ADVERTISEMENT

ലോകത്തെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ആയിരിക്കുമോ പെന്റക്‌സ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ച കെ-3 III (മാര്‍ക്ക് 3) മോഡല്‍? ആയിരിക്കാം. എന്നാല്‍ ഏതാനും മോഡലുകള്‍ കൂടി ഇറങ്ങിയാലും അദ്ഭുതപ്പെടേണ്ട. ക്യാമറാ നിര്‍മാണ കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നിക്കോണ്‍ പോലെയൊരു കമ്പനിക്ക് എത്ര വര്‍ഷം പിടിച്ചു നില്‍ക്കാനാകുമെന്നു ഭയക്കുന്നവരുണ്ട്. ഭാവിയില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റം എങ്ങോട്ടായിരിക്കുമെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണ് കമ്പനികളെല്ലാം. ഒന്നര പതിറ്റാണ്ടിലേറെ പ്രൊഫഷണല്‍ ക്യാമറാ വിപണിയെ അടക്കി ഭരിച്ച ഡിഎസ്എല്‍ആറുകള്‍ ഇനി ഇറക്കണമോ എന്നതാണ് പല പ്രമുഖ കമ്പനികളുടെയും മുന്നിലുള്ള പ്രധാന ചോദ്യങ്ങളിലൊന്ന്. സോണിയുടെ ആല്‍ഫാ 1 ക്യാമറയില്‍ അടക്കം ചെയ്തിരിക്കുന്ന സാങ്കേതികവിദ്യകള്‍ ഡിഎസ്എല്‍ആറുകളെ പാടെ കാലഹരണപ്പെട്ട യന്ത്രങ്ങളാക്കുന്നു. ക്യാനന്‍ അടുത്തിടെയാണ് പല ഡിഎസ്എല്‍ആര്‍ ലെന്‍സുകളും ഇനി നിര്‍മിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഇതൊക്കെയാണെങ്കിലും, ഏതാനും ഡിഎസ്എസ്എല്‍ആറുകള്‍ കൂടി വിപണിയില്‍ എത്തിയേക്കുമെന്നു കരുതുന്നവരും ഉണ്ട്. എന്തായാലും ഏറ്റവും അവസാനത്തെ ഡിഎസ്എല്‍ആര്‍ മോഡലുകളില്‍ ഒന്നായിരിക്കാം പെന്റക്‌സിന്റെ പുതിയ മോഡല്‍.

 

പെന്റക്‌സ് കെ3 മാര്‍ക്ക് 3 മോഡല്‍ നിര്‍മിച്ചിരിക്കുന്നത് ഒരു 25.7 എംപി ബാക്‌സൈഡ് ഇലൂമിനേറ്റഡ്-സീമോസ് എപിഎസ്-സി സെന്‍സറിനെ കേന്ദ്രീകരിച്ചാണ്. പുതിയ ഷട്ടര്‍ മെക്കാനിസവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുതിയ ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 12 ഫ്രെയിം സ്റ്റില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശേഷിയുണ്ട്. (ഓട്ടോഫോക്കസോടു കൂടിയാണെങ്കില്‍ സെക്കന്‍ഡില്‍ 11 ഫ്രെയിം ആയിരിക്കും പകര്‍ത്തുക.) ആധുനിക ക്യാമറകളിലുള്ള ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ഫീച്ചറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് - ഏകദേശം 5.5 ഇവി കറക്ഷന്‍ ലഭിക്കുമെന്നു കമ്പനി പറയുന്നു. പുതിയ ഓട്ടോഫോക്കസ് മൊഡ്യൂളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി പെന്റക്‌സിന്റെ ഇപ്പോഴത്തെ ഉടമയായ റിക്കോ പറയുന്നു. വ്യൂഫൈന്‍ഡര്‍ മാഗ്നിഫിക്കേഷനും മികച്ചതാണ് - ലോകത്ത് 1.05 എക്‌സ് മാഗ്നിഫിക്കേഷനുള്ള മറ്റൊരു എപിഎസ്-സി ക്യാമറയും ഇല്ല. ക്യാമറയുടെ പല ഫങ്ഷനുകളും ടച് സ്‌ക്രീന്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. പിക്‌സല്‍ ഷിഫ്റ്റ് റെസലൂഷന്‍ തുടങ്ങിയ ഫീച്ചുറുകളും ഉണ്ട്. 4കെ വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ റെക്കോഡു ചെയ്യാം. ഓപ്ഷണലായി ബാറ്ററി ഗ്രപ്പും പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം വില്‍പന തുടങ്ങുന്ന ക്യാമറയ്ക്ക് വിലയിട്ടിരിക്കുന്നത് 2000 ഡോളറാണ്.

 

∙ നിര്‍മിതി

 

മികച്ച മെറ്റീരിയല്‍ ഉപയോഗിച്ചാണ് പെന്റക്‌സ് കെ-3 മാര്‍ക്ക് 3 നിര്‍മിച്ചിരിക്കുന്നത്. മഗ്നീസിയം മിശ്രണത്തിലൂടെ ഉറപ്പ് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത് നിർമിച്ചെടുത്തിരിക്കുന്നത്. മികച്ച ഗ്രിപ്പും ഉണ്ട്. നല്ല നിര്‍മാണമികവും ആകര്‍ഷണീയതയും വേണ്ട ഡിഎസ്എല്‍ആര്‍ ആണു വേണ്ടതെങ്കില്‍ പെന്റക്‌സിന്റെ പുതിയ മോഡലല്‍ പരിഗണിക്കാമെന്നു പറയുന്നു. അതേസമയം, എത്ര മാറ്റുള്ളതാണെന്നു പറഞ്ഞാലും പെന്റക്‌സ് കെ 3യോ മറ്റേതെങ്കിലും ഡിഎസ്എല്‍ആര്‍ മോഡലിനോ ഇപ്പോള്‍ പണമിറക്കുന്നതു ശരിയാണോ എന്ന് ആലോചിച്ചു മാത്രം ചെയ്യണമെന്നാണ് വിശകലനവിദഗ്ധര്‍ പറയുന്നത്. എന്തായാലും, ഡിഎസ്എല്‍ആറിന്റെ ഫങ്ഷണുകളാണ് വേണ്ടതെങ്കില്‍ പെന്റക്‌സിന്റെ പുതിയ മോഡല്‍ നിരാശപ്പെടുത്തില്ലെന്നും പറയുന്നു. ആധുനിക സെന്‍സറാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാല്‍ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ പകര്‍ത്താം. പുതിയ ഷെയ്ക് റിഡക്ഷന്‍ മെക്കാനിസത്തിനുള്ളിലാണ് ഇതു പിടിപ്പിച്ചിരിക്കുന്നത്. മികച്ച ഫെയ്‌സ് ഡിറ്റക്ട് ഓട്ടോഫോക്കസ് പ്രകടനവും പ്രതീക്ഷിക്കുന്നു. എന്നാല്‍, വിഡിയോ പകര്‍ത്താനാണെങ്കില്‍ കോണ്‍ട്രാസ്റ്റ് ഡിറ്റെക്ട് ഓട്ടോഫോക്കസാണ് ഉള്ളത്.

 

ടോപ് എല്‍സിഡിയടക്കം പല മികച്ച ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 3.2-ഇഞ്ച് വലുപ്പമുള്ള എല്‍സിഡിയാണ് പിന്‍ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറും മികവു പുലര്‍ത്തുന്നു. ഫൈന്‍ഡറിന്റെ 1.05 എക്‌സ് മാഗ്നിഫിക്കേഷനാണ് ഏറ്റവും എടുത്തുപറയേണ്ട ഫീച്ചറുകളിലൊന്ന്. മൈക്രോഫോണ്‍, ഹെഡ്‌ഫോണ്‍ പോര്‍ട്ടുകള്‍ക്കും ഇടംനല്‍കിയിട്ടുണ്ട്. മൈക്രോ എച്ഡിഎംഐ, യുഎസ്ബി-സി പോര്‍ട്ടുകളും ഉണ്ട്. യുഎസ്ബി-സി പോര്‍ട്ട് വഴി ക്യാമറ ചാര്‍ജ് ചെയ്യുകയുമാകാം. ഇരട്ട എസ്ഡി കാര്‍ഡ് സ്ലോട്ടുകളും ഉണ്ട്. ക്യാമറയുടെ ബാറ്ററിയും മോശമില്ല- ഒറ്റ ചാര്‍ജില്‍ 800 ഷോട്ടുകള്‍ വരെ കിട്ടുമെന്ന് കമ്പനി പറയുന്നു.

 

∙ അവസാന വാക്ക്

 

ക്യാമറയുടെ നിര്‍മാണം ഉജ്വലമാണെന്നാണ് വിലയിരുത്തല്‍. മികച്ച ഡിഎസ്എല്‍ആര്‍ അന്വേഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല. ഡിഎസ്എല്‍ആര്‍ നിര്‍മാണത്തിന്റെ പാരമ്യമാണ് നിക്കോണ്‍ ഡി850 എന്നു പറഞ്ഞിരുന്നവരുണ്ട്. പുതിയ പെന്റക്‌സ് കെ-3 നിര്‍മാണ മികവില്‍ ഒട്ടും പിന്നിലല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ഇക്കാലത്ത് ഒരു ഡിഎസ്എല്‍ആര്‍ ക്യാമറ 2000 ഡോളര്‍ നല്‍കി വാങ്ങാന്‍ ശ്രമിക്കുന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുകയാണ് ചിലര്‍. വില താഴ്ത്തി വിറ്റാല്‍ പോലും ചിലപ്പോള്‍ ഇത്തരം ഒരു ക്യാമറ വാങ്ങുന്നതിനെ ന്യായീകരിക്കാനായേക്കുമെന്നു വാദിക്കുന്നവരും ഉണ്ട്. അപ്പോള്‍ ലോകത്തെ അവസാനത്തെ ഡിഎസ്എല്‍ആര്‍ എന്ന പദവി പെന്റക്‌സ് കെ-3 മാര്‍ക്ക് 3യ്ക്കു ലഭിക്കുമോ? ലഭിച്ചാല്‍ അദ്ഭുതപ്പെടേണ്ട. എന്നാല്‍, നിക്കോണും ക്യാനനും ഏതാനും ഡിഎസ്എല്‍ആര്‍ മോഡലുകള്‍ കൂടിയെങ്കിലും ഇറക്കിയേക്കുമെന്നു കരുതുന്നവരും തീരെ കുറവല്ല.

 

English Summary: Pentax K-3 Mark III- The last DSLR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com