സിന്നർ സ്റ്റൈൽ! യുഎസ് ഓപ്പൺ നാലാം റൗണ്ടില്‍ കടന്നു
Mail This Article
ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നർ വിജയക്കുതിപ്പു തുടരുന്നു. ഓസ്ട്രേലിയയുടെ ക്രിസ്റ്റഫർ ഒകോനലിനെ 6-1, 6-4, 6-2 എന്ന സ്കോറിനു മറികടന്ന ഇരുപത്തിമൂന്നുകാരൻ സിന്നർ നാലാം റൗണ്ടിൽ കടന്നു. യുഎസ്എയുടെ ടോമി പോളാണ് ഇന്നു നടക്കുന്ന മത്സരത്തിൽ സിന്നറുടെ എതിരാളി. മുൻ ചാംപ്യൻമാരായ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും രണ്ടാം റൗണ്ടിൽ പുറത്തായതോടെ, നിലവിൽ ഏറ്റവുമധികം കിരീട സാധ്യത കൽപിക്കുന്ന താരമാണ് നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സിന്നർ.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ പോളണ്ടിന്റെ ഇഗ സ്യാംതെക്കും നാലാം റൗണ്ട് ഉറപ്പിച്ചു. റഷ്യയുടെ അനസ്തസിയ പവ്‌ല്യുചെൻകോവയെ അനായാസം മറികടന്നാണ് ( 6-3, 6-3) മുൻ ചാംപ്യനായ ഇഗ അടുത്ത റൗണ്ടിൽ കടന്നത്. യുഎസിന്റെ ജെസിക്ക പെഗുല, ചെക്ക് താരം കരോലിന മുച്ചോവ എന്നിവരും വനിതാ സിംഗിൾസ് നാലാം റൗണ്ടിൽ കടന്നിട്ടുണ്ട്.
ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ– ഇന്തൊനീഷ്യയുടെ അൽഡില സുജിയാഡി സഖ്യം മിക്സഡ് ഡബിൾസിന്റെ ക്വാർട്ടർ ഫൈനലിൽ. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ചെക്ക് റിപ്പബ്ലിക്കിന്റെ കാതറിന സിനിക്കോവ സഖ്യത്തിനെതിരെയാണ് ജയം. സ്കോർ: 0-6, 7-6, 10-7. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ– എബ്ദൻ സഖ്യം മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.