ADVERTISEMENT

പാക്കിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ നവീകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭൂരിഭാഗം പോർവിമാനങ്ങളും നിരവധി പ്രശ്നങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യാനാകാതെ കിടക്കുകയാണ്. എന്നാൽ, ഈ പോർവിമാനങ്ങളും മുങ്ങിക്കപ്പലുകളും സമയത്തിന് പ്രശ്നങ്ങൾ തീർത്തുകൊടുക്കാൻ ചൈനയും അമേരിക്കയും തയാറാകുന്നില്ല. ഇപ്പോൾ ഫ്രാൻസും പാക്കിസ്ഥാനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. ആഗോള പവർഹൗസുമായുള്ള ബന്ധം തരംതാഴ്ത്താനുള്ള തീവ്ര ഇസ്‌ലാമിക് പാർട്ടിയുടെ നീക്കങ്ങളെയും ഖാൻ പിന്തുണച്ചിരുന്നു. ഇതിനെല്ലാം പ്രതികാര നടപടിയായി പാക്ക് വ്യോമസേനയുടെ മിറാഷ് 3, മിറാഷ് 5 യുദ്ധവിമാനങ്ങൾ നവീകരിച്ചുനൽകേണ്ടെന്ന് ഫ്രാൻസ് തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഫ്രാൻസിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

MIrage-V

 

യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന നിരസിക്കപ്പെട്ടുവെന്ന് പാരീസിലെ ഒരു നയതന്ത്രജ്ഞൻ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഫ്രഞ്ച്-ഇറ്റാലിയൻ വ്യോമ പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനുള്ള സമാനമായ അഭ്യർഥനയും നിരസിക്കപ്പെട്ടു. അഗോസ്റ്റ 90 ബി ക്ലാസ് മുങ്ങിക്കപ്പലുകളുടെ എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സംവിധാനങ്ങള്‍ നവീകരിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. മുങ്ങിക്കപ്പലുകൾക്ക് കൂടുതൽ സമയം വെള്ളത്തിനടിയിൽ തുടരാൻ അനുവദിക്കുന്ന സംവിധാനമാണിത്. എന്നാൽ പാക്കിസ്ഥാന്റെ ഈ ആവശ്യവും ഫ്രാൻസ് നിരസിച്ചു.

 

പാക്ക് വ്യോമസേനയിലെ 150 ഓളം മിറാഷ് യുദ്ധവിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷൻ നിർമിച്ചു നൽകിയതാണ്. പാക്ക് നാവികസേനയ്ക്ക് മൂന്ന് അഗോസ്റ്റ 90 ബി മുങ്ങിക്കപ്പലുകളുണ്ട്. ഖാലിദ്, സാദ്, ഹംസ എന്നിവയാണത്. യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും നവീകരിക്കേണ്ടതില്ലെന്ന ഫ്രാൻസിന്റെ തീരുമാനം പാക്ക് പ്രതിരോധ സേനയെ കാര്യമായി തന്നെ ബാധിക്കും. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യത്തോട് യോജിക്കാൻ പോകുന്ന പാക്ക് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.‌

 

English Summary: France Refuses To Upgrade Pakistan’s Mirage Fighter Jets, Submarines After Macron Bashing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com