ADVERTISEMENT

അബുദാബിക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ നീക്കം. തിങ്കളാഴ്ച പുലര്‍ച്ചെ ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ മുകളിൽ വച്ച് തന്നെ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബിയെ ലക്ഷ്യമാക്കിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തത് യുഎഇ അമേരിക്കയിൽ നിന്ന് വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനം താഡ് ആണ്. ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

അൽ-ദഫ്ര എയർ ബേസിന് സമീപമുള്ള എമിറാത്തി എണ്ണ കേന്ദ്രം ലക്ഷ്യമിട്ട് ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ ദിവസങ്ങൾക്ക് മുൻപ് വൻ ആക്രമണം നടത്തിയിരുന്നു. ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) യുഎഇ ആദ്യമായി ഉപയോഗിച്ചതും അന്നായിരുന്നു. എന്നാൽ, എല്ലാ മിസൈലുകളെയും പ്രതിരോധിക്കാന്‍ അന്ന് സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 

എന്നാൽ, യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ വിന്യസിച്ചിരിക്കുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങൾ തിങ്കളാഴ്ച പുലർച്ചെ തന്നെ ഇവിടേക്ക് കുതിച്ചെത്തിയ മിസൈലുകളെ മുൻകൂട്ടി കണ്ടെത്തുകയും തകർക്കുകയും ചെയ്തു. ഇതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിലെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തകർക്കുന്നത് കാണിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിൽ വിമാന ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന മാരകമായ ആക്രമണത്തിൽ ഹൂതികൾ പലതരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു.

 

∙ യുഎഇയെ സുരക്ഷിതമാക്കാൻ അമേരിക്കയുടെ മിസൈൽ കവചം

taad-missile

 

യുഎഇയിലെ പ്രധാന പ്രദേശങ്ങളെ സംരക്ഷിക്കാൻ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനമാണ് ഉപയോഗിക്കുന്നത്. താഡ് എന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഹൂതികളുടെയും മറ്റു ശത്രുക്കളുടെയും വെല്ലുവിളികളെ നേരിടാനാണ് അമേരിക്കയുടെ അഡ്വാൻസ്ഡ് ആന്റി മിസൈൽ സിസ്റ്റം യുഎഇയും വിന്യസിച്ചത്.

 

∙ ഏറ്റവും മികച്ച പ്രതിരോധം

 

ലോഞ്ചറുകൾ, മിസൈലുകൾ, കൺട്രോൾ സ്റ്റേഷനുകൾ, റഡാർ എന്നീ സംവിധാനങ്ങൾ ഉള്‍പ്പെടുന്നതാണ് താഡ്. ദക്ഷിണകൊറിയയിൽ സ്ഥാപിച്ച തെർമിനൽ ഹൈ ആൾറ്റിട്യൂഡ് (താഡ്) സംവിധാനമാണ് ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്.  അമേരിക്കയുടെ പ്രധാന മിസൈൽ കവചമായ താഡിനൊപ്പമുള്ള സി2ബിഎംസി സോഫ്റ്റ്‌വെയർ സിസ്റ്റവും ഉപയോഗിക്കേണ്ടതുണ്ട്. താഡിന്റെ നിയന്ത്രണം സാറ്റലൈറ്റ്, സോഫ്റ്റ്‌വെയറുകൾ വഴിയാണ് നടക്കുന്നത്. നിലവിൽ അമേരിക്കയ്ക്ക് പുറമെ യുഎഇ, തുർക്കി, ദക്ഷിണ കൊറിയ മാത്രമാണ് താഡ് മിസൈൽ കവചം ഉപയോഗിക്കുന്നത്.

 

∙ 150 കിലോമീറ്റർ ദൂരപരിധി

 

താഡ് അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം. ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാറാണ്.

 

English Summary: US THAAD air defense system's first use was in Houthi attack on UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com