ADVERTISEMENT

യുദ്ധത്തിനു തുടക്കമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ ചില കാര്യങ്ങളുണ്ടായിരുന്നു. പവേഡ് ഗ്ലൈഡറുകളിൽ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് ആളുകളെ എത്തിച്ചതാണ് ഒന്ന്. മറ്റൊന്നു ആയുധശേഷിയുള്ള ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലി പ്രതിരോധനിരയിൽ നടത്തിയ ആക്രമണവും.നാല് റോട്ടർ ഡ്രോണുകൾ ഉപയോഗിച്ചാണ് ചെറിയ ബോംബുകളെ ലഘുസുരക്ഷ മാത്രമുള്ള ഇസ്രയേൽ പ്രതിരോധകേന്ദ്രങ്ങളിൽ ഇട്ടത്. 

സുലഭമായി കിട്ടാനുള്ള സാധ്യത, ഉപയോഗിക്കാനുള്ള എളുപ്പം, കുറഞ്ഞ ചെലവ് എന്നിവയുള്ളവയാണ് ഡ്രോണുകൾ. ഇസ്രയേലിന്‌റെ ഒരു ടാങ്കിനെ ഡ്രോൺ ഉപയോഗിച്ചു തകർത്തെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.നീണ്ട കാലമായി ഹിസ്ബുല്ല തങ്ങളുടെ ഡ്രോണുകളാൽ ഇസ്രയേലിനെ ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ച് പ്രകൃതിവാതകഖനനം സജീവമായ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിൽ.എന്നാൽ കഴിഞ്ഞ കാലങ്ങളായി വളരെ നവീനമായ ഡ്രോണുകൾ ഹിസ്ബുല്ല ഉപയോഗിക്കുന്നുണ്ട്.

ഇറാന് ഇതിൽ പങ്കുണ്ടെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഇറാനിൽ ഡ്രോൺ ഗവേഷണം തകൃതിയാണ്. തങ്ങളുടെ സൗദൃദസംഘടനകളായ ഹിസ്ബുല്ല പോലുള്ളവയും ഡ്രോൺ ഗവേഷണത്തിൽ നവീകരണം നടത്തുന്നതിൽ ഇറാൻ പ്രോത്സാഹനം നൽകുന്നുണ്ടെന്നാണ് ആരോപണം. കമീകാസെ വിഭാഗത്തിലുള്ള ഡ്രോണുകളാണ് ഇറാനും സഖ്യകക്ഷികളും പ്രധാനമായി ഉപയോഗിക്കുന്നതെന്ന് പ്രതിരോധഗവേഷകർ പറയുന്നു. പോർമുന വഹിച്ച് ലക്ഷ്യത്തിലേക്കെത്തി ആക്രമണം നടത്തുന്നവയാണ് ഇവ.

ഇറാൻ - ഇറാഖ് യുദ്ധകാലം മുതൽക്കുതന്നെ ഇറാൻ ഡ്രോൺഗവേഷണം സജീവമായി കൊണ്ടുപോകുന്നുണ്ടെന്നും ഹമാസും ഹിസ്ബുല്ലയും അടുത്തകാലത്തായി കൈവരിച്ച ഡ്രോൺ സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനു പിന്നിൽ ഇറാനാണെന്നും ഡാൻ ഗെറ്റിങ്കർസ ആർതർ ഹോളണ്ട് മിച്ചെൽ എന്നീ പ്രതിരോധഗവേഷകരുടെ പഠനം അടുത്തിടെ പറഞ്ഞിരുന്നു. 2004ൽ ഇറാൻ നിർമിത ഡ്രോണുകളിലൊന്ന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് അയച്ചു. അഞ്ചു മിനിറ്റോളം ഇസ്രയേൽ വ്യോമമേഖലയിൽ പറന്ന ഡ്രോണിനെ കണ്ടെത്താൻ ഇസ്രയേലി റഡാറുകൾക്കായില്ല. ഒടുവിൽ മൂന്ന് മീറ്റർ നീളമുള്ള ഡ്രോൺ മെഡിറ്ററേനിയൻ കടലിലേക്ക് തകർന്നു വീഴുകയായിരുന്നു.

2005ലും മിസ്‌റാഡ്-1 എന്നു പേരുള്ള ഡ്രോൺ ഇസ്രയേലിലെ ഗയ്ലി മേഖലയിൽ നഗരങ്ങൾക്കിടയിൽ 30 കിലോമീറ്ററോളം ദൂരം പറന്നു. 2006ലെ യുദ്ധസമയത്തും ഹിസ്ബുല്ല ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. ഇതിലൊരെണ്ണം സ്‌ഫോടകവസ്തുക്കളുമായി ഒരു ഇസ്രയേൽ കപ്പലിനെ ലക്ഷ്യമിടുകയും ചെയ്തു. ഒരു ഡ്രോണിൽ 30 കിലോയിലധികം സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നു.

തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാൻ, ഇറാന്റ പിന്തുണയുള്ള ഹിസ്ബുല്ല, ഹൂതി, സിറിയയിലെ മിലിഷ്യകൾ തുടങ്ങിയവ ഡ്രോൺ സാങ്കേതിക കൈവരിക്കുന്നത് ഇസ്രയേലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹിസ്ബുല്ലയ്ക്ക് നിലവിൽ രണ്ടായിരത്തിലേറെ ഡ്രോണുകളുണ്ടെന്ന് അൽമ റിസർച് ആൻഡ് എജ്യുക്കേഷൻ സെന്റർ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.

2018ൽ ഇറാന്റെ ഒരു ഡ്രോൺ ഇസ്രയേലി വ്യോമാതിർത്തി ലംഘിച്ചു പറഞ്ഞു. എന്നാൽ ഇതിനെ ബെയ്റ്റ് ഷിയാൻ എന്ന സ്ഥലത്തുവച്ച് ഇസ്രയേലി സൈന്യംവെടിവച്ചുവീഴ്ത്തി. 2019ൽ തെക്കൻ സിറിയയിൽ വച്ച് ഇറാൻ പിന്തുണയുള്ള ഒരുകൂട്ടം ഡ്രോൺ വിദഗ്ധരെ ഇസ്രയേൽ വധിച്ചിരുന്നു. സിറിയയിൽ എഫ്-35 വിമാനങ്ങൾ ഉപയോഗിച്ചും ഇറാനിയൻ ഡ്രോണുകളെ ഇസ്രയേൽ വെടിവച്ചുവീഴ്ത്തിയിട്ടുണ്ട്. 

ഇസ്രയേലിന്റെ മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്, ഇറാനിലെ കഷാൻ ബേസ്, ഖെഷം ദ്വീപ് തുടങ്ങിയ സ്ഥലങ്ങൾ വൻകിട ഡ്രോൺ വികസന- പ്രവർത്തന പരീക്ഷണങ്ങൾ നടക്കുന്നയിടങ്ങളാണെന്ന് ആരോപിച്ചിരുന്നു. യുദ്ധവിമാനങ്ങൾ, ബറാക് സർഫസ് ടു എയർ മിസൈൽ തുടങ്ങിയവ ഡ്രോൺ ഭീഷണി നേരിടാനായി ഇസ്രയേൽ സജ്ജമാക്കിയിട്ടുണ്ട്.ഇസ്രയേലിന്റെ ലോകപ്രശസ്ത സുരക്ഷാ കവചമായ അയൺ ഡോമിന്റെ ശേഷിയും ഇതിനായി കൂട്ടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com