പാരിസ് വീണ്ടും പാരഡൈസ്: പാരാലിംപിക്സിന് ഇന്നു തുടക്കം, ഇന്ത്യയ്ക്കായി 84 താരങ്ങൾ
Mail This Article
പാരിസ് ∙ ആഴ്ചകൾക്കു മുൻപ് ഒളിംപിക്സിന്റെ ആവേശപ്പോരാട്ടങ്ങൾക്കുവേദിയായ പാരിസിന്റെ ഉത്സവപ്പറമ്പിൽ ഇന്ന് പാരാലിംപിക്സിന് കൊടിയേറ്റം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17–ാം പതിപ്പിന് ഇന്ന് ഫ്രാൻസിലെ പാരിസിൽ തുടക്കമാകും. ഇനിയുള്ള 11 നാൾ ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി പൊരുതിത്തോൽപിച്ചവരുടെ കായികനേട്ടങ്ങൾക്ക് ലോകം കയ്യടിക്കും. ഇതാദ്യമായാണ് പാരിസ് പാരാലിംപിക്സിന് വേദിയാകുന്നത്.
182 രാജ്യങ്ങളിൽ നിന്നായി 44,00 കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 22 ഇനങ്ങളിലായി 549 മെഡൽ മത്സരങ്ങളാണുള്ളത്. അംഗപരിമിതിയുടെ തോതനുസരിച്ചാണു പാരാലിംപിക്സിൽ വിവിധ മത്സരവിഭാഗങ്ങൾ തീരുമാനിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യൻ പതാകയേന്തും. 2021 ടോക്കിയോ പാരാലിംപിക്സിൽ ജാവലിൻത്രോയിൽ സ്വർണ മെഡൽ ജേതാവായിരുന്നു സുമിത്. മത്സരങ്ങൾ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം കാണാം.
മെഡൽക്കൊയ്ത്തിന് ടീം ഇന്ത്യ
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി പാരിസ് പാരാലിംപിക്സിൽ മത്സരിക്കുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം എക്കാലത്തെയും മികച്ച മെഡൽനേട്ടം. ഇന്ത്യയുടെ 84 അത്ലീറ്റുകളിൽ മലയാളിയായ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവുമുണ്ട്. 2021 ടോക്കിയോ പാരാലിംപിക്സിൽ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഉയർന്ന നേട്ടം. 54 താരങ്ങളുമായി ടോക്കിയോയിൽ മത്സരിച്ച ഇന്ത്യ മെഡൽപ്പട്ടികയിൽ 24–ാം സ്ഥാനത്തെത്തി കരുത്തുകാട്ടിയിരുന്നു. പാരിസിലെ 22 മത്സരയിനങ്ങളിൽ 12 ഇനങ്ങളിലാണ് ഇന്ത്യയ്ക്കു പ്രാതിനിധ്യം.