഷർ പട്ടേൽ, അർഷ്ദീപ്  സിങ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ

English Summary:

Fans React After Sanju Samson Not Included In Duleep Trophy Squads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com