മാസ്ക് ഫ്രം ‘ചേന്ദമംഗലം’ ടു ന്യൂയോർക്ക്
Mail This Article
കോവിഡ് കാലത്ത് ഏറ്റവും കരുതലോടെ മറ്റുള്ളവർക്കു നൽകാവുന്ന സമ്മാനം, സുഖപ്രദവും സുരക്ഷിതവുമായ മാസ്ക് തന്നെയല്ലേ! അങ്ങനെ കേരളത്തിൽ നിന്നു ന്യൂയോർക്കിലെത്തുന്ന സ്നേഹ സമ്മാനമാണ് ചേന്ദമംഗലത്തെ കൈത്തറിയിൽ തയാറാക്കിയ തുണി മാസ്കുകൾ. അമേരിക്കൻ മലയാളികളായ സ്ത്രീകളുടെ ഡിസൈനർ സംരംഭമായ WestXEast എന്ന ബ്രാൻഡാണ് കൈത്തറി മാസ്കുകൾ ന്യൂയോർക്കിലെ വിപണിയിലെത്തിച്ചത്.
അമേരിക്കയിലെ കുടിയേറ്റക്കാരായ ദക്ഷിണേഷ്യക്കാർക്ക് വിവാഹത്തിനും മറ്റ് ആഘോഷാവസരങ്ങൾക്കും തങ്ങളുടെ അഭിരുചിക്കനുസരിച്ച ട്രഡിഷനൽ വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താനിയ കോട്ടൂരും ലിയ സാമൂവലും 2015ൽ ബ്രാൻഡിനു തുടക്കമിട്ടത്. ലോകത്തെവിടെയിരുന്നും ചെയ്യാവുന്ന സംരംഭമെന്ന നിലയിലാണ് വെസ്റ്റ്X ഈസ്റ്റ് പിറവിയെടുത്തത്. ഉപഭോക്താവുമായുള്ള വർച്വൽ മീറ്റിങ് വഴി, ഡിസൈൻ കൺസൽട്ടൻസി ലഭ്യമാക്കുകയും ഇന്ത്യയിലെ ഏതു പ്രദേശത്തെയും കരകൗശല മികവുകൾ ഉൾപ്പെടുത്തി വസ്ത്രങ്ങൾ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. സുസ്ഥിരത ഫാഷൻ നിലപാടു പിന്തുടരുന്നതിനൊപ്പം നാട്ടിലെ നെയ്ത്തുകാർക്കും അലങ്കാരവിദഗ്ധർക്കും വരുമാനമാർഗം ഉറപ്പാക്കുകയെന്നതും ഇവരുടെ ലക്ഷ്യമാണ്.
നഴ്സുമാരാണ് താനിയയുടെയും ലിയയുടെയും അമ്മമാർ. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ പാശ്ചാത്യ ലോകം ആകെയുലഞ്ഞപ്പോൾ, ആതുര സേവനരംഗത്തെ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടറിഞ്ഞതാണ് ഇവർ. അപ്പോഴാണ് കേരളത്തിൽ നിന്നുള്ള തനതു കൈത്തറിയിൽ ഒരുക്കിയ മാസ്കുകൾ അവതരിപ്പിക്കാമെന്ന ചിന്തയുണ്ടായത്. നാട്ടിലെ നെയ്ത്തുകാർക്ക് താങ്ങാകാൻ കഴിയുമെന്നു മനസിലാക്കിയായിരുന്നു ആ തീരുമാനം. ആദ്യഘട്ടത്തിൽ ‘വാട്ടർ’ എന്നു പേരിട്ട കലക്‌ഷനും പിന്നീട് ‘മൂന്നാർ’ എന്ന മാസ്ക് കലക്‌ഷനുമാണ് ന്യൂയോർക്കിലെത്തിയത്, താനിയയും ലിയയും പറയുന്നു.
2018ലെ പ്രളയകാലം മുതൽ ചേന്ദമംഗലം കൈത്തറി മേഖലയുമായി ചേർന്നു പ്രവർത്തിക്കുന്ന സേവ് ദ് ലൂമാണ് വെസ്റ്റ് X ഈസ്റ്റിനായി മാസ്കുകൾ തയാറാക്കിയത്. ‘കേരള കൈത്തറിയെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്നതാണിത്. മാത്രമല്ല, 100 ശതമാനം കോട്ടണിൽ 2 ലെയറും അകത്തു മറ്റൊരു ലെയറും ചേരുന്ന പാറ്റേണിൽ ചെയ്ത സുഖപ്രദമായ മാസ്കാണ്. ചേന്ദമംഗലം കൈത്തറിയിൽ ഫോർട്ട്കൊച്ചിയിലെ വനിതാ തയ്യൽക്കാരാണ് മാസ്കുകൾ തയാറാക്കിയത്’, സേവ് ദ് ലൂം ഫൗണ്ടർ രമേഷ് മേനോൻ പറഞ്ഞു. നേരത്തെ പറവൂർ നന്ദ്യാട്ടുകുന്നത്തെ ഖാദി സ്മാരക സേവാ കേന്ദ്രവുമായി ചേർന്ന് സേവ് ദ് ലൂം ഒരുക്കിയ ഖാദി മാസ്കുകൾ ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു. ന്യൂയോർക്കിലെ വേനൽക്കാല ദിനങ്ങളിൽ സുഖപ്രദമായി ധരിക്കാവുന്ന മാസ്കുകളാവും ചേന്ദമംഗലത്തുനിന്നെത്തുന്നത്.