കണ്ണില്‍ കൺമഷിയില്ല, ചുണ്ടിൽ ചായക്കൂട്ടുകളുമില്ല; മേക്കപ്പിനെ പടിക്കു പുറത്തു നിർത്തി ലണ്ടനിലെ സൗന്ദര്യ മത്സരം
Mail This Article
കൺമഷിയും മസ്കാരയും സുന്ദരമാക്കിയ കണ്ണുകൾ, ഫൗണ്ടേഷൻ പൗഡറിന്റെ തിളക്കം, ചുണ്ടുകളിലെ ചായം. റാംപിൽ അണിഞ്ഞൊരുങ്ങി ഓരോ മോഡലുകളും വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. സൗന്ദര്യ മത്സരങ്ങളിൽ മേക്കപ്പിനുള്ള സ്ഥാനം വളരെ വലുതാണ്. എന്നാൽ മുഖത്തൊരിത്തിരി പോലും മേക്കപ്പിടാതെ മോഡൽ റാംപിൽ നടന്നു വരുന്നത് സങ്കൽപ്പിക്കാനാകുമോ? അത്തരത്തിലൊരു മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലണ്ടൻ.
ഇത്തവണത്തെ മിസ് ലണ്ടൻ മത്സരത്തിലാണ് സംഘാടകർ വ്യത്യസ്തത കൊണ്ടുവന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്. മേക്കപ്പ് രഹിത ഫാഷൻ ഷോയിൽ 26കാരി നതാഷ ബെറെസ്‌ഫോർഡ് കിരീടം ചൂടി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാർഥികളും എല്ലാ റൗണ്ടിലും മേക്കപ്പില്ലാതെയാണ് റാംപിലെത്തിയത്.
മേക്കപ്പില്ലാതെ റാംപിലെത്തുന്നതിലൂടെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുക, ആത്മവിശ്വാസം വളർത്തുക, ആന്തരിക സൗന്ദര്യത്തെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിട്ടത്.
മറ്റ് സൗന്ദര്യ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്യാത്തതും ഫിൽറ്ററില്ലാത്തതുമായ ചിത്രങ്ങളാണ് മത്സരാർഥികളിൽ നിന്ന് ആവശ്യപ്പെട്ടത്. മത്സര സമയത്ത് ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്തുവും ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നില്ല. മത്സരാർഥികളുടെ ധാർമിക മൂല്യം, നാച്വറൽ ബ്യൂട്ടി, ജോലി, പഠനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
വിജയ കിരീടം ചൂടിയ നതാഷ ഡെന്റൽ നഴ്സായി ജോലി ചെയ്യുകയാണ്. ഈ വർഷം അവസാനം നടക്കുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുത്തവരെല്ലാം മികച്ചവരായിരുന്നു എന്നും ഇതുപോലൊരു മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും നതാഷ പറഞ്ഞു.