ADVERTISEMENT

കാരയ്ക്കുടിയുടെ സ്വന്തം കണ്ടങ്കി സാരിക്ക് ഇനി ഫാഷൻ ലോകത്ത് പുതിയ മേൽവിലാസം. അടുത്തിടെയാണ് തമിഴ്നാടിന്റെ പൈതൃകനൂലിഴയിൽ നെയ്തെടുക്കുന്ന ഈ സാരിക്ക്  ഭൗമസൂചിക പദവി ചാർത്തിക്കിട്ടിയത്. സാരിലോകത്തെ രാജ്ഞിയെന്ന തലയെടുപ്പാർന്ന കാഞ്ചീപുരം പട്ടിന് നേരത്തെ തന്നെ ഈ പദവി ലഭിച്ചിരുന്നെങ്കിലും കാരക്കുടിയിലെ നെയ്ത്തുഗ്രാമങ്ങളെ തേടി ഈ അഭിമാനപദവിയെത്താൻ അൽപം വൈകിപ്പോയെന്നു മാത്രം. ഇതോടെ കണ്ടങ്കി സാരി നെയ്യാനുള്ള അവകാശം അമരർ രാജീവ് ഗാന്ധി ഹാൻഡ്‌ലൂം വീവേഴ്സ് കോ– ഓപ്പറേറ്റീവ് പ്രൊഡക്‌ഷൻ ആൻഡ് സെയിൽസ് സൊസൈറ്റിക്കും മാത്രമായി. 

കണ്ടങ്കി കഥ പറയുന്നു 

250 വർഷത്തിലേറെ വർഷങ്ങളുടെ കഥയുണ്ട് കണ്ടങ്കിസാരിക്ക്. തമിഴ്നാട്ടിലെ കച്ചവട സമൂഹമായ ചെട്ടിയാർ സമുദായവുമായി നൂലിഴചേർന്നു നിൽക്കുന്ന ചരിത്രമാണ് കണ്ടങ്കി സാരിക്കുള്ളത്. ആദ്യകാലം തൊട്ടേ ചെട്ടിയാർ കുടുംബങ്ങളിലെ വിവാഹം പോലെയുളള ശുഭമുഹൂർത്തങ്ങളിൽ പെൺകുട്ടികൾ കണ്ടങ്കി സാരിയാണ് തിരഞ്ഞെടുത്തിരുന്നത്.  കണ്ടങ്കിയുടുത്തൊരുങ്ങിയാൽ പെൺകൊടിക്ക് കൂടുതൽ അഴകും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.  നീണ്ട വർഷങ്ങളുടെ പരിശീലനം ലഭിച്ച നെയ്ത്തുകാരെക്കൊണ്ട് പെൺകുട്ടിക്കു ചേരുന്ന നിറങ്ങളിൽ പ്രത്യേകം പറഞ്ഞു നെയ്തെടുക്കുകയായിരുന്നത്രേ.  നാട്ടുക്കോട്ട, ദേവംഗ വിഭാഗത്തിൽ പെടുന്ന അതിസമ്പന്ന ചെട്ടിയാർ വീടുകളിലേക്കാണ് ആദ്യകാലത്ത് ഇവ നെയ്തു നൽകിയിരുന്നത്. ആഘോഷ അവസരങ്ങളിൽ കുടുംബങ്ങളിലെ സ്ത്രീകൾ പരസ്പരം സ്നേഹസമ്മാനമായും ഈ സാരി നൽകാറുണ്ടായിരുന്നു പണ്ട്. 

സൂപ്പർ ചെട്ടിനാട് സ്റ്റൈൽ

കണ്ടങ്കി സാരിയിൽ തന്നെ രണ്ടു തരത്തിൽ പെട്ട സാരികൾ ഉണ്ട്. ചെട്ടിനാട് ശൈലിയിൽ നെയ്തെടുക്കുന്ന പരമ്പരാഗത കണ്ടങ്കി സാരിയാണ് ആദ്യത്തേത്. രണ്ടാമത്തേത് കണ്ടങ്കി സാരിയുടെ കുറച്ചുകൂടി പരിഷ്കൃത രൂപമാണ്. കൂരയ് സാരി എന്നാണ് ഇവ അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ കൂരയ്നാട് മേഖലയിലാണ് ഈ സാരി നെയ്യുന്നത്. പരമ്പരാഗത കണ്ടങ്കി സാരി വളരെ നേർത്ത പട്ടുനൂലിൽ മാത്രം നെയ്തെടുക്കുന്നതാണ് എന്നാൽ കൂരയ്നാട് സാരി പട്ടിനൊപ്പം കോട്ടൺ കൂടി ചേർത്താണ് നെയ്യുന്നത്. സാധാരണ 48 ഇഞ്ച് വീതിയിലും അ‍ഞ്ചരമീറ്റർ നീളത്തിലുമാണ് കണ്ടങ്കി സാരി നെയ്യുന്നത്. 

kandangi-saree

സ്റ്റൈൽ സ്റ്റേറ്റ്മെന്റ് സാരി

പല നിറങ്ങളിൽ കളംകളമായുള്ള ചെക്ക് പാറ്റേൺ ഡിസൈനാണ് കണ്ടങ്കി സാരിയുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ടുവശത്തും മുന്താണിയിലും വരുന്ന ഹെവി ബ്രൊക്കേഡ് ടൈപ്പ് ബോർഡർ സാരിക്ക് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് നൽകുന്നു. പരമ്പരാഗത കണ്ടങ്കി സാരികൾ പ്രധാനമായും ഡാർക്ക് മറൂൺ, മസ്റ്റാർഡ്, ബ്ലാക്ക് നിറങ്ങളിലാണ്  വരുന്നത്. പിന്നീട് വലിയ തോതിൽ സാരി നെയ്ത്തു തുടങ്ങിയതോടെ എല്ലാ നിറങ്ങളിലും സാരി ലഭ്യമാണെങ്കിലും ഈ മൂന്നുനിറങ്ങൾക്കാണ് ഇന്നും ഏറ്റവും കൂടുതൽ ഡിമാൻഡ്. എംബെലിഷ്ഡ് ആയ ബോർഡറിനു കസവിന്റെ തിളക്കവും കൂടിയാകുമ്പോൾ സാരിക്ക് ഗ്രാൻഡ് ലുക്ക് ലഭിക്കുന്നു. സിംപിൾ ലുക്ക് വേണ്ടവർ ബോർഡറിലെ കസവു വർക്ക് കുറഞ്ഞ സാരികൾ ലഭ്യമാണ്. പക്ഷേ ചെക്ക് പാറ്റേണിന് മാറ്റമുണ്ടാകില്ല. വിവാഹം പോലുള്ള അവസരങ്ങൾക്ക് റിച്ച് ലുക്ക് ഉള്ള കണ്ടങ്കി സാരികൾ തിരഞ്ഞെടുക്കാനാണ് പെൺകുട്ടികൾക്ക് ഇഷ്ടം. സാരിക്കൊപ്പം പരമ്പരാഗത ചെട്ടിനാട് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ കൂടിയാകുമ്പോൾ നവവധുവിനെ ആരുമൊന്നു നോക്കിപ്പോകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com