ആരാധകരെ ആവേശത്തിലാക്കുന്ന സ്റ്റൈലിഷ് മോഹൻലാൽ; പിന്നിൽ ജിഷാദ് ഷംസുദ്ദീൻ
Mail This Article
‘ലാലേട്ടൻ കൂടുതൽ സ്റ്റൈലിഷ് ആകുന്നുണ്ടോ?’ കുറച്ചു നാളായി പ്രേക്ഷകർ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ട്രെൻഡി വസ്ത്രങ്ങളും മികച്ച കോസ്റ്റ്യൂം കോംബിനേഷനുകളുമായി പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും റിയാലിറ്റി ഷോയിലുമൊക്കെ മോഹൻലാൽ നിറഞ്ഞു നിൽക്കുമ്പോൾ ഇങ്ങനെയൊരു ചോദ്യം ഉയരുന്നത് സ്വാഭാവികം. ഈ ചോദ്യത്തിനുള്ള ഉത്തരം ജിഷാദ് ഷംസുദ്ദീൻ എന്നാണ്. സൂപ്പർതാരത്തിന് വസ്ത്രങ്ങളുടെ പുതുമ സമ്മാനിക്കുന്ന ഡിസൈനർ സ്റ്റൈലിസ്റ്റ്.
ഫാൻ പേജുകൾ മോഹൻലാലിന്റെ പല ലുക്കുകളും ആഘോഷമാക്കി. ജിഷാദിനെ തേടി നിരവധി അഭിനന്ദനങ്ങൾ എത്തുകയും ചെയ്തു. ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ എന്നാണ് ജിഷാദ് ഇതിനെ വിശേഷിപ്പിക്കുക. സൂപ്പർസ്റ്റാറിന് ഒപ്പമുള്ള അനുഭവങ്ങൾ ജിഷാദ് ഷംസുദ്ദീൻ മനോരമ ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു.
∙ ശ്രീകുമാർ മേനോനിലൂടെ മോഹൻലാലിലേക്ക്
ലാൽ സാറിനു വേണ്ടി ഡിസൈൻ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടു. മൈ ജി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനു വേണ്ടി ആദ്യമായി വസ്ത്രം ഒരുക്കിയത്. ശ്രീകുമാർ മേനോൻ സാർ ആയിരുന്നു സംവിധായകൻ. അതിനുശേഷം, ശ്രീകുമാർ സാർ പറഞ്ഞ് അറിഞ്ഞതാണോ അതോ ലാൽ സാർ അദ്ദേഹത്തോട് ചോദിച്ചതാണോ എന്നറിയില്ല, ലാൽ സാർ എന്നെ വിളിച്ചു.
ലാൽ സാറിന്റെ പഴ്സനൽ കോസ്റ്റ്യൂമർ മുരളി ചേട്ടന്റെ നമ്പറിൽ നിന്നാണ് കോൾ വന്നത്. അദ്ദേഹം ലാൽ സാറിനു ഫോൺ കൈമാറി. ‘മോനേ സ്റ്റൈലിങ്ങും ഡിസൈനിങ്ങും ഒക്കെ ആയിട്ട് നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്’ എന്നായിരുന്നു ലാൽ സാർ എന്നോടു അന്നു പറഞ്ഞത്.
∙ ആദ്യത്തെ പഴ്സനൽ സ്റ്റൈലിങ്
ഫോൺ വന്നതിന്റെ തൊട്ടടുത്ത ദിവസം ഖത്തറിൽ സാറിന് ഒരു അവാർഡ് ഫങ്ഷൻ ഉണ്ടായിരുന്നു. അതിനുവേണ്ടി ഡ്രസ് ഒരുക്കാൻ എന്നോട് പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹത്തിന്റെ വാർഡ്രോബിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചത്. ബ്ലാക് സ്യൂട്ടും ഫ്ലോറൽ പ്രിന്റുകളുള്ള ഷർട്ടുമാണ് അന്നു പെയർ ചെയ്തത്. സാധാരണ സോളിഡ് നിറങ്ങളാണ് അദ്ദേഹം ധരിക്കാറുള്ളത്. അതിൽനിന്നു വ്യത്യസ്തമായി നടത്തിയ ആ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടു.
∙ പിന്നീട് പരസ്യങ്ങൾ
വർക് ഇഷ്ടപ്പെട്ടതോടെ എന്നെ അദ്ദേഹത്തിന്റെ മറ്റു പരസ്യങ്ങളിലേക്കും നിർദേശിച്ചു തുടങ്ങി. അങ്ങനെ വിവിധ ബ്രാൻഡുകൾക്കു വേണ്ടി അദ്ദേഹത്തെ സ്റ്റൈൽ ചെയ്തു. കൂടുതലും ന്യൂജെൻ സ്റ്റൈലിലുള്ള പരസ്യങ്ങളായിരുന്നു എന്നത് എനിക്ക് കൂടുതൽ കംഫർട്ട് നൽകി. ലാൽ സാറിനെ പുതുമയുള്ള ലുക്കിൽ അവതരിപ്പിക്കാനായി. അദ്ദേഹം അവതാരകനായ റിയാലിറ്റി ഷോയുടെ രണ്ടാമത്തെ സീസൺ മുതല്‍ ഞാനാണ് കോസ്റ്റ്യൂം ചെയ്തത്. കൂടുതൽ പരീക്ഷണങ്ങള്‍ക്ക് ഇതു സഹായിച്ചു. ഷോയ്ക്കു വേണ്ടി ചെയ്ത പല ലുക്കുകളും ആരാധകർക്കും ഫാഷൻ പ്രേമികൾക്കും ഇഷ്ടപ്പെട്ടു.
∙ കംഫർട്ടിന് പ്രധാന്യം
കംഫർട്ടിനാണ് സാർ കൂടുതല്‍ പ്രാധാന്യം നൽകുന്നത്. വളരെ ഫ്രീ ആയി ഇരിക്കാൻ പറ്റുന്ന, മിനിമൽ ഫീലുള്ള കോസ്റ്റ്യൂംസ്. ബ്രാൻഡിന്റെ പേരിൽ ഒരിക്കലും നിർബന്ധം പിടിക്കാറില്ല. അതു നമ്മുടെ വർക് എളുപ്പമാക്കുന്നുണ്ട്. പഴ്സനൽ ഉപയോഗത്തിനായി അദ്ദേഹത്തിന്റെ കയ്യിൽ എല്ലാ പ്രീമിയം ബ്രാൻഡുകളുടെയും വസ്ത്രങ്ങളുണ്ട്. പക്ഷേ വർക്കിന്റെ ഭാഗമാകുമ്പോൾ കാര്യം നടക്കുക എന്നതിനാണ് പ്രാധാന്യം. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഗുണങ്ങളിൽ ഒന്നാണത്. ഇളം നീല, ഓഫ് വൈറ്റ് എന്നിങ്ങനെ ലൈറ്റ് കളേഴ്സിനോടാണ് പ്രിയം. അതുകൊണ്ട് ഡാർക്ക് ഷേയ്ഡുകൾ പരമാവധി കുറച്ച് ബ്രൈറ്റ് കളേഴ്സിൽ കോസ്റ്റ്യൂം ഒരുക്കാനാണ് ശ്രമിക്കാറുള്ളത്. അതുതന്നെയാണ് അദ്ദേഹത്തിന് കൂടുതൽ ഭംഗിയും.
∙ പ്രിയപ്പെട്ട ലുക്ക്
ലാൽ സാറിനു വേണ്ടി ചെയ്തിട്ടുള്ള എല്ലാ വർക്കും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ബറോസിന്റെ ഒരു മേക്കിങ് സ്റ്റില്‍ പുറത്തു വന്നിരുന്നു. ലാൽ സാറും സന്തോഷ് ശിവൻ സാറും ഒന്നിച്ചിരിക്കുന്ന ആ ചിത്രത്തിലെ കോസ്റ്റ്യൂമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആ വർക് ഞാനൊരു ഭാഗ്യമായാണ് കരുതുന്നത്. കാരണം ലാൽ സാർ സംവിധായകനായി തുടക്കമിടുമ്പോൾ ഇങ്ങനെയെങ്കിലും ഭാഗമാകാന്‍ എനിക്ക് സാധിച്ചല്ലോ. അതെനിക്ക് വളരെയധികം സന്തോഷം നൽകുന്നു. സിനിമയിൽ അദ്ദേഹത്തിന് കോസ്റ്റ്യൂംസ് ഒരുക്കുന്നത് മുരളി ചേട്ടനാണ്. ആറാട്ട് എന്ന സിനിമയിൽ മുരളി ചേട്ടനൊപ്പം ഞാനും കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഭാവിയിൽ കൂടുതൽ സിനിമകളുടെ ഭാഗമാകാനാവും എന്നു പ്രതീക്ഷിക്കുന്നു.
∙ മനോരമ കലണ്ടര്‍ ഷൂട്ട്
മനോരമ കലണ്ടർ ആപ്പിനു വേണ്ടിയുള്ള ഫാഷൻ ഫോട്ടോഷൂട്ടിലെ ചിത്രമാണ് ജന്മദിനത്തിൽ നന്ദി പറയാനായി ലാൽ സാർ ഉപയോഗിച്ചത്. ആ ഫോട്ടോ തരംഗമായിരുന്നു. മനോരമ കലണ്ടർ ഷൂട്ടിനായി മുൻപ് ടൊവീനോയ്ക്കു വേണ്ടി കോസ്റ്റ്യൂം ചെയ്തിരുന്നു. അന്ന് ഷൂട്ട് കഴിഞ്ഞു വരുമ്പോഴാണ് കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോംഗർ അച്ചു ലാല്‍ സാറിനുള്ള കോസ്റ്റ്യൂമിന്റെ കാര്യം പറയുന്നത്.
ഒരു നാവികൻ അല്ലെങ്കിൽ ഒരു കടൽക്കൊള്ളക്കാരൻ എന്ന രീതിയിലാണ് സാറിനെ അവതരിപ്പിച്ചിട്ടുള്ളത്. ഒരുപാട് ലൂപ്സ് ഉള്ള, കോളർ ലൈനും സ്ലീവ്സുമൊക്കെ ഡിസ്‌സ്ട്രസ്സ്ഡ് ആയ ലോങ് ട്രഞ്ച് ആണ് കോസ്റ്റ്യൂമിലെ ഹൈലൈറ്റ്. ഓപ്പൺ കോളറുള്ള ലൂസ് മെറൂൺ ഷർട്ടാണ് അകത്ത് ധരിച്ചിരിക്കുന്നത്. പാന്റ്സുള്‍പ്പടെ എല്ലാം കോട്ടണിലാണ് ഒരുക്കിയത്. ഒരു ഹൈ ടോപ് ബൂട്ടും പെയർ ചെയ്തു. ഷൂട്ടിന്റെ അന്നാണു സർ കോസറ്റ്യൂം ധരിച്ചു നോക്കുന്നത്. ഒരു ബറോസ് സ്റ്റൈൽ ഉണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ആ ചിത്രവും കോസ്റ്റ്യൂമും ശ്രദ്ധിക്കപ്പെട്ടതിൽ വളരെയധികം സന്തോഷം.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് മനോരമ കലണ്ടർ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ–മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.
മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാം.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. Android , iOS