ADVERTISEMENT

ചെന്നൈ∙ പാപാരിസ് ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ സ്വർണം നേടിയെങ്കിലും, ലിംഗനീതിയുടെ പേരിൽ വിവാദത്തിലകപ്പെട്ട അൾജീരിയൻ താരം ഇമാൻ ഖലീഫിനു പിന്തുണയുമായി നടി തപ്സി പന്നു. ജനിതകമായ പ്രത്യേകതകളുടെ പേരിൽ ഒരു താരത്തെ വിലക്കുന്നത് നീതിയല്ലെന്ന് തപ്സി അഭിപ്രായപ്പെട്ടു. ജനിതകമായ സവിശേഷതകളാൽ സഹതാരങ്ങളേക്കാൾ ശാരീരികമായ മേൽക്കോയ്മ ലഭിച്ചിരുന്ന സൂപ്പർതാരങ്ങളായ ഉസൈൻ ബോൾട്ട്, മൈക്കൽ ഫെൽപ്സ് എന്നിവരെ വിലക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് തപ്സി പന്നു ചോദിച്ചു.

‘‘ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഒരു കഥാപാത്രം ചെയ്തിരുന്നു. ടെസ്റ്റോസ്റ്റെറോണിന്റെ അളവു കൂടിയതിന്റെ പേരിൽ വിലക്കപ്പെട്ട ഒരു കായികതാരത്തെയാണ് ഞാൻ ‘രശ്മി റോക്കറ്റ്’ എന്ന സിനിമയിൽ അവതരിപ്പിച്ചത്. ചിലപ്പോഴെങ്കിലും എന്റെ നിലപാടുകൾ പറയാൻ സഹായിക്കുന്ന കഥാപാത്രങ്ങളെ കിട്ടാറുണ്ട്. പുറത്ത് പ്രസ്താവന നടത്താതെ തന്നെ നമ്മുടെ നിലപാടുകൾ ഇതിലൂടെ അറിയിക്കാം. ഈ കഥാപാത്രവും ഞാൻ അത്തരത്തിൽ ചെയ്തതാണ്.’ – തപ്സി പറഞ്ഞു.

‘‘ആ സിനിമയിൽ കായികതാരമായാണ് ഞാൻ അഭിനയിച്ചത്. എന്റെ ഹോർമോണുകൾ എന്റെ നിയന്ത്രണത്തിലുള്ളവയല്ല. നമ്മൾ മരുന്നടിക്കുന്നതുപോലെയല്ല ഇത്. ഹോർമോണുകൾ കുത്തിവയ്ക്കുന്നതുപോലെയുമല്ല. ഇങ്ങനെയാണ് നമ്മൾ ജനിച്ചത്. മറ്റുള്ളവരേക്കാൾ ജനിതകമായിത്തന്നെ ആധിപത്യം ലഭിക്കുന്ന കായികതാരങ്ങളുണ്ട് എന്നതാണ് ആ സിനിമയിലൂടെ ഞങ്ങൾ മുന്നോട്ടുവച്ച വാദം. ഉസൈൻ ബോൾട്ടിനെയും മൈക്കൽ ഫെൽപ്സിനെയും പോലുള്ള താരങ്ങളും അക്കൂട്ടത്തിലുണ്ട്. അവരെ എന്തുകൊണ്ടാണ് വിലക്കാത്തത്?’ – തപ്സി ചോദിച്ചു.

‘‘ജനിതകമായ പ്രത്യേകതകളുടെ പേരിൽ എങ്ങനെയാണ് ചിലരെ മാത്രം വിലക്കുന്നത്? ഒളിംപിക്സ് മത്സരങ്ങളിൽ ആധിപത്യം ലഭിക്കാനായി അവർ (ഇമാൻ ഖലീഫ്) പ്രത്യേക മരുന്നുകൾ കഴിച്ചിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്. നിരോധിക്കപ്പെടേണ്ടതുമാണ്. അല്ലാതെ അവരുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളുടെ പേരിൽ വിലക്കിയിട്ട് എന്തു കാര്യം? ഈ സിനിമയിൽ ഞാൻ ചെയ്തിരിക്കുന്ന വേഷവും അത്തരത്തിലൊന്നാണ്.’ – തപ്സി വിശദീകരിച്ചു.

പാരിസ് ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ 46 സെക്കൻഡ് പിന്നിട്ടപ്പോൾ  ഇറ്റാലിയൻ ബോക്സർ ആൻജല കരീനി പിൻവാങ്ങിയതോടെയാണ് ഇമാൻ ഖലീഫ് വിവാദനായികയായത്. ഇമാൻ ഖലീഫിൽ നിന്ന് മൂക്കിന് ഇടിയേറ്റതിനു പിന്നാലെയാണ് ആൻജല പിൻവാങ്ങിയത്.

കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇമാൻ ഖലീഫ് ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. പുരുഷൻമാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണ് ഇത്. എന്നാൽ, ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇമാൻ ഖലീഫിന് ഒളിംപിക്സിൽ മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു. ഇമാൻ ഖലീഫിനു പുറമേ സമാന ആരോപണം നേരിടുന്ന തയ്‌വാന്റെ ലിൻ യു ടിങ്ങിനും ഐഒസി മത്സരിക്കാൻ അനുമതി നൽകിയിരുന്നു.

English Summary:

Why Were Usain Bolt And Michael Phelps Not Banned?, Asks Taapsee Pannu On Olympics Gender Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com