വിസ്മയിപ്പിക്കാൻ ഇത്തവണയും പ്രിയങ്ക ചോപ്ര; മെറ്റ്ഗാല 2023 ൽ കാത്തിരിക്കുന്നതെന്ത്?
Mail This Article
മെറ്റ് ഗാല 2023 വേദിയിൽ താരസുന്ദരി പ്രിയങ്ക ചോപ്രയുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകനായ മാർക് മാൽക്കിനാണ് പ്രിയങ്കയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. പുതിയ സിനിമ സിറ്റാഡലിന്റെ പ്രചാരണ പരിപാടിയ്ക്കിടയിലാണ് മെറ്റ്ഗാലയ്ക്ക് ഉണ്ടാകുമോ എന്ന് പ്രിയങ്കയോട് ചോദിച്ചത്. ഉണ്ടാകും എന്നായിരുന്നു മറുപടിയെന്നും മാർക് കുറിച്ചു.
മെറ്റ്ഗാലയിലെ നിറസാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. മുൻവർഷങ്ങളിലെ താരത്തിന്റെ ലുക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ പ്രത്യേക ഫീച്ചറുകളുള്ള കോസ്റ്റ്യൂം ആയിരിക്കുമെന്ന് പ്രിയങ്ക സൂചിപ്പിച്ചതായി മാർക് പറയുന്നു. ഭർത്താവും പോപ് ഗായകനുമായ നിക് ജോനസും മെറ്റ്ഗാലയ്ക്ക് എത്താറുണ്ട്. ഇത്തവണയും ഇരുവരും ഒന്നിച്ചെത്തുമെന്നാണ് ആരാധകർ കരുതുന്നത്.
Read more: റാംപിൽ മലൈക മാജിക്; ഷോസ്റ്റോപ്പറായി തിളങ്ങി താരസുന്ദരി
ഫാഷൻ ലോകത്തെ ഉത്സവം എന്നാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. ലോകപ്രസിദ്ധ ഡിസൈർമാർ ഒരുക്കുന്ന വസ്ത്രങ്ങൾ ധരിച്ച് സെലിബ്രിറ്റികൾ റെഡ് കാർപറ്റ് കീഴടക്കുന്ന കാഴ്ച ഫാഷൻ ലോകത്ത് വിസ്മയം തീർത്തിട്ടുണ്ട്. ആലിയ ഭട്ടിന്റെ മെറ്റ്ഗാല അരങ്ങേറ്റത്തിന്റെ ആവേശവും ബോളിവുഡ് ആരാധകർക്കുണ്ട്. ദീപിക പദുകോൺ, ഇഷ അംബാനി, നടാഷ പൂനാവാല, സുധ റെഡ്ഢി എന്നിവരാണ് മുമ്പ് മെറ്റ്ഗാലയിൽ പങ്കെടുത്ത ഇന്ത്യൻ സെലിബ്രിറ്റികൾ.
ന്യൂയേർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിൽ മേയ് 1ന് ആണ് ഷോ അരങ്ങേറുക. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന് ഫണ്ട് സ്വരൂപിക്കാനായി 1948ലാണ് മെറ്റ് ഗാല ആരംഭിച്ചത്. ഇതു വലിയ ശ്രദ്ധ നേടുകയും തുടർന്നുള്ള വർഷങ്ങളിൽ പങ്കാളിത്തം വർധിക്കുകയും ചെയ്തു. ഇപ്പോൾ 50,000 ഡോളറാണ് മെറ്റഗാലയിലേക്കുള്ള പ്രവേശന ഫീസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫീസ് കുത്തനെ ഉയർത്തിയത് വിമർശനം നേരിട്ടിരുന്നു. എങ്കിലും ഇതൊന്നും മെറ്റ്ഗാലയുടെ പകിട്ട് കുറയ്ക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Summary: Met Gala 2023: Priyanka Chopra confirms return to the fashion event