വ്യത്യസ്തമായ ഹെലികോപ്റ്റര്‍ വിവാഹവും ചിരി പടര്‍ത്തിയ ട്വിറ്റര്‍ കമന്ററിയും
Mail This Article
വിവാഹഘോഷയാത്രകള്‍ വ്യത്യസ്തമാക്കാന്‍ വധൂവരന്മാര്‍ ചെയ്യുന്ന വേലത്തരങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. കാളവണ്ടിയിലും ജെസിബിയിലും നെറ്റിപ്പട്ടം കെട്ടിയ കെഎസ്ആര്‍ടിസി ബസ്സിലും വരെ കല്യാണ ഘോഷയാത്ര നടത്തി ശ്രദ്ധ കവര്‍ന്നവരുണ്ട്.
എന്നാല്‍ രാജസ്ഥാനിലെ ഒരു പിതാവ് തന്റെ മകന്റെ വിവാഹം വ്യത്യസ്തമാക്കിയത് വധൂവരന്മാരുടെ ഘോഷയാത്രയെ വാനോളമുയര്‍ത്തിക്കൊണ്ടാണ്. തന്റെ മകന്റെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ഈ പിതാവ് ഒരു ഹെലികോപ്ടര്‍ വിവാഹത്തിലൂടെയാണ് സംഗതി കളറാക്കിയത്.
സാധാരണ ഗതിയില്‍ കുതിരപ്പുറത്തോ, കാറിലോ ഒക്കെ നടത്താറുള്ള ആചാരപ്രകാരമുള്ള വിവാഹഘോഷയാത്രയാണ് (ബാരാത്) ഷേഖാവതിയിലെ ഒരു കുടംബം ഹെലികോപ്ടറിലാക്കിയത്. അനുരാഗ് മൈനസ് വര്‍മ്മ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇതിനെ കുറിച്ചുള്ള ഒരു പ്രാദേശിക ടിവി ന്യൂസ് വീഡിയോ തന്റെ കമന്ററിയും ചേര്‍ത്ത് ട്വീറ്റ് ചെയ്തതോടെ ഹെലികോപ്ടര്‍ വിവാഹം ഇന്റര്‍നെറ്റിലും വൈറലായി. രണ്ട് വീഡിയോകളാണ് രസകരമായ കമന്ററി ചേര്‍ത്ത് അനുരാഗ് പോസ്റ്റ് ചെയ്തത്.
ഷേഖാവതിയിലെ രതന്‍ഗര്‍ തെഹസിലില്‍ മുന്‍പ് റോഡ് പോലും ഇല്ലാത്ത ഒരു ഗ്രാമത്തിലേക്കാണ് ഒരു കല്യാണത്തിനായി ഹെലികോപ്ടര്‍ എത്തുന്നതെന്ന് വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതിനു വേണ്ടി പ്രത്യേക ഹെലിപാഡ് തന്നെ വധുവിന്റെ വീടിന്റെ മുന്നിലൊരുങ്ങി. സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാവും ന്യൂസ് വീഡിയോയില്‍ പ്രത്യക്ഷപ്പെുന്നു. ഇതിനിടെ വീഡിയോ ദൃശ്യത്തിലൊരു പശു പ്രത്യക്ഷപ്പെടുമ്പോള്‍ ഹെലികോപ്ടര്‍ പറക്കുന്നത് കാണാന്‍ ധൃതി വച്ച് ഓടുന്ന പശുവെന്ന് അനുരാഗിന്റെ കമന്ററി.
ഹെലികോപ്ടറിലെത്തുന്ന വരനെ സ്വീകരിക്കാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന 'ഡിസൈനര്‍ ഒട്ടകം' വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നെന്നും രസകരമായ കമന്ററി തുടരുന്നു. ഏഴായിരത്തോളം കാഴ്ചകളും നിരവധി കമന്റുകളും ലൈക്കുകളുമായി ട്വീറ്ററില്‍ വൈറലാവുകയാണ് അനുരാഗിന്റെ ട്വീറ്റ്. പെട്രോള്‍ അടിക്കാന്‍ കാശില്ലാത്ത കാലത്ത് ഹെലികോപ്ടറില്‍ വിവാഹം നടത്തുന്നത് ഇന്ത്യയുടെ വികസനമാണെന്ന മട്ടിലുള്ള ചിരി പടര്‍ത്തുന്ന കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
English Summary : Helicopter wedding, viral video from Rajasthan