ദേവമാതാ കോളജിൽ യോഗാ ദിനാഘോഷവും അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചു
Mail This Article
കുറവിലങ്ങാട്: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന് വേദിയായി കുറവിലങ്ങാട് ദേവമാതാ കോളജ്. 'മാനവികതയ്ക്കായ് യോഗ: ഐക്യത്തിനും ആരോഗ്യത്തിനും' എന്ന ബാനറിൽ അന്താരാഷ്ട്ര സെമിനാറും നടന്നു. കോളജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയാശയത്തെ ലോകം അതിശയത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്ന് തന്റെ വിദേശയാത്രാനുഭവം പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.റെജി സക്കറിയ, ഡോ.എ.ജോസ്, കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, എം.ജി.യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ്, ലൈഫ് ലോങ്ങ് ലേണിംഗ് ഡയറക്ടർ ഡോ. ബിസ്മി ഗോപാലകൃഷണൻ,എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആന്റ് നാച്ചുറോപ്പതി ഡയറക്ടർ ഡോ.സി.ആർ ഹരി ലക്ഷ്മീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ യോഗ ചാമ്പ്യന്മാരായ ദേവമാതാ ടീമും എൻ.സി.സി വിദ്യാർഥികളും ഒരുമിച്ച യോഗ സെഷൻ, അതിമനോഹരമായിരുന്നു. ലൈഫ് സ്റ്റൈൽ ഫിസീഷ്യൻ ഡോ.മനോജ് ജോൺസൻ,യോഗാധ്യാപകൻ ഡോ.പദ്മനാഭൻ ടി.വി. എന്നിവർ സെഷനുകൾ നയിച്ചു. അർജന്റീന, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ദേവമാതാ കോളജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം പരിപാടികൾക്ക് നേതൃത്വം നൽകി.