ADVERTISEMENT

കൊച്ചി ∙ കായിക കേരളത്തിന്റെ കൗമാര കുതിപ്പുകൾക്കായി മെട്രോ നഗരം ഒരുങ്ങി. സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നാളെ തുടക്കം. നാളെ വൈകിട്ട് നാലിനാണ് ഉദ്ഘാടനം. മറ്റന്നാൾ മുതൽ മത്സരങ്ങൾ തുടങ്ങും. ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക്സ് ഉൾപ്പെടെ 20 ഇനങ്ങളിൽ ചൊവ്വാഴ്ച മുതൽ മത്സരങ്ങൾ നടക്കും. പൊതു വിഭാഗത്തിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ ഏഴിന് ആരംഭിക്കും.

കായികമേളയിലെ ഓവറോൾ ചാംപ്യൻമാരെ കാത്തിരിക്കുന്നതു മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫിയാണ്. അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ചേർത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഓവറോൾ ചാംപ്യൻഷിപ്. കായികമേളയിൽ ആദ്യമായാണു മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി ഏർപ്പെടുത്തുന്നത്. 17 വേദികളിലായാണ് ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന കായികമേള നടക്കുക. പ്രവാസി വിദ്യാർഥികൾ ഉൾപ്പെടെ 24,000 കായിക താരങ്ങളുടെ പങ്കാളിത്തമുണ്ടാകും.   

ഇൻക്ലൂസീവ് സ്പോർട്സ്

ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ 1562 കുട്ടികളും കായികമേളയുടെ ഭാഗമാകും. ചരിത്രത്തിൽ ആദ്യമായാണു ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി സംസ്ഥാന കായികമേളയുടെ ഭാഗമാക്കുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൻ എന്നീ ഇനങ്ങളിലാണു ഭിന്നശേഷിക്കാരുടെ മത്സരങ്ങൾ.

ഗൾഫിൽ നിന്ന് 50 കുട്ടികൾ

യുഎഇയിലെ 6 സ്കൂളുകളിൽ നിന്നായി 50 വിദ്യാർഥികളും കായികമേളയിൽ മത്സരിക്കാനെത്തും. സംസ്ഥാനത്തെ 14 ജില്ലകൾക്കു പുറമേ 15–ാമത്തെ ടീമായാണ് പ്രവാസി വിദ്യാർഥികൾ മത്സരിക്കുക. ഗൾഫിൽ നിന്നുള്ള ആദ്യ സംഘം നാളെ രാവിലെ 5ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങും. സീനിയർ വിഭാഗം അത്‌ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ എന്നീ ഇനങ്ങളിലാണു പ്രവാസി വിദ്യാർഥികൾ മത്സരിക്കുന്നത്. വിജയിച്ചാൽ ദേശീയ മത്സരങ്ങളിലും ഇവർ കേരളത്തെ പ്രതിനിധീകരിക്കും.

English Summary:

State School Sports Festival Inauguration Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com