ADVERTISEMENT

മെൽബൺ ∙ ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം സൂപ്പർ ഓവറായിരുന്നെങ്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്നലെ കണ്ടത് സൂപ്പർ ടൈബ്രേക്ക്. മൂന്നാം സീഡ് കസഖ്സ്ഥാന്റെ എലേന റിബകീനയെ മുൻ ഡബിൾസ് പങ്കാളി കൂടിയായ റഷ്യൻ താരം അന്ന ബ്ലിങ്കോവ തോൽപിച്ചത് മൂന്നു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ. 42 പോയിന്റ് നീണ്ട ടൈബ്രേക്കറിലാണ് മത്സരം തീരുമാനമായത്. സ്കോർ: 6–4,4–6,7–6 (22–20). ഗ്രാൻസ്‌ലാം വനിതാ സിംഗിൾസ് മത്സരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ടൈബ്രേക്കർ ആയി ഇത് റെക്കോർഡ് പുസ്തകത്തിലും ഇടം പിടിച്ചു. 

3–ാം സീഡ് റിബകീനയ്ക്കെതിരെ ആദ്യ സെറ്റ് 6–4നു നേടിയ അൺ സീഡഡ് താരം ബ്ലിങ്കോവ രണ്ടാം സെറ്റ് അതേ സ്കോറിനു കൈവിട്ടു. മൂന്നാം സെറ്റിൽ  കണ്ടത് കൊണ്ടും കൊടുത്തുമുള്ള ഉശിരൻ പോരാട്ടം. അര മണിക്കൂറോളം നീണ്ട ടൈബ്രേക്കറിൽ 2 പോയിന്റ് ലീഡ് നേടാനാവാതെ ഇരുവരും മുന്നേറിയപ്പോൾ ചെയർ അംപയർക്കു പോലും ഒരുവേള ആവേശം അടക്കാനായില്ല. ഒടുവിൽ 21–20ൽ റിബകീനയുടെ ഒരു ഷോട്ട് സൈഡ്‌ ലൈനിന് അപ്പുറം പതിച്ചതോടെ തന്റെ 10–ാം മാച്ച് പോയിന്റിൽ ബ്ലിങ്കോവയ്ക്ക് ജയം.

പുരുഷ സിംഗിൾസിൽ 8–ാം സീഡ് ഡെൻമാർക്കിന്റെ ഹോൾഗർ റൂണെ, വനിതാ സിംഗിൾസിൽ 5–ാം സീഡ് യുഎസിന്റെ ജെസിക്ക പെഗുല എന്നിവരും ഇന്നലെ രണ്ടാം റൗണ്ടിൽ പുറത്തായി. പുരുഷൻമാരിൽ കാർലോസ് അൽകാരസ്, അലക്സാണ്ടർ സ്വരേവ്, കാസ്പർ റൂഡ്, ഗ്രിഗർ ദിമിത്രോവ് എന്നിവരും വനിതകളിൽ  ഇഗ സ്യാംതെക്, സ്ലൊയേൻ സ്റ്റീഫൻസ്, യെലേന ഒസ്റ്റാപെങ്കോ എന്നിവരും മൂന്നാം റൗണ്ടിലെത്തി. 

സുമിത് രണ്ടാം റൗണ്ടിൽ പുറത്ത് 

മെൽബൺ ∙ പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ 31–ാം സീഡ് അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് മികവുകാട്ടിയ ഇന്ത്യൻ താരം സുമിത് നാഗലിന് രണ്ടാം റൗണ്ടിൽ വിജയം തുടരാനായില്ല.ചൈനയുടെ ഷാൻ ജുൻചെങ്ങിനെതിരെ സുമിത് ആദ്യ സെറ്റ് നേടിയെങ്കിലും പിന്നീടുള്ള 3 സെറ്റുകളും കൈവിട്ടു (6–2,3–6,5–7,4–6). പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദനും അടങ്ങുന്ന സഖ്യം രണ്ടാം റൗണ്ടിലെത്തി. 

English Summary:

Super tiebreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com