ADVERTISEMENT

തെക്കൻ യുക്രെയ്‌നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്‌സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്ന പ്രദേശങ്ങളാകെ വെള്ളപ്പൊക്ക ഭീഷണിയിലായത് യുക്രെയ്ൻ യുദ്ധത്തിലെ പ്രധാന സംഭവമാണ്. സ്‌ഫോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണു സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻസേന തകർത്തതാണെന്നു യുക്രെയ്ൻ സൈന്യവും യുക്രെയ്‌നിന്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്നു റഷ്യൻ അധികൃതരും ആരോപിച്ചു.

Rescuers work at a site of a warehouse storing products burned after shelling, as Russia's attack on Ukraine continues, in Kharkiv, Ukraine March 16, 2022. Photo: Reuters/Vitalii Hnidyi
Rescuers work at a site of a warehouse storing products burned after shelling, as Russia's attack on Ukraine continues, in Kharkiv, Ukraine March 16, 2022. Photo: Reuters/Vitalii Hnidyi

Also Read: സൈന്യത്തിന്റെ ബ്രഹ്മാസ്ത്രമായി മാറാൻ ബ്രഹ്മോസ്

നിപ്രോ നദിയിൽ സോവിയറ്റ് കാലത്തു നിർമിച്ച 6 അണക്കെട്ടുകളിൽ ഏറ്റവും വലുതാണിത്. ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും ഈ ഡാമിൽനിന്നാണു വെള്ളം കൊണ്ടുപോകുന്നത്.വളരെ തന്ത്രപ്രധാനമായ മേഖലയും അണക്കെട്ടുമാണിതെന്ന് സാരം. യുദ്ധത്തിൽ അണക്കെട്ടുകൾ തകർക്കുന്ന രീതി ഇതാദ്യമായല്ല. രണ്ടാം ലോകയുദ്ധകാലത്ത് ഇത്തരമൊരു സംഭവം വലിയ വാർത്തയായിരുന്നു. ഓപ്പറേഷൻ ചാസ്റ്റൈസ് എന്നായിരുന്നു ഈ യുദ്ധത്തിന്റെ പേര്.

1943 മേയ് 16-17 തീയതികളിൽ ബ്രിട്ടിഷ് സൈന്യമാണ് ജർമനിയുടെ ഡാമുകളിൽ ഈ ആക്രമണം നടത്തിയത്. ബ്രിട്ടിഷ് വ്യോമസേനയുടെ 617 സ്‌ക്വാഡ്രനായിരുന്നു ആക്രമണച്ചുമതല. വിങ് കമാൻഡർ ഗൈ ഗിബ്‌സണായിരുന്നു നേതൃത്വം. ജർമനിയുടെ മോഹ്നെ ഡാം രാജ്യത്തെ പ്രധാനപ്പെട്ട അണക്കെട്ടായിരുന്നു. വലിയൊരു ഭൂമേഖലയിലേക്ക് ജലസേചനം ഈ ഡാമിൽ നിന്നായിരുന്നു. വലിയ അളവിലുള്ള വൈദ്യുതി ഉൽപാദനവും ഇവിടെ നടന്നിരുന്നു. ഈ ഡാമും പ്രദേശത്തെ മറ്റുചില അണക്കെട്ടുകളും തകർത്താൽ നാത്‌സി ജർമനിയുടെ യുദ്ധസന്നാഹങ്ങൾ കുറയ്ക്കാമെന്ന് ബ്രിട്ടൻ കണക്കുകൂട്ടി. 1937ൽ തന്നെ ഇതിനുള്ള പദ്ധതി തുടങ്ങി. എന്നാൽ ഈ അണക്കെട്ടുകൾക്ക് വലിയ സുരക്ഷയാണ് നാത്‌സി സേന ഒരുക്കിയിരുന്നത്. 

വെള്ളത്തിനടിയിലൂടെയുള്ള ആക്രമണം തടയാനായി ടോർപിഡോ നെറ്റുകളും വ്യോമാക്രമണം തടയാൻ ആന്റി എയർക്രാഫ്റ്റ് ഗണ്ണുകളും ഇവിടെ ഒരുക്കിയിരുന്നു. ഇവ മറികടക്കാനുള്ള സവിശേഷ ആയുധം ബ്രിട്ടനുണ്ടായിരുന്നില്ല. അതിനാൽ ആക്രമണം 1943 വരെ വൈകി. ഒടുവിൽ ആ സവിശേഷ ആയുധം ബ്രിട്ടൻ കണ്ടെത്തി. ബൗൺസിങ് ബോംബുകൾ എന്നറിയപ്പെടുന്ന സ്‌ഫോടകവസ്തുക്കളായിരുന്നു അവ. വീപ്പയുടെ ആകൃതിയുള്ള ഈ ബോംബുകൾ ജലോപരിതലത്തിലേക്കിടും. ഇവ വെള്ളത്തിൽ തെന്നിത്തെന്നി ചെന്ന് ഡാമിന്റെ ഭിത്തികളിലിടിച്ച് സ്‌ഫോടനമുണ്ടാക്കും. അങ്ങനെ അണക്കെട്ട് തകരും. അതായിരുന്നു പദ്ധതി.

ഈ ബോംബുകളുമായി 19 ബ്രിട്ടിഷ് വ്യോമസേനാ വിമാനങ്ങൾ മേയ് 16 രാത്രിയിൽ പറന്നുപൊങ്ങി. 133 സൈനികർ ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു. ജർമനിയുടെ തിരിച്ചടിയിൽ 53 പേർ മരിച്ചു, എങ്കിലും ദൗത്യം ബ്രിട്ടൻ വിജയകരമായി നടപ്പാക്കി. അണക്കെട്ടുകൾ തകർന്നു. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മേഖലയിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. 1600 ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 600 പേർ ജർമനിക്കാരും ആയിരം പേർ സോവിയറ്റ് യൂണിയനിൽ നിന്നു ജർമനി തടവിലാക്കിയ തൊഴിലാളികളുമായിരുന്നു.

ഡാംബസ്‌റ്റേഴ്‌സ് ഓപ്പറേഷൻ എന്ന പേരിൽ ഈ ആക്രമണം പ്രശസ്തമായി. രണ്ടാംലോകയുദ്ധത്തിൽ ജർമനിക്കുമേൽ ബ്രിട്ടന് മേൽക്കൈ നേടിക്കൊടുത്ത ഈ ദൗത്യത്തിന്റെ 80 ാം വാർഷികത്തിലാണ് യുക്രെയ്‌നിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതെന്നതും യാദൃച്ഛികം.

English Summary: Dambusters operation in Histoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com