മൊസാദിന്റേത് ലോകത്തെ ആദ്യ ‘എഐ കൊലപാതകം’! ഇത് ഭാവിയുടെ പേടിസ്വപ്നമാകും?
Mail This Article
2020 നവംബര്‍ 27ന് ഉച്ചതിരിഞ്ഞാണ് ഇറാനെ ഞെട്ടിച്ച ആ സംഭവം നടന്നത്. അന്നാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്സീൻ ഫക്രിസാദേ (Fakhrizadeh) കൊല്ലപ്പെട്ടത്. പിക് അപ് ട്രക്കില്‍ ഘടിപ്പിച്ചിരുന്ന മെഷീന്‍ ഗണ്‍ അദ്ദേഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു. മനുഷ്യരാരും നേരിട്ടു രംഗത്തിറങ്ങാതെ, ലോകത്ത് ആദ്യമായി നിർമിത ബുദ്ധിയുടെ ശേഷി പ്രയോജനപ്പെടുത്തി നടത്തിയ കൊലപാതകം ഇതായിരിക്കാമെന്നും കരുതുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ വേറെയും കൊലപാതകങ്ങള്‍ നടന്നിരിക്കാം, പക്ഷേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് ആദ്യസംഭവം ഇതാണ്. ഇസ്രയേലിന്റെ മൊസാദാണ് ആക്രമണത്തിനു പിന്നിലെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.
∙ സയന്‍സ് ഫിക്ഷനില്‍ നിന്ന് നിത്യജിവിതത്തിലേക്ക് എഐ
നിര്‍മിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന യന്ത്രങ്ങളും മനുഷ്യരും അടുത്തിടെ വരെ കൊലനടത്തിയിരുന്നത് സയന്‍സ് ഫിക്ഷന്‍ നോവലുകളിലും സിനിമകളിലുമായിരുന്നു. എന്നാല്‍, ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ മനുഷ്യര്‍ ഇനി ഭയക്കേണ്ട കാലമാണ് വരുന്നത്. ലോകമെമ്പാടും അധികാരവും പണവും എല്ലാം കുറച്ചു കരങ്ങളിലേക്ക് ഒതുങ്ങുന്ന കാഴ്ചകൂടി നാം കാണുന്നുണ്ട് എന്നതും മനസ്സില്‍ വയ്ക്കണം. ഫക്രിസാദേയുടെ കാര്യത്തിലേക്കു വന്നാല്‍, കാര്‍ ഇറാനിലെ ഫിറുസ്‌കോഹ് (Firuzkouh) റോഡില്‍ വച്ച് യൂ-ടേണ്‍ എടുത്ത സമയത്ത് അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്യുന്നതെന്ന് കൊലയാളി ഉറപ്പുവരുത്തിയിരുന്നു. ഇരയെ നിരീക്ഷിക്കാന്‍ വിട്ടിരുന്ന കാറില്‍ ഘടിപ്പിച്ചിരുന്ന ഫെയ്‌സ് ഡിറ്റക്ഷന്‍ സിസ്റ്റം വഴിയാണ് ഇത് സാധ്യമാക്കിയത്. കിട്ടിയ വിവരം മനുഷ്യര്‍ നിയന്ത്രിക്കുന്ന കണ്ട്രോള്‍ റൂമിനു കൈമാറിയിട്ടുണ്ടാകാം. പക്ഷേ, അതിനൂതനമായ ഒരു നിർമിത ബുദ്ധി സംവിധാനത്തിന്റെ മികവില്ലാതെ ഇത്തരം ഒരു കൊല നടത്താനാവില്ല.
∙ കണ്ട്രോള്‍ റൂമില്‍ മനുഷ്യര്‍ ഉണ്ടായിരുന്നല്ലോ, അപ്പോള്‍ എങ്ങനെ എഐ കൊലയാകും?
കണ്ട്രോള്‍ റൂമിന്റെ ഇടപടല്‍ ഉണ്ടെന്നത് നേരുതന്നെയാണ്. പക്ഷേ, ഇനി നടന്നത് എന്താണെന്നു ശ്രദ്ധിച്ചാല്‍ തോക്ക് നിയന്ത്രിച്ചത് അതിനൂതനമായ ഒരു എഐ സിസ്റ്റം തന്നെയായിരിക്കാമെന്ന് മനസ്സിലാകും. ഓടുന്ന കാറില്‍ അടുത്ത സീറ്റിലിരിക്കുന്ന ഭാര്യയ്ക്ക് പോലും പരുക്കേൽക്കാതെ ഫക്രിസാദേയ്ക്കു നേരെ അതീവ കൃത്യതയോടെ നിറയൊഴിക്കാന്‍ സാധിക്കുക എന്നു പറയുന്നത് സാങ്കേതികവിദ്യ എന്തുമാത്രം വളര്‍ന്നു എന്നതിന്റെ തെളിവാണ്. ഈ യന്ത്രത്തോക്കിന് ആളുകളെ തിരിച്ചറിയാനുള്ള കഴിവ് എത്രമാത്രം ഉണ്ടെന്നതാണ് ഞെട്ടലുണ്ടാക്കിയത്. അതായത് വ്യക്തികളെ തിരിച്ചറിഞ്ഞ് നിറയൊഴിക്കാന്‍ കഴിവുള്ള നിർമിത ബുദ്ധിയുള്ള, പ്രോഗ്രാം ചെയ്ത ഒരു തോക്കിനെ മനുഷ്യരാശിക്ക് ഭയക്കാതിരിക്കാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇദ്ദേഹത്തിന്റെ അധികം ഫോട്ടോകള്‍ പോലും ലഭ്യമല്ലായിരുന്നു എന്നതാണ്. ഒട്ടും തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിക്കാതെ ജീവച്ച വ്യക്തിയുടെ ഗതിയാണിത്.
∙ ആരായിരുന്നു ഫക്രിസാദേ?
ഫക്രിസാദേ ആണ് ഇറാന്റെ ആറ്റംബോംബ് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പോകുന്നതെന്ന കാര്യത്തെക്കുറിച്ച് ഇസ്രയേലിനു സംശയമുണ്ടായിരുന്നില്ല. നീണ്ട 14 വര്‍ഷമാണ് അവർ അദ്ദേഹത്തെ വകവരുത്താന്‍ തക്കംപാര്‍ത്തിരുന്നത്. തനിക്കെതിരെ അത്രയധികം വധഭീഷണികളും വധശ്രമങ്ങളും നടന്നിരിക്കുന്നതിനാല്‍ ഫക്രിസാദേ തന്നെ അതേക്കുറിച്ച് ശ്രദ്ധിക്കാതെ വന്നിരുന്നു. ഇറാന്റെ സൈനികരിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സാധാരണ ജീവിതം ആസ്വദിക്കാനായിരുന്നു. കുടുംബവുമൊത്ത് ചെലവിടുമ്പോള്‍ കിട്ടിയിരുന്ന ചെറിയ സന്തോഷങ്ങളിലായിയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. പേര്‍ഷ്യന്‍ കവിതകള്‍ വായിക്കുക, കുടുംബവുമൊത്ത് കടല്‍ത്തീരത്ത് ഇരിക്കുക, ഗ്രാമപ്രദേശങ്ങളിലൂടെ കാറോടിക്കുക അങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളായിരുന്നു അദ്ദേഹത്തിന് പ്രിയം.
∙ ഫക്രിസാദേയെ കണ്ടെത്തല്‍ വിഷമകരമായിരുന്നു
കൊല്ലപ്പെടുന്ന ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം കേൾക്കാതെ അദ്ദേഹം സ്വയം കാറോടിക്കാൻ തീരുമാനിക്കുകയായിരുന്നു. കവചിത വാഹനങ്ങളില്‍ അംഗരക്ഷകര്‍ കൊണ്ടുപോകേണ്ട അത്ര പ്രാധാന്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നടന്നത് ഗൗരവമുള്ള സുരക്ഷാ വീഴ്ചയായിരുന്നു. ഇറാന്‍ ആണവായുധം നിർമിക്കുന്നത് തടയണമെന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഉത്തരവിട്ടത് 2004ല്‍ ആണ്. അങ്ങനെ 2007ല്‍ നടത്തിയ ഒരു ആക്രമണത്തില്‍ അവര്‍ ഇറാന്റെ അഞ്ച് ആണവശാസ്ത്രജ്ഞരെ കൊല്ലുകയും ഒരാളെ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മിക്ക ശാസ്ത്രജ്ഞരും ഫക്രിസാദേയ്ക്ക് കീഴില്‍ ജോലിയെടുത്തവര്‍ ആയിരുന്നു. ഇറാന്റെ ദീര്‍ഘദൂര മിസൈലില്‍ പോര്‍മുനയായി ഘടിപ്പിക്കാന്‍ പാകത്തിനു ചെറിയൊരു ആണവായുധം നിര്‍മിച്ചെടുക്കുക എന്ന രഹസ്യദൗത്യം ഏല്‍പ്പിച്ചിരുന്നത് ഫക്രിസാദേയെ ആയിരുന്നു എന്നാണ് ഇസ്രയേലിന്റെ വാദം. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്തുക എന്നത് വിഷമകരമായിരുന്നു.
∙ കാഞ്ചി വലിച്ചത് 1,000 മൈല്‍ അകലെയിരുന്ന്!
ഉച്ചതിരിഞ്ഞ് ഏകദേശം 1 മണിക്കാണ് കൊലപാതകത്തിന് തയാറായി എത്തിയവര്‍ക്ക് ഫക്രിസാദേയും അദ്ദേഹത്തിന്റെ ഭാര്യയും ആയുധ ധാരികളായ അംഗരക്ഷകരുള്ള അകമ്പടി വാഹനങ്ങളും പുറപ്പെട്ടുവെന്ന അറിയിപ്പ് ലഭിക്കുന്നത്. കൊലയാളി കംപ്യൂട്ടര്‍ സ്‌ക്രീനിനു പിന്നിലേക്കെത്തി തോക്കു സജ്ജമാക്കി കാഞ്ചിയില്‍ വിരലമര്‍ത്തി ഇരുന്നു. ഇയാള്‍ സംഭവം നടക്കുന്ന സ്ഥലത്തിന് അടുത്തൊന്നും ആയിരുന്നില്ല. കുറഞ്ഞത് 1,000 മൈല്‍ അകലെയിരുന്നാണ് ഫക്രിസാദേയുടെ വരവിനായി കാത്തിരുന്നത്. ഈ സമയത്തിനുളളില്‍ ഇറാനിലുണ്ടായിരുന്ന ഇസ്രയേലി ചാരന്മാര്‍ അതിര്‍ത്തി കടക്കുകയും ചെയ്തിരുന്നു.
∙ അക്കാലത്തു വന്ന റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ തെറ്റ്?
അക്കാലത്തു പുറത്തുവന്ന റിപ്പോര്‍ട്ടുകളിലേറെയും തെറ്റായിരുന്നു. എന്നാല്‍, റവലൂഷണറി ഗാര്‍ഡ്‌സിനെ ഉദ്ധരിച്ചു പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ കൊല നടത്തിയത് റോബോട്ട് ആയിരിക്കാമെന്ന വാദവുമുണ്ടായിരുന്നു. അകലെയിരുന്നാണ് മുഴുവന്‍ കാര്യങ്ങളും നിര്‍വഹിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ദൃക്‌സാക്ഷികളുടെ മൊഴികളുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടില്ല എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ദൗത്തിനു ശേഷം ആക്രമണകാരികളുമായി അംഗരക്ഷകര്‍ ഏറ്റുമുട്ടിയെന്നും അവരെ വധിച്ചുവെന്നും വരെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ കാണാം. കൂടാതെ റോബോട്ട് തിയറിയെ ഇറാന്‍ തള്ളിക്കളയുകയും ചെയ്തു. തങ്ങള്‍ക്ക് അത്രമേല്‍ വേണ്ടപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പോലും സാധിച്ചില്ലെന്നത് രാജ്യാഭിമാനത്തിന് ക്ഷതംതട്ടുന്ന കാര്യമായിരുന്നതിനാല്‍ ആയിരുന്നു അത്. ബിബിസിയുടെ വിശകലന വിദഗ്ധന്‍ തോമസ് വിറ്റിങ്ടണും റോബോട്ട് നടത്തിയ കൊല എന്ന വാദം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.
∙ കൊല നടത്തിയത് ശരിക്കുമൊരു റോബോട്ട് തന്നെ
അതേസമയം, ഇത്തവണ കൊല നടത്തിയത് ശരിക്കുമൊരു റോബോട്ട് തന്നെയാണെന്ന് എന്‍വൈടി പറയുന്നു. അന്ന് ഉച്ചതിരിഞ്ഞു നടന്ന കാര്യങ്ങള്‍ ഇതാദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നും എന്‍വൈടി അവകാശപ്പെടുന്നുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളുടെ വെളിച്ചത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ഫക്രിസാദേയുടെ കുടുംബം സർക്കാരിനോട് നേരിട്ടു നടത്തിയ വെളിപ്പെടുത്തലുകളും ഇതു ശരിവയ്ക്കുന്നു. ഇത് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ കംപ്യൂട്ടര്‍ ഷാര്‍പ്ഷൂട്ടര്‍ അവതരിച്ചു
അതിനൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, കംപ്യൂട്ടര്‍ ഉപയോഗിച്ച്, നിർമിത ബുദ്ധി ഇടകലര്‍ത്തി നടത്തിയ കൊലയാണിതെന്നു പറയുന്നു. സാറ്റലൈറ്റ് വഴി പ്രവർത്തിച്ചിരുന്ന ക്യാമറ കണ്ണുകളും ഇതില്‍ പങ്കെടുത്തു. ഇതെല്ലാം ലോകത്തെ സുരക്ഷാ സംവിധാനത്തിന് ഇനി ഭീഷണി സൃഷ്ടിക്കാം. ഇതു കൂടാതെ കൊലയാളി റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മൊസാദിന്റെ ശേഷി പതിന്മടങ്ങ് വളര്‍ന്നിരിക്കുന്നുവെന്നും പറയുന്നു. അതേസമയം, ഇത്തരം ആക്രമണങ്ങള്‍ എളുപ്പമല്ല. കാരണം യന്ത്രത്തോക്കുകളും മറ്റും ഒളിപ്പിക്കുക എന്നു പറയുന്നത് ചില്ലറ കാര്യമല്ല.
ഇസ്രയേല്‍ വാഹനത്തില്‍ മറച്ചുവച്ച് ഉപയോഗിച്ച മെഷീന്‍ ഗണ്‍ സിസ്റ്റത്തിന്റെ ഭാരം ഏകദേശം 1 ടണ്‍ ആയിരുന്നു. ഇറാനില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു ട്രക്കിലാണ് ഇത് ഘടിപ്പച്ചത്. ട്രക്കില്‍ സ്‌ഫോടകവസ്തുക്കളും നറച്ചിരുന്നു. കൃത്യനിര്‍വഹണത്തിനു ശേഷം പൊട്ടിത്തകര്‍ന്ന് സകല തെളിവുകളും നശിപ്പിച്ചുകളഞ്ഞു. ഇസ്രയേല്‍ ഉപയോഗിച്ചത് ബെല്‍ജിയത്തില്‍ നിര്‍മിച്ച എഫ്എന്‍ മാഗ് മെഷീന്‍ ഗണ്‍ ആയിരുന്നു. ക്യാമറകള്‍ വഴി ശേഖരിക്കുന്ന ഡേറ്റ പ്രകാശവേഗത്തില്‍ എത്തിച്ചാല്‍ പോലും നേരിയൊരു കാലതാമസം എടുക്കും. ഏകദേശം 1.6 സെക്കന്‍ഡ് കാലതാമസം വരെ എടുക്കാം. ഇതുമതി വെടിയുണ്ട കൊള്ളാതിരിക്കാന്‍. ഇതിനുള്ള കോംപന്‍സേഷന്‍ നടത്താന്‍ എഐയെ പ്രോഗ്രാം ചെയ്തിരുന്നു എന്നതാണ് ഇസ്രയേലിന്റെ മികവത്രെ. എഐ ഉപയോഗിച്ചുള്ള ആക്രമണങ്ങളും മറ്റും താമസിയാതെ വര്‍ധിച്ചേക്കാം. മനുഷ്യചരിത്രത്തിലെ ഒരു അധ്യായത്തിനാണോ എഐ ആക്രമണം ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളിലൊന്ന്.
English Summary: Shocking report says AI has been involved in a high-profile shooting; Should humanity be worried?