75 വര്‍ഷത്തെ ഇന്ത്യാ-അമേരിക്ക ബന്ധം ദൃഢപ്പെടുത്താന്‍ മിജിറ്റ് കപ്പല്‍ ചെന്നൈയില്‍
Mail This Article
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂട്ടുകെട്ടിലെ വിശ്വസ്തത അരക്കിട്ടുറപ്പിക്കാന്‍ അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ മിജിറ്റ് ചെന്നൈ തുറമുഖത്തെത്തി. ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡ് കട്ടര്‍ (യുഎസ്‌സിജിസി) മിജിറ്റ് (Midgett) എന്ന പേരിലറിയപ്പെടുന്ന കപ്പലാണ് ചെന്നൈയില്‍ എത്തിയത്. 'ഒരു ഇന്തോ-പസിഫിക് രാജ്യമായിരിക്കുക എന്നതില്‍ അമേരിക്ക അഭിമാനിക്കുന്നു. തങ്ങളുടെ പ്രധാന താത്പര്യങ്ങള്‍ ഈ മേഖലയില്‍ നിന്ന് വേര്‍പെടുത്താനാകാത്ത രീതയില്‍ ഇഴചേര്‍ന്നു കിടക്കുന്നു' എന്നാണ് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ (Consul) ജനറല്‍ ജൂഡിത് റാവിന്‍ പറഞ്ഞത്.
ഇരു രാജ്യങ്ങളിലെയും തീരസംരക്ഷണ സേനകള്‍ തമ്മില്‍ ആശയക്കൈമാറ്റം നടത്തുക എന്നത് മിജിറ്റിന്റെ സന്ദര്‍ശന ലക്ഷ്യങ്ങളിലൊന്നാണ്. സെപ്റ്റംബര്‍ 16ന് നങ്കുരമിട്ട കപ്പല്‍ 19ന് തിരിച്ചു പോകും. സന്ദര്‍ശനം ഇരു രാജ്യങ്ങളിലെയും തീരസംരക്ഷണ സേനകളും തമ്മിലുള്ള 75 വര്‍ഷത്തെ വിശ്വസ്ത ബന്ധം ശക്തിപ്പെടുത്തുന്നതിനാണ്. ഇന്ത്യന്‍ സമുദ്രത്തിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിക്കും.
ലോകത്തെ ഏറ്റവും വലിയ നാവിക പ്രകടനമായ റിം ഓഫ് ദി പസിഫിക്കിനു ശേഷമാണ് മിജിറ്റിന്റെ ചെന്നൈ സന്ദര്‍ശനം. ഈ വര്‍ഷത്തെ റിം ഓഫ് ദി പസിഫിക്കില്‍ 26 രാജ്യങ്ങളും 38 പടക്കപ്പലുകളും 4 മുങ്ങിക്കപ്പലുകളും 170 യുദ്ധവിമാനങ്ങളും 25,000 ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ഈ പ്രകടനം സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും മിജിറ്റ് സന്ദര്‍ശിച്ചു. ഇനി മാലദ്വീപിലേക്കാണ് പോകുക.
∙ മിജിറ്റില്‍ എന്താണ് ഉള്ളത്?
അത്യാധുനിക യുദ്ധ സജ്ജീകരണങ്ങളും സംവിധാനങ്ങളും വഹിച്ചാണ് മിജിറ്റ് എത്തിയിരിക്കുന്നത്. അണ്‍ ആംഡ് ഏറിയല്‍ സിസ്റ്റമായ സ്‌കാന്‍ ഈഗിള്‍ ഡ്രോണ്‍, എംഎച്-65 ഹെലികോപ്റ്റര്‍, മറ്റ് അതിനൂതന യുദ്ധ സംവിധാനങ്ങള്‍ ഒക്കെ മിജിറ്റില്‍ സജ്ജീകരിച്ചിരുന്നു. കട്ടര്‍ വിഭാഗത്തിലുള്ള ഏറ്റവും വലുതും ആധുനികവുമായ അമേരിക്കന്‍ നാവികസേനയുടെ കപ്പലാണ് യുഎസ്‌സിജിസി മിജിറ്റ്.
ഏറ്റവും വലിയ വെല്ലുവിളികളെ പോലും നേരിടാന്‍ സജ്ജമാണ് ഇത്. റെയര്‍ അഡ്മിറല്‍ ജോണ്‍ അലന്‍ മിജിറ്റിന്റെ പേരാണ് കപ്പിലിനു നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ ലൈഫ് സേവിങ് മെഡല്‍ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. 1918 ബ്രിട്ടിഷ് ടാങ്കറില്‍ നിന്ന് 42 സൈനികരെ സാഹസികമായി രക്ഷിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്. ഏകദേശം 170 ഉദ്യോഗസ്ഥരെ വഹിക്കാന്‍ കെല്‍പ്പുള്ളതാണ് മിജിറ്റ്.
∙ മിജിറ്റിന്റെ ശേഷി
ഇതിന് 418 അടിയാണ് നീളം. മിജിറ്റിന്റെ ബിമിന് 54 അടി നീളമുണ്ട്, ഡ്രാഫിറ്റിന് 22 അടിയും. റൂഫിന്റെ പൊക്കം 154 അടിയാണ്. പരമാവധി സ്പീഡ് 28 നോട്‌സ് ആണ്. (മണിക്കൂറില്‍ ഏകദേശം 32.221825 മൈല്‍ സ്പീഡ്.) ചെന്നൈയില്‍ എത്തിയിരിക്കുന്ന കപ്പലില്‍ 143 പേരാണ് ആകെ ഉള്ളത്. ഇവരില്‍ 23 ഓഫിസര്‍മാരും, 120 നാവികരും ഉള്‍പ്പെടും.
യുഎസ്‌സിജിസി മിജിറ്റിന്റെ മേധാവി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വിലി കാര്‍മൈക്കിള്‍ ആണ്. അദ്ദേഹമാണ് ഓഗസ്റ്റ് 2021 മുതല്‍ ഈ സ്ഥാനത്തുള്ളത്. ഇന്തോ-പസിഫിക്കിലുള്ള തങ്ങളുടെ സഖ്യരാജ്യങ്ങളോട് തികഞ്ഞ പ്രതിജ്ഞാബദ്ധത അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പ്രകടിപ്പിക്കുന്നുഎന്ന് ക്യാപ്റ്റന്‍ കാര്‍മൈക്കിള്‍ പറഞ്ഞു. സഹകരണത്തിനായി അര്‍ഥവത്തായ രീതിയില്‍ ആശയക്കൈമാറ്റം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്തോ-പസിഫിക് മേഖല സ്വതന്ത്രവും തുറന്നതുമായി നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രയത്‌നത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
∙ യുഎസ്‌സിജിസിയുടേത് നിസ്തുലമായ ചരിത്രം
അമേരിക്കന്‍ തീരസംരക്ഷണ സേനയുടേത് നിസ്തുലമായ ചരിത്രമാണ്. അത് ഒരേസമയം ഒരു നിയമസംരക്ഷണ ഏജന്‍സിയും, സായുധ സേനയുമാണ്. ഇന്തോ-പസിഫിക് മേഖലയില്‍ 150 വര്‍ഷത്തെ സേവന പാരമ്പര്യമാണ് അത് ഉയര്‍ത്തിക്കാണിക്കുന്നത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റ് കോസ്റ്റ് ഗാര്‍ഡുകളുമായി പങ്കുവയ്ക്കുക എന്നതും യുഎസ്‌സിജിസി പിന്തുടര്‍ന്നുവരുന്ന കാര്യങ്ങളിലൊന്നാണ്.
യുഎസ്‌സിജിസി മിജിറ്റിന്റെ ചെന്നൈ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച അമേരിക്കന്‍ എംബസിയിലെ നേവല്‍ അറ്റാഷെ ക്യാപ്റ്റന്‍ ഡേവിഡ് വില്‍കോക്‌സും കോസ്റ്റ് ഗാര്‍ഡിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. രാജ്യാന്തര നിയമങ്ങളും സുരക്ഷയും പാലിച്ചുളള സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതീവ സന്തോഷത്തോടെയാണ് താന്‍ യുഎസ്‌സിജിസി മിജിറ്റിന്റെ ക്രൂവിനെ ചെന്നൈയിലേക്ക് സ്വാഗതം ചെയ്യുന്നതെന്നാണ് ജൂഡിത് റാവിന്‍ പറഞ്ഞത്.
ഇന്തോ-പസിഫിക് മേഖലയിലെ തങ്ങളുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ എന്നും ജൂഡിത് പറഞ്ഞു. യുഎസ്‌സിജിസി മിജിറ്റിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതിവിശദമായ നിയന്ത്രണ, ആശയവിനിമയ സംവിധാനങ്ങള്‍ യുഎസ്‌സിജിസി മിജിറ്റില്‍ ഒരുക്കിയിട്ടുണ്ട്. കംപ്യൂട്ടറുകള്‍, അതിനൂതന നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉണ്ട്.
English Summary: United States Coast Guard Cutter Midgett Conducts Chennai Port Visit During Indo-Pacific Mission