സോറിയാസിസ് മറച്ചു വയ്ക്കാതെ മെറ്റ് ഗാല വേദിയിൽ; കാര ഡെലിവീങ്ങിന് അഭിനന്ദനം
Mail This Article
സോറിയാസിസ് പാടുകൾ മറച്ചു വയ്ക്കാതെ മെറ്റ് ഗാല 2022 ന്റെ വേദിയിലെത്തി നടിയും മോഡലുമായ കാര ഡെലിവീങ്. തന്റെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്ന കാരയുടെ ധീരമായ ഈ പ്രവൃത്തി ചർച്ചയാവുകയും നിരവധി അഭിനന്ദനങ്ങൾ നേടുകയും ചെയ്തു.
റെഡ് ക്രോപ്പഡ് ജാക്കറ്റും പാന്റുമായിരുന്നു കാരയുടെ വേഷം. റെഡ് കാർപറ്റിലേക്ക് എത്തിയതോടെ താരം ജാക്കറ്റ് ഊരി. ശരീരത്തിൽ മെറ്റാലിക് ഗോൾഡ് പെയിന്റ് അടിച്ചിരുന്നു. എന്നാൽ കൈകളിൽ സോറിയാസിസിന്റെ പാടുള്ള ഭാഗങ്ങളിൽ മാത്രം പെയിന്റ് ഒഴിവാക്കി.
സോറിയാസിസ് കാരണം പുറത്തേക്ക് പോകാൻ മടിച്ചിരുന്നു. എന്നാൽ കാരയുടെ ഈ പ്രവൃത്തി ധൈര്യവും ആത്മവിശ്വാസവും നൽകി എന്ന് പലരും സമൂഹമാധ്യമത്തിൽ ചിലർ കുറിച്ചു.
എന്താണ് സോറിയാസിസ്?
ചർമകോശങ്ങളുടെ അമിത ഉത്പാദനത്താൽ ഉണ്ടാകുന്ന ഒരു ചർമരോഗം. കുഷ്ഠരോഗത്തിനു സമാനമായാണ് പലരും സോറിയാസിസിനെയും കരുതുന്നത്. എന്നാൽ ഇതൊരിക്കലും കുഷ്ഠരോഗത്തിനു സമാനമല്ല. കുഷ്ഠരോഗികളുമായി വർഷങ്ങളോളം അടുത്തിടപഴകുന്നവർക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാൽ സോറിയാസിസ് ജീവിത്തതിൽ ഒരിക്കലും പകരില്ല.
രോഗലക്ഷണങ്ങൾ, ചികിത്സ
കൈകൾ, കാലുകൾ, തല, നഖം തുടങ്ങിയിടങ്ങളിൽ ചെതുമ്പലു പോലെ വട്ടത്തിൽ ചുവന്നു തടിച്ച പാടുകളാണ് പ്രധാന ലക്ഷണമായി കാണുന്നത്. തലയിൽ വരുന്ന പാട് പലപ്പോഴും താരനായി തെറ്റിദ്ധരിക്കാറുണ്ട്. കയ്യിലെ പാട് എക്സീമയാണെന്നു കരുതി ചികിൽസ തേടുന്നവരും കുറവല്ല. രോഗത്തെക്കുറിച്ചുള്ള കൃത്യമായി അറിവ് ഇല്ലാത്തതിനാൽ രോഗം എന്താണെന്ന് അറിയാതെ വരികയും കൃത്യമായ ചികിത്സ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ട്.
പാരമ്പര്യമായി വരുന്ന ഒരു രോഗമായതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആൽക്കഹോളിന്റെ ഉപയോഗം, പുകവലി, ചില മരുന്നുകൾ എന്നിവ രോഗം കൂട്ടിയെന്നു വരാം. രോഗം കൂടിയാൽ ദേഹം മുഴുവൻ പാടുകൾ വരാം.
വൈദ്യശാസ്ത്രത്തിൽ ഇതുവരെ സോറിയാസിസിനു പൂർണ മുക്തി ഇല്ല. എന്നാൽ രക്തസമ്മർദം, പ്രമേഹം എന്നിവയെപ്പോലെ ഈ രോഗത്തെയും നിയന്ത്രിച്ചു നിർത്താം.
സോറിയാസിസ് രോഗികളെ ഒരിക്കലും ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി ചേർത്തു പിടിക്കുകയാണു വേണ്ടത്. മാനസിക സംഘർഷവും സ്ട്രസ്സുമൊക്കെ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.