സോവിയറ്റ് യൂണിയനെ ഞെട്ടിച്ച സിഐഎ: കണ്ടെത്തിയത് രഹസ്യ മുങ്ങിക്കപ്പൽ
Mail This Article
രൂപീകൃതമായ ശേഷം മുക്കാൽ നൂറ്റാണ്ടു കാലയളവു പൂർത്തീകരിക്കുകയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎ. 75 വർഷങ്ങൾ നീണ്ട തങ്ങളുടെ പ്രവർത്തനകാലയളവിൽ അതിസാഹസികവും ലോകത്തെ ഞെട്ടിച്ചതുമായ ദൗത്യങ്ങൾ സിഐഎ നടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് പ്രോജക്ട് അസോറിയൻ. സിഐഎയുടെ ഏറ്റവും വിജയകരമായ കടൽദൗത്യങ്ങളിലൊന്നെന്നും അസോറിയൻ ദൗത്യം അറിയപ്പെടുന്നു. യുഎസും സോവിയറ്റ് യൂണിയനുമായി ശീതസമരം കൊടുമ്പിരി കൊണ്ടുനിന്ന അക്കാലയളവിൽ, അസോറിയൻ ദൗത്യത്തിലെ വിജയം യുഎസിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
1968... ഹവായിക്ക് സമീപം അണ്വായുധശേഷിയുള്ള കെ–129 എന്ന സോവിയറ്റ് മുങ്ങിക്കപ്പൽ മുങ്ങി. അണ്വായുധ പോർമുനകളുള്ള മിസൈലുകളും ഇതിലുണ്ടായിരുന്നെന്ന് കരുതപ്പെടുന്നു. ഈ കപ്പൽ വീണ്ടെടുക്കാൻ സോവിയറ്റ് യൂണിയൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. രണ്ടു മാസങ്ങൾ സോവിയറ്റ് യൂണിയൻ മേഖലയിൽ വലിയ തിരച്ചിൽ നടത്തിയെങ്കിലും കപ്പലിന്റെ സ്ഥാനം നിർണയിക്കാൻ സാധിച്ചില്ല. ഒടുവിൽ സോവിയറ്റ് സംഘങ്ങൾ തോറ്റുമടങ്ങി.
എന്നാൽ അക്കാലത്ത് അമേരിക്കൻ വ്യോമസേന കടലിൽ മറയുന്ന കപ്പലുകളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഹവായിയിൽ നിന്ന് 2500 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ട് 16,500 അടി താഴ്ചയിലാണ് കപ്പലുള്ളതെന്ന് താമസിയാതെ കണ്ടെത്തി. നട്ടിലും ബോൾട്ടിലും വരെ നൂതന സോവിയറ്റ് നാവിക സാങ്കേതികവിദ്യകൾ പ്രയോഗിച്ച് നിർമിച്ച മുങ്ങിക്കപ്പലായിരുന്നു കെ–129. ഈ മുങ്ങിക്കപ്പൽ പൊക്കിയെടുത്തു പഠിക്കാൻ സാധിച്ചാൽ ശീതയുദ്ധത്തിൽ റഷ്യൻ നാവികപ്രൗഢിയെ എല്ലാ രീതിയിലും മറികടക്കാൻ തങ്ങൾക്കു കഴിയുമെന്ന് സിഐഎയ്ക്ക് ഉറപ്പായിരുന്നു. പക്ഷേ ഇത്രയും ആഴത്തിൽ നിന്ന് ഒരു രാജ്യവും ഇത്രയും ഭാരമുള്ള മുങ്ങിക്കപ്പലുകളോ കപ്പലുകളോ ഒന്നുംതന്നെ പൊക്കിയെടുത്തിട്ടില്ല.
എന്നാൽ, ഒരു കൈ നോക്കാൻ തന്നെ സിഐഎ തീരുമാനിച്ചു. അവരുടെ നേതൃത്വത്തിൽ ഭാരമേറിയ സ്വകാര്യ കപ്പലായ ഗ്ലോമാർ എക്സ്പ്ലോറർ നിയോഗിക്കപ്പെട്ടു. സമുദ്രഖനനത്തിന് ഉപയോഗിക്കുന്ന ഈ വമ്പൻ കപ്പൽ വലുപ്പം കാരണം പാനമ കനാൽ ഉപയോഗിക്കാതെ ലാറ്റിൻ അമേരിക്കൻ തീരം ചുറ്റിയാണ് ഹവായിയിലെത്തിയത്.അതീവ രഹസ്യമായിരുന്നു ഈ വരവ്. സോവിയറ്റ് യൂണിയൻ ഇതറിഞ്ഞാൽ വലിയ രാജ്യാന്തര പ്രശ്നങ്ങളുണ്ടാകുമെന്ന് സിഐഎയ്ക്ക് അറിയാമായിരുന്നു.
സമുദ്രഗവേഷകരെന്ന വ്യാജേന മേഖലയിൽ നിലയുറപ്പിച്ച സിഐഎ നിയോഗിത സംഘം നാലുവർഷം നീണ്ട അധ്വാനത്തിനൊടുവിൽ കപ്പൽ പൊക്കിയെടുക്കുക തന്നെ ചെയ്തു. 1968ൽ മുങ്ങിയ കപ്പൽ അങ്ങനെ 1974ൽ പൊങ്ങി.
English Summary: During the Cold War, the CIA Secretly Plucked a Soviet Submarine From the Ocean Floor Using a Giant Claw