തത്സമയ സംപ്രേഷണം, ഡിസൈനർ മാസ്ക് ; കോവിഡിൽ മാറുന്ന വിവാഹ സങ്കൽപങ്ങൾ
Mail This Article
ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് കോവിഡ് മഹാമാരി കടന്നു പോകുന്നത്. ഇനിയും എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രാന്റ് ആയി നടക്കുന്ന വിവാഹങ്ങളിലും പുതുക്കലുകളും കൂട്ടിച്ചേർക്കലുകളും അതിവേഗമാണ് നടക്കുന്നത്. കോവിഡിന്റെ ആദ്യ നാളുകളിൽ വിവാഹം മാറ്റിവെച്ച് എല്ലാം ശാന്തമാകുന്നതു വരെ കാത്തിരിക്കാനായിരുന്നു പലരുടേയും തീരുമാനം. എന്നാൽ കോവിഡ് എന്നു വിട്ടുമാറുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുള്ള വിവാഹങ്ങള്‍ സാധാരണമായി തുടങ്ങി.
വെർച്വൽ സംവിധാനങ്ങളിലൂടെ അകലങ്ങളിലിരിക്കുന്നവരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ മുതൽ വിവാഹവസ്ത്രങ്ങളിൽ ഡിസൈനർ മാസ്ക് സ്ഥാനം നേടുന്നതെല്ലാം സാധാരണമാവുകയാണ്. ഇത്തരം പുതിയ സാധ്യതകളും മാറ്റങ്ങളും ഉൾകൊണ്ടായിരുന്നു എളമക്കര സ്വദേശി റോഹൻ സി. ചെറിയാന്റെയും കുമ്പളങ്ങി സ്വദേശിനി സൗമ്യ മാർട്ടിന്റെയും വിവാഹം. മേയ് 16ന് കുമ്പളത്തെ കോർണർസ്റ്റോണ്‍ ചർച്ചിലായിരുന്നു ചടങ്ങുകൾ.
നിയന്ത്രണങ്ങൾ പാലിച്ച് 20 പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വരന്റെയും വധുവിന്റെയും വീടുകളിൽ നിന്ന‌് 5 പേർ വീതവും പള്ളിയിലെ 10 പേരുമാണ് ഇത്. ബന്ധുക്കൾക്കു വേണ്ടി തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. നേരത്തെ തന്നെ ഇതിനായി യുട്യൂബ് ചാനൽ ഒരുക്കി. സംഗീത്, ബാച്ചിലർ പാര്‍ട്ടി എന്നിവയും വിഡിയോകളായി ഈ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
ചെറുപ്പം മുതലേ ഇന്റിമേറ്റ് വെഡ്ഡിങ് സ്വപ്നം കണ്ടിരുന്ന സൗമ്യയ്ക്ക് ആളുകൾ കുറഞ്ഞതിൽ സങ്കടമൊന്നും തോന്നിയില്ല. ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് ആഡംബരത്തിനല്ലല്ലോ പ്രാധാന്യം. ഇതുവരെ കണ്ട തിരക്കു പിടിച്ച വിവാഹങ്ങളിൽ നിന്നു തന്റെ വിവാഹം വ്യത്യസ്തമായതിൽ സന്തോഷമേയുള്ളവെന്നും സൗമ്യ പറയുന്നു. മക്കളുടെ വിവാഹം വലിയൊരു ആഘോഷമാക്കണമെന്നാണ് ഇവരുടെ മാതാപിതാക്കൾ സ്വപ്നം കണ്ടതെങ്കിലും സാഹചര്യം മനസ്സിലാക്കി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.
റോഹൻ സിവിൽ എൻജിനീയറും സൗമ്യ ആർകിടെക്റ്റുമാണ്. വിവാഹശേഷം റോഹൻ ജോലി ചെയ്യുന്ന ഹൈദരബാദിൽ സെറ്റിലാകാനാണ് ദമ്പതികളുടെ തീരുമാനം.
ബ്രൈഡല്‍ മാസ്ക്
സുരക്ഷിതത്വത്തിനൊപ്പം ഫാഷനും പ്രാധാന്യം നൽകുന്ന ഡിസൈനർ മാസ്ക് ആണ് സൗമ്യ ഉപയോഗിച്ചത്. വിവാഹഗൗണ്‍ ഡിസൈൻ ചെയ്ത D'Aisle ആണ് ഈ മാസ്ക്കും ഒരുക്കിയത്. സുരക്ഷിതത്വമുറപ്പാക്കാനായി മൂന്നിലധികം ലെയറുകൾ മാസ്ക്കിൽ ഉപയോഗിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്ക് കിട്ടാൻ പുറത്തെ ലെയറിൽ ലേസ് ആണ് ഉപയോഗിച്ചത്. മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമാകുന്ന പശ്ചാത്തലത്തില്‍ വിവാഹത്തിന് കുറച്ച് സ്പെഷൽ ആകാമെന്ന ചിന്തയാണ് ഈ മാസ്ക്കിനു പിന്നിലെന്ന് ഡിസൈനർ ട്വിങ്കിൽ ടോം പറയുന്നു.
English Summary : Changing wedding trends