‘യുവാക്കളെ വഴിതെറ്റിക്കുന്നു’; ഉർഫിക്കെതിരെ ചേതൻ ഭഗത്: തിരിച്ചടിച്ച് താരം
Mail This Article
നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ എഴുത്തുകാരൻ ചേതന്‍ ഭഗത് നത്തിയ പ്രസ്താവന വിവാദത്തിൽ. ഒരു പരിപാടിക്കിടെ യുവാക്കൾ ഇൻസ്റ്റഗ്രാമിൽ സമയം പാഴാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉർഫിയെ പരാമർശിച്ചത്. പലരുടെയും പുതപ്പിനുള്ളിൽ ഉര്‍ഫിയുടെ ചിത്രങ്ങളാണെന്നും പഠനത്തേയും ജോലിയേയും കുറിച്ച് ചിന്തിക്കാതെ യുവാക്കൾ പലരും ഇത്തരം ചിത്രങ്ങൾ നോക്കിയിരിക്കുന്നു എന്നുമായിരുന്നു ചേതന്റെ പ്രസ്താവന. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് ചേതനെതിരെ ഉർഫി രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
‘‘ഫോൺ യുവാക്കളെ വഴിതെറ്റിക്കുന്നു. പ്രത്യേകിച്ചും ആണകുട്ടികളെ. ഇൻസ്റ്റഗ്രാം റീൽസ് കണ്ട് മണിക്കൂറുകൾ കളയുന്നു. ആരാണ് ഉർഫി ജാവേദെന്ന് എല്ലാവർക്കും അറിയാം. അവളുടെ ചിത്രങ്ങൾ കൊണ്ട് നിങ്ങൾ എന്താണ് ചെയ്യുന്നത്? അവരുടെ ഡ്രസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതുകൊണ്ട് പരീക്ഷയിലോ ജോലിക്കുള്ള അഭിമുഖത്തിലോ നിങ്ങൾക്ക് പ്രയോജനമുണ്ടോ? കാർഗിലിൽ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന യുവാക്കൾ ഒരുവശത്ത്. ഉർഫിയുടെ ചിത്രങ്ങൾ പുതപ്പിനുള്ളിൽ ഒളിച്ചിരുന്നു കാണുന്ന യുവാക്കൾ മറുവശത്ത്’’– എന്നായിരുന്നു ചേതന്റെ പ്രസ്താവന.
സ്വന്തം ദൗർബല്യങ്ങൾ അംഗീകരിക്കാതെ സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നത് ചേതനെ പോലെയുള്ള പുരുഷന്മാരുടെ പതിവ് രീതിയാണെന്നായിരുന്നു ഉർഫിയുടെ പ്രതികരണം. പുരുഷന്റെ മോശം സമീപനത്തിനു കാരണം സ്ത്രീകളുടെ വസ്ത്രമാണെന്ന എൺപതുകളിലെ കാഴ്ചപ്പാടിനു പുറത്തു വരാനും ഉർഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഹിന്ദി സീരിയലുകളിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായി ശ്രദ്ധ നേടി. ഫാഷൻ പരീക്ഷണങ്ങളാണ് താരത്തെ പ്രശസ്തയാക്കിയത്. ഉർഫിയുടെ അൾട്രാ ഹോട്ട് ലുക്കുകൾ പലപ്പോഴും വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ വിമർശകരോട് സ്വന്തം കാര്യം നോക്കാൻ ആവശ്യപ്പെട്ട ഉർഫി, ഫാഷൻ പരീക്ഷണങ്ങൾ തുടരുകയാണ്.