സംസ്ഥാന സ്കൂൾ കായികമേള: ഹോക്കി, ചെസ് മത്സരങ്ങളും ‘ആരുമറിയാതെ’ പൂർത്തിയായി
Mail This Article
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കമാകും മുൻപേ ആരെയുമറിയിക്കാതെ നടത്തിയത് ഷൂട്ടിങ് മത്സരം മാത്രമല്ല. സംസ്ഥാന സ്കൂൾ ഗെയിംസിലെ ഹോക്കി മത്സരങ്ങൾ 26ന് സമാപിച്ചപ്പോൾ 29നു കൊച്ചി സർവകലാശാലയിൽ ആരംഭിച്ച ചെസ് മത്സരങ്ങൾ ഇന്നലെയും പൂർത്തിയായി. ചെസ് മത്സരം സമാപിച്ചശേഷമാണ് ഈ വിവരം മാധ്യമങ്ങളെയറിയിച്ചത്. ഹോക്കി മത്സരങ്ങൾ നടത്തിത്തീർത്ത വിവരം ഇന്നലെയും ഔദ്യോഗിമായി സംഘാടകർ അറിയിച്ചിട്ടില്ല.
കൊല്ലം ആശ്രാമം ഹോക്കി ടർഫിലും തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലുമായി 20 മുതൽ 26 വരെയായിരുന്നു ഹോക്കി മത്സരങ്ങൾ. സ്കൂൾ ഗെയിംസിന്റെ ഔദ്യോഗിക മത്സരക്രമപ്രകാരം നവംബർ 9,10 തീയതികളിൽ കുസാറ്റിൽ നടക്കേണ്ട ചെസ് മത്സരങ്ങളാണ് 29നും ഇന്നലെയുമായി പൂർത്തിയായതായി അറിയിച്ചത്. കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ടർഫിൽ ഹോക്കി മത്സരങ്ങൾ നടത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.
എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്നു അറിയിപ്പു വന്നതോടെയാണു വേദി കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും മാറ്റിയത്. നവംബർ 5,6 തീയതികളിൽ കോതമംഗലം എംഎ കോളജിൽ നടക്കാനിരുന്ന ഷൂട്ടിങ് മത്സരങ്ങൾ 26,27 തീയതികളിലായി കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ പൂർത്തിയാക്കിയ വിവരം ‘മനോരമ’ നേരത്തെ പുറത്തുവിട്ടിരുന്നു.
∙ ഹോക്കിയിൽ കരുത്തുകാട്ടി കൊല്ലം, തിരുവനന്തപുരം
കൊല്ലത്തിന്റെയും തിരുവനന്തപുരത്തിന്റെയും ആധിപത്യം കണ്ട മത്സരങ്ങളാണു ഹോക്കിയിൽ പൂർത്തിയായത്. സീനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജേതാക്കളായപ്പോൾ സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ കൊല്ലം കിരീടം നേടി. സബ് ജൂനിയർ ബോയ്സിൽ കണ്ണൂരിനാണു കിരീടം.
ചെസ് ഒന്നാം സ്ഥാനക്കാർ: സീനിയർ ഗേൾസ്– ആർ.റിതിക (ഗവ.വിഎച്ച്എസ്എസ് ആര്യാട്, ആലപ്പുഴ), ബോയ്സ്–എസ്.ആദിത്യ (സെന്റ് ആന്റണീസ് എച്ച്എസ്എസ്, മാള, തൃശൂർ), ജൂനിയർ ഗേൾസ്–എസ്.ഡി.പൗർണമി (ഗേൾസ് എച്ച്എസ്, തേവലക്കര, കൊല്ലം), ബോയ്സ്–ഇ.യു.അഹസ് (സെന്റ് ആന്റണീസ് എച്ച്എസ്എസ്, അമ്മാടം, തൃശൂർ), സബ് ജൂനിയർ ഗേൾസ്–അൻവിത ആർ.പ്രവീൺ (നാഷനൽ എച്ച്എസ്എസ് വട്ടോളി, കോഴിക്കോട്), ബോയ്സ്–സാവന്ത് കൃഷ്ണൻ (ഗവ.എച്ച്എസ്എസ്, രാമന്തളി, കണ്ണൂർ).
∙ മത്സരക്രമം മാറ്റിയതിന് കാരണം ദേശീയ
ചാംപ്യൻഷിപ്പുകൾ: മന്ത്രി
സ്കൂൾ കായിക മേളയിലെ ഷൂട്ടിങ്, ചെസ് മത്സരങ്ങൾ നിശ്ചയിച്ച സമയക്രമത്തിനും മുൻപു നടത്തിയതു വിജയികൾക്കു ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാണെന്നു മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം. കായികമേളയുടെ ഔദ്യോഗിക തുടക്കം നവംബർ 4നു തന്നെയെന്നും മന്ത്രി വ്യക്തമാക്കി.
മികവു തെളിയിക്കുന്ന വിദ്യാർഥികൾക്കു ഒരു കാരണവശാലും ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകരുതെന്ന ലക്ഷ്യമാണു മത്സരങ്ങൾ നേരത്തെയാക്കിയതിനു പിന്നിലുള്ളത്. ജി.വി.മാവ്‌ലങ്കർ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് നവംബർ 3 മുതൽ 9 വരെയും ദേശീയ സബ് ജൂനിയർ ഓപ്പൺ, സബ് ജൂനിയർ ഗേൾസ് ചെസ് ചാംപ്യൻഷിപ്പുകൾ 3 മുതൽ 11വരെയും നടക്കുന്നതിനാലാണു മത്സരങ്ങൾ മാറ്റിയത്– മന്ത്രി വിശദീകരിച്ചു.
∙ മത്സരഫലങ്ങൾ വെബ്സൈറ്റിൽ
സംസ്ഥാന സ്കൂൾ കായികമേളയുടെ മത്സരഫലങ്ങൾ https://sports.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നു സംഘാടകർ അറിയിച്ചു.