അമേരിക്ക വ്യോമാക്രമണത്തിനൊരുങ്ങുന്നു? താലിബാൻ പിടിച്ചെടുത്ത വിമാനങ്ങളും വാഹനങ്ങളും തകർക്കാൻ
Mail This Article
അഫ്ഗാൻ സൈന്യത്തിനു നൽകിയതും അല്ലാത്തതുമായ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നൈറ്റ് വിഷൻ സംവിധാനങ്ങൾ, ഡ്രോണുകൾ, കവചിത വാഹനങ്ങൾ എന്നിവ തകർക്കാൻ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിൻമാറിയതിന് ശേഷമാകും ആക്രമണം. ഇപ്പോൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം നടക്കുകയാണ്. ഈ സമയത്ത് വ്യോമാക്രമണം നടത്തിയാൽ കാര്യങ്ങൾ പ്രശ്നത്തിലേക്ക് നീങ്ങുമെന്ന് കണ്ടാണ് ആക്രമണം നീട്ടുന്നതെന്നും സൂചനയുണ്ട്.
നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ കൈവശമുണ്ട്. ഇതെല്ലാം അമേരിക്കയ്ക്ക് ഭാവിയിൽ വൻ വെല്ലുവിളിയാകും. ചൈനയും റഷ്യയും ഇപ്പോൾ താലിബാനോട് സഹകരിക്കുന്നുണ്ട്. ഇതോടെ അമേരിക്കയുടെ ചില ആയുധങ്ങളുടെ രഹസ്യങ്ങളെങ്കിലും വിദേശത്തേക്ക് കടത്തിയേക്കും.
പിടിച്ചെടുത്ത യുഎസ് വാഹനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ ഭീകരർ പരിശോധിക്കുന്നത് വിവിധ വിഡിയോകളിൽ കാണാം. പുതിയ തോക്കുകൾ, ആശയവിനിമയ ഉപകരണങ്ങൾ, സൈനിക ഡ്രോണുകൾ എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇതിൽ മിക്കതും അഫ്ഗാൻ സൈന്യത്തെ സഹായിക്കാൻ അമേരിക്ക നൽകിയതാണ്.
താലിബാൻ ഈ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ യുഎസ് ഉദ്യോഗസ്ഥർക്ക് ആശങ്കയില്ല. എന്നാൽ, ഉപകരണങ്ങൾ മറ്റു ഭീകര സംഘടനകൾ പിടിച്ചെടുക്കുകയോ ചൈനയ്‌ക്കോ റഷ്യയ്‌ക്കോ കൈമാറുകയോ ചെയ്യുമെന്നും യുഎസിന് ആശങ്കയുണ്ട്. ഏകദേശം 2,000 കവചിത വാഹനങ്ങളും 40 വരെ എയർക്രാഫ്റ്റുകളും അഫ്ഗാനിസ്ഥാനിലുണ്ട്. ഇവിടത്തെ ഓരോ കേന്ദ്രത്തിന്റെയും വ്യക്തമായ രൂപരേഖ ഇപ്പോള്‍ തന്നെ അന്വേഷണ ഏജൻസികൾ തയാറാക്കിയിട്ടുണ്ട്. വൈകാതെ തന്നെ ഈ പ്രദേശങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വലിയ ആയുധങ്ങൾ, രഹസ്യങ്ങൾ നശിപ്പിക്കാൻ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്താൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് അധികൃതർ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു.
താലിബാൻ ഭീകരർ അഫ്ഗാൻ സേനയിൽ നിന്ന് പിടിച്ചെടുത്ത യുഎസ് നിർമിച്ച ആയുധങ്ങൾ ഞങ്ങൾ ഇതിനകം തന്നെ കണ്ടതാണ്. ഇത് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കാര്യമായ ഭീഷണി ഉയർത്തുന്നുവെന്നും റിപ്പബ്ലിക്കൻ പ്രതിനിധിയായ മൈക്കൽ മക്കോൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
English Summary: Taliban takes over U.S. war chest given to Afghan military