8 കി.മീറ്റർ അകലെ കിടക്കുന്ന ഗോള്‍ഫ് ബോള്‍ കാണാം! 3,200 എംപി ക്യാമറയുടെ വിശേഷങ്ങൾ അറിയാം
Mail This Article
ലോകത്ത് ഇന്നേവരെ നിർമിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ക്യാമറ എന്ന വിവരണത്തോടെയാണ് അമേരിക്കയിലെ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്‌സിലറേറ്റര്‍ ലബോറട്ടറിയുടെ കീഴില്‍ കലിഫോര്‍ണിയയിലെ മെനെലോ പാര്‍ക്കില്‍ പുതിയ ടെലസ്‌കോപ് സജീകരിക്കുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകാറായി എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ ക്യാമറ ലാര്‍ജ് സിനോപ്ടിക് സര്‍വെ ടെലസ്‌കോപ് എന്ന വിഭാഗത്തിലാണ് വരുന്നത്. ഇതിലെ സെന്‍സറിന് 3,200 എംപി റെസലൂഷന്‍ ആണുള്ളത്. ഇതുപയോഗിച്ച് എടുക്കുന്ന ചിത്രത്തില്‍ 8 കിലോമീറ്റർ അകലെ കിടക്കുന്ന ഗോള്‍ഫ് ബോള്‍ പോലും വ്യക്തമായി കാണാമെന്നു പറയുന്നു. ര്‍ത്തുളാകൃതിയിലാണ് പുതിയ ക്യാമറ നിര്‍മിക്കുന്നത്. ഒരു ചെറിയ എസ്‌യുവിയുടെ വലുപ്പമാണ് ഇതിനുള്ളത്. ലെന്‍സിന്റെ വ്യാസം 5 അടിയിലേറെയാണ്!
∙ ഉദ്ദേശം വേറെ
ക്യാമറയുടെ ശേഷി അത്രയ്ക്കുണ്ടെങ്കിലും അത് ഉപയോഗിക്കുക ഭൂമിയിലെ ദൃശ്യങ്ങൾ പകർത്താനായിരിക്കില്ല. പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ദൃശ്യമായ തെക്കന്‍ ആകാശത്തിന്റെ ചിത്രങ്ങള്‍ മിക്ക ദിവസവും രാത്രി പകര്‍ത്തുക എന്ന കടമയായിരിക്കും നിര്‍വഹിക്കുക. ഇതിനായി ക്യാമറ ചിലെയിലെ സെറോ പാച്ചോണിലെ മലയിലുള്ള റൂബിന്‍ ഒബ്‌സര്‍വേറ്ററിയിലേക്കു മാറ്റും. അതിവിശാലമായ കാഴ്ച സാധ്യമയ ക്യാമറ, നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായിരിക്കും പ്രയോജനപ്പെടുത്തുക.
ചിലെയിലെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് അടുത്ത വര്‍ഷമാണെങ്കിലും നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. ഇത് കാണാന്‍ എത്തുന്നവര്‍ക്ക് സിസിഡികള്‍ (CCDs) എന്ന് അറിയപ്പെടുന്ന 189 ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ക്യാമറയുടെ ലെന്‍സ് വഴി കാണിച്ചുകൊടുക്കുന്നു.
∙ ക്യാമറയുടെ വിശേഷങ്ങള്‍ ഇങ്ങനെ
> സെന്‍സറിന്റെ റെസലൂഷന്‍ 3.2 ബില്ല്യന്‍ പിക്‌സല്‍സ് (3200 മെഗാപിക്‌സല്‍സ്)
> 189 വ്യത്യസ്ത സെന്‍സറുകള്‍
> ഫോക്കല്‍ പ്ലെയ്ന്‍ 2 അടി
> ഏകദേശം 5.5 അടി വ്യാസമുള്ള ലെന്‍സ് മുഖം
> തൂക്കം 2800 കിലോ
ഇത് 2023 മധ്യേ മുതല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണമെങ്കിലും ഇതിന്റെ ഘടകഭാഗങ്ങളെല്ലാം യഥാസ്ഥലങ്ങളില്‍ പിടിപ്പിക്കപ്പെട്ടു കഴിഞ്ഞു. എസ്എല്‍എസി ലാബ് ക്യാമറയുടെ ഘടന (ഫോട്ടോജെനിക്സ്ട്രക്ചര്‍) കാണിച്ചുകൊടുക്കാനായി ഫൊട്ടോഗ്രാഫര്‍മാരെ അടുത്തിടെ വിളിച്ചുചേര്‍ക്കുകയും ഉണ്ടായി. റൂബിന്‍ ഒബ്‌സര്‍വേറ്ററി എല്‍എസ്എസ്ടി ക്യാമറയാണ് ഇന്നേവരെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറ എന്ന് ക്യാമറയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
∙ പ്രവര്‍ത്തനം മറ്റു ക്യാമറകളുടേതിന് സമാനം
ഈ ക്യാമറയുടെ ഫോക്കല്‍ പ്ലെയിൻ മറ്റു ക്യാമറകളിലും സ്മാര്‍ട് ഫോണുകളിലും ഉള്ളതിന് സമാനമാണ്. ഒരു വസ്തുവില്‍ നിന്നു പുറപ്പെടുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശത്തെ പിടിച്ചെടുത്ത് ഇലക്ട്രിക്കല്‍ സിഗ്നലുകളായി മാറ്റി ഡിജിറ്റല്‍ ഫോട്ടോകള്‍ സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. ഇതിലുള്ള 189 വ്യത്യസ്ത സെന്‍സറുകളും ചേര്‍ന്നാണ് 3,200 എംപി ഫോട്ടോ പകര്‍ത്തുന്നത്.
ഇതിനു വേണ്ട അവസാന മിനുക്കുപണികള്‍ ഈ വര്‍ഷം തീരുന്നതിനു മുൻപ് നടത്തും. കൂടുതല്‍ മികച്ച ശീതീകരണ സംവിധാനം പിടിപ്പിക്കുക എന്നതായിരിക്കും ഉള്‍ക്കൊള്ളിക്കാന്‍ പോകുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. ഇപ്പോള്‍ ഫുള്‍ഫ്രെയിം ക്യാമറാ സെന്‍സര്‍ എന്നുപറയുന്നത് ഏകദേശം 1.4 ഇഞ്ച് വലുപ്പമുള്ള സെന്‍സറിനെയാണ്. ഇതിനെ അപേക്ഷിച്ച് 'പടുകൂറ്റന്‍' സെന്‍സറാണ് റൂബിന്‍ ഒബ്‌സര്‍വേറ്ററി എല്‍എസ്എസ്ടി ക്യാമറയിലുള്ളത്.
ഏകദേശം 2 അടിയാണ് ഇതിന്റെ സെന്‍സറിന്റെ വലുപ്പം. ഇതിന് 40 പൂര്‍ണ ചന്ദ്രന്മാരെ അടുത്തടുത്തു വച്ചാല്‍ വരുന്നത്ര വലുപ്പമുള്ള ഭാഗത്തെ ആകാശ ചിത്രങ്ങള്‍ പകര്‍ത്താനാകും. അല്ലെങ്കില്‍ ആദ്യം പറഞ്ഞതുപോലെ 8 കിലോമീറ്റർ അകലെ വച്ചിരിക്കുന്ന ഒരു ഗോള്‍ഫ്ബോള്‍ വ്യക്തമായി ഒരു ഫോട്ടോയില്‍ പിടിച്ചെടുക്കാനാകുമെന്നും പറയാം.
∙ പ്രകാശത്തോടുള്ള പ്രതികരണ ശേഷിയും അപാരം
നഗ്ന നേത്രങ്ങള്‍ക്ക് കാണാനാകുന്നതിനേക്കാള്‍ 10 കോടി മടങ്ങ് മങ്ങിയ വസ്തുക്കളുടെ പോലും ഫോട്ടോ എടുക്കാന്‍ ഇതിനു സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു! എന്നു പറഞ്ഞാല്‍, ആയിരക്കണക്കിനു കിലോമീറ്റർ അകലെ വച്ചിരിക്കുന്ന ഒരു മെഴുകുതിരിയുടെ വെളിച്ചം മനുഷ്യര്‍ക്കു കാണാനാകുന്നതിനു സമാനമാണെന്നും പറയുന്നു.
∙ ചിത്രം കാണണമെങ്കില്‍ 1500 സക്രീനുകളും വേണം
ഇതില്‍ എടുക്കുന്ന 3,200 എംപി ചിത്രം കാണണമെങ്കില്‍ 1500 ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റൂബിന്‍ ഒബ്‌സര്‍വേറ്ററി ഇന്നേവരെ അവതരിപ്പിച്ചിരിക്കുന്നതിലേക്കും വച്ച് ഏറ്റവും പ്രാധാന്യമുള്ള ഉപകരണമാണിത്. റൂബിന്‍ഒബ്‌സര്‍വേറ്ററി നാളിതുവരെ നടത്തിയിരിക്കുന്ന എല്ലാ നേട്ടങ്ങളേക്കാളും വലുതാണിതെന്ന് എസ്എല്‍എസിയുടെ ഡയറക്ടറായ സ്റ്റീവന്‍ കാന്‍ (Kahn) പറയുന്നു. ഇതു സാധ്യമാക്കിയത് റൂബിന്‍ ഒബ്‌സര്‍വേറ്ററിയിലെ ക്യാമറാ ടീമിന്റെ വന്‍ വിജയമാണെന്നും അടുത്ത തലമുറയിലെ അസ്‌ട്രേണമിശാസ്ത്രത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറയുന്നു.
∙ ബഹിരാകാശത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള പുതിയ പഠനങ്ങള്‍ തുടങ്ങുന്നു
ചിലെയിലെ വെറാ സി. റൂബിന്‍ ഒബ്‌സര്‍വേറ്ററി പ്രൊജക്ട് 2015ല്‍ തുടങ്ങിയതാണ്. ബഹിരാകാശത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള മനുഷ്യരാശിയുടെ പുതിയ പഠനങ്ങള്‍ക്കായിരിക്കും ഇത് തുടക്കമിടുക. ലെഗസി സര്‍വെ സ്‌പേസ് ആന്‍ഡ് ടൈം (എല്‍എസ്എസ്ടി) 5000 പെറ്റാബൈറ്റ് സെറ്റ് ഫോട്ടോകള്‍ ആയിരിക്കും എടുക്കുക.
പ്രപഞ്ചത്തിന്റെ ഉത്പത്തിയെയും ഘടനയെയും ഉരുത്തിരിയലിനെയും പറ്റിയുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ക്യാമറ. പ്രപഞ്ചത്തില്‍ എന്തെല്ലാം തരം വസ്തുക്കള്‍ ഉണ്ടെന്നു കണ്ടെത്താനും ഇത് ഉപകരിക്കും. ആകാശത്തിന്റെ ഒരു ഭാഗം മുഴുവന്‍ ആഴത്തില്‍ പഠനവിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പത്തു വര്‍ഷത്തേക്കായിരിക്കും ഈ പദ്ധതി നടത്തുക. അതുവഴി അസ്ട്രണോമിക്കല്‍ ക്യാറ്റലോഗുകള്‍ സൃഷ്ടിക്കപ്പെടും. ഇതിനായി നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് ഡേറ്റയായിരിക്കും ശേഖരിക്കുക. ഓരോ രാത്രിയിലും ഏകദേശം 20 ടെറാബൈറ്റ് ഡേറ്റ ആയിരിക്കും ക്യാമറ പിടിച്ചെടുക്കുക.
English Summary: Sensors of world’s largest digital camera snap first 3,200-megapixel images at SLAC