ADVERTISEMENT

 വര്‍ഷത്തിലെ പ്രധാന വില്‍പന സീസണായ ക്രിസ്തുമസിന് തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ആപ്പിള്‍. ചിപ്പുകളുടെ ക്ഷാമവും കോവിഡിനെത്തുടര്‍ന്ന് ഐഫോണ്‍ നിര്‍മാണ സാമഗ്രികളുടെ വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ചൈനയിലെ വൈദ്യുതി നിയന്ത്രണവുമാണ് ആപ്പിളിന് തിരിച്ചടിയായിരിക്കുന്നത്. സാധാരണ അവധി ദിവസങ്ങള്‍ പോലും വെട്ടിക്കുറക്കാറുള്ള ക്രിസ്തുമസ് സീസണില്‍ ആപ്പിളിന് ഇക്കുറി വന്‍ തിരിച്ചടിയാണെന്നാണ് നിക്കെയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

 

ഒക്ടോബറിലെ സുവര്‍ണവാരം എന്ന് ചൈനയില്‍ അറിയപ്പെടുന്ന ദിവസങ്ങളിലാണ് പ്രതിസന്ധിയുടെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. സാധാരണ ചൈനീസ് കമ്പനികള്‍ ഈ ദിവസങ്ങളില്‍ അവധി നല്‍കാറാണ് പതിവ്. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ചൈന മാറിയതിന്റെ ആഘോഷമായ ഈ നീണ്ട അവധി ദിവസങ്ങളില്‍ ചൈനയിലെ ജനങ്ങള്‍ വലിയ തോതില്‍ യാത്രകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമായാണ് ഉപയോഗിക്കാറ്. ഈ സമയം ഉത്പാദനം കൂട്ടാനുള്ള സുവര്‍ണാവസരമായാണ് ഇതുവരെ ആപ്പിള്‍ ഉപയോഗിച്ചിരുന്നത്. ഓവര്‍ടൈം തൊഴിലാളികള്‍ക്ക് അനുവദിച്ച് 24 മണിക്കൂറും ആപ്പിള്‍ ഫാക്ടറികള്‍ പ്രവൃത്തിക്കാറാണ് പതിവ്. എന്നാല്‍ ഒരു ദശാബ്ദത്തിനിടെ ഇക്കുറി അതും തെറ്റി. 

 

'പല ഐഫോണ്‍ ഭാഗങ്ങള്‍ക്കും ചിപ്പുകള്‍ക്കും ക്ഷാമം നേരിടുകയാണ്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് അധികം ശമ്പളം നല്‍കിക്കൊണ്ട് കൂടുതല്‍ ജോലി എടുപ്പിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ഇങ്ങനെയൊരു സാഹചര്യം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്ന് ആപ്പിള്‍ വിതരണ ശൃംഖലയില മാനേജരെ ഉദ്ധരിച്ച് നിക്കയ് ഏഷ്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒക്ടോബറിലെ പ്രതിസന്ധിക്കുശേഷം നവംബറില്‍ ഐഫോണ്‍ ഉൽപാദനം ആരംഭിച്ചിരുന്നെങ്കിലും 230 ദശലക്ഷം സ്മാര്‍ട് ഫോണുകളെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ആപ്പിള്‍ എത്തില്ലെന്ന് ഇതിനകം തന്നെ ഉറപ്പായിരുന്നു. ഏതാണ്ട് 15 ദശലക്ഷം ഐഫോണുകളുടെ കുറവായിരിക്കും വിപണിയില്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുക.

 

ഐഫോണ്‍ 13ന്റെ നിര്‍മാണത്തില്‍ 50 ശതമാനവും മറ്റു ഐഫോണുകളുടെ നിര്‍മാണത്തില്‍ 25 ശതമാനവും ഇടിവുണ്ടായി. അതേസമയം, ഐഫോണ്‍ 13ന്റെ ആവശ്യകതയിലുണ്ടായ കുറവാണ് ആപ്പിളിനെ ഉൽപാദനം വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിച്ചതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പലയിടത്തും ഐഫോണ്‍ 13 ലഭിക്കണമെങ്കില്‍ ദീര്‍ഘനാള്‍ കാത്തിരിക്കണമെന്നതും തിരിച്ചടിയായി. ഐഫോണ്‍ 12നെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളില്ല ഐഫോണ്‍ 13ന് എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 14ല്‍ കൂടുതല്‍ വിപുലമായ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്‍ അതിനായി കാത്തിരിക്കാന്‍ ഒരുവിഭാഗം തയാറാവുകയും ചെയ്തു.

 

English Summary: Apple is 'forced to halt its 24-hour iPhone production in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com