റഷ്യയ്ക്കെതിരെ 'ഡ്രോൺ വാർ': ആകാശ യുദ്ധത്തിന് പ്രത്യേക വിഭാഗം; സഹായിക്കാൻ യുക്രെയ്ൻ പൗരന്മാരും
Mail This Article
റഷ്യൻ–യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുമ്പോള്‍, ഡ്രോണുകളുടെ ശക്തി തെളിയിക്കൽ പോരാട്ടമായി മാറിയിരിക്കുന്നു. ആക്രമണങ്ങൾക്കു ശക്തി പകരാൻ ഡ്രോണുകൾ ഉപയോഗിച്ചു പോരാടുന്ന പ്രത്യേക സേനാവിഭാഗം രൂപീകരിക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് വൊളൊഡിമിർ സെലന്‍സ്കി ഒപ്പുവച്ചു. അതേസമയം ചെറിയ ഡ്രോണുകളുടെ നിർമാണത്തിലും പരീക്ഷണത്തിലും സഹായവാഗ്ദാനവുമായി യുക്രെയ്നിലെ സാധാരണ പൗരന്മാരും എത്തുന്നുണ്ടത്രേ
സെർഹി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഐടി പ്രഫഷനൽ ജോലി കഴിഞ്ഞുള്ള സമയം തന്റെ ബേസ്മെന്റിൽ ഡ്രോണുകൾ നിർമിക്കുകയാണെന്നു വെളിപ്പെടുത്തിയിരുന്നു. സ്വന്തം സമ്പാദ്യവും സംഭാവനകളും വാങ്ങിയാണ് ഡ്രോണിന്റെ ഘടകങ്ങൾ ഇദ്ദേഹം വാങ്ങുന്നത്. 5 മാസത്തിനുള്ളിൽ 15 ഡ്രോണുകൾ നിർമിച്ചു സൈന്യത്തിനു കൈമാറി.
ലളിതമായ നിർമാണപ്രക്രിയ, കുറഞ്ഞ ചെലവ്, അതേസമയം മാരകമായ ആക്രമണശേഷി എന്നിവയുള്ള ഡ്രോണുകളായിരിക്കും നിർമിക്കുക. ഗ്രനേഡ് ഡ്രോപ്പർ ഡ്രോണുകൾക്കു പകരം ലക്ഷ്യസ്ഥാനത്തേക്കു പറന്നെത്തി പൊട്ടിത്തെറിക്കുന്ന ഫസ്റ്റ് പഴ്സൻ ഡ്രോണുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇത്തരം ഡ്രോണുകൾ നിർമിക്കാൻ എൻജിനീയർമാരല്ലാത്തവരെയും പ്രാപ്തമാക്കുന്ന പീപ്പിൾസ് എഫ്പിവി കോഴ്സുകളും യുക്രെയ്ൻ സായുധ സേന നടത്തുന്നു.
‘സ്വന്തം കൈകൊണ്ടു ശത്രുവിനെ നശിപ്പിക്കുക, ഈ കോഴ്സിൽ ചേരുക’ എന്നിങ്ങനെ പരസ്യങ്ങളും നൽകുന്നുണ്ട്. വിഡിയോ പരിശീലനവും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റുമായിരിക്കും നല്‍കുക. നിർമിച്ചു പ്രവര്‍ത്തിപ്പിച്ചു പരീക്ഷിച്ച ശേഷം സൈന്യത്തിനു കൈമാറണം. ഇത്തരം എഫ്പിവി ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ പരിശീലനം മാത്രം മതിയെന്നതിനാലും പരമ്പരാഗത ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിവ്യത്യാസത്തിലും വളരെ ഫലപ്രദമാണെന്നു സൈനിക വൃത്തങ്ങൾ പറയുന്നു. ബാക്പാക്ക് ക്രൂസ് മിസൈലുകളെന്നാണ് ഇതിനെ സൈന്യം വിശേഷിപ്പിക്കുന്നത്.
എഫ്പിവി ഡ്രോണുകൾ: നിയന്ത്രിക്കുന്നയാൾക്ക് അതിന്റെ സഞ്ചാരവഴിയും മുന്നിലുള്ള കാഴ്ചകളും കാണാനാവുന്നവയാണ് ഫസ്റ്റ് പഴ്സൻ വ്യൂ ഡ്രോണുകൾ. ഡ്രോണിൽ ഘടിപ്പിച്ച ക്യാമറയിൽനിന്ന് വിഡിയോ ഫീഡ് സ്വീകരിക്കുന്ന ഹെഡ്-മൗണ്ടഡ് ഡിസ്‌പ്ലേ (എച്ച്എംഡി) വഴിയാണ് ഇത് സാധ്യമാകുക. റേസിങ്, ഫ്രീസ്റ്റൈൽ ഫ്ലയിങ്, ഏരിയൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എഫ്പിവി ഡ്രോണുകൾ ഉപയോഗിക്കാം.
എഫ്പിവി ഡ്രോണിന്റെ ഘടകങ്ങൾ:
ഡ്രോൺ ഫ്രെയിം: ഡ്രോണിന്റെ അടിസ്ഥാന ഘടനയാണ് ഫ്രെയിം. സാധാരണയായി കാർബൺ ഫൈബർ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാരം കുറവുള്ള, എന്നാൽ ശക്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
മോട്ടറുകൾ: ഡ്രോൺ അന്തരീക്ഷത്തിൽ പറക്കുന്നതിനായി മോട്ടറുകൾ ആവശ്യമാണ്. സാധാരണയായി ബ്രഷ്‌ലെസ് ഡിസി മോട്ടറുകളാണ് ഉപയോഗിക്കുക. ബാറ്ററിയിൽ പ്രവർത്തിക്കുന്നു.
ഫ്ലൈറ്റ് കൺട്രോളർ: ഡ്രോണിന്റെ തലച്ചോറാണ് ഫ്ലൈറ്റ് കൺട്രോളർ. മോട്ടറുകൾ നിയന്ത്രിക്കുന്നതിനും റിമോട്ട് കൺട്രോളിൽനിന്ന് ഇൻപുട്ട് സ്വീകരിക്കുന്നതിനും ഡ്രോണിന്റെ സ്ഥിരത നിലനിർത്തുന്നതിനും ഇത് സഹായകമാണ്.
ക്യാമറ: ഡ്രോണിന്റെ മുൻവശത്ത് ക്യാമറ ഘടിപ്പിച്ച് എച്ച്എംഡിയിലേക്ക് അയച്ച വിഡിയോ ഫീഡ് ക്യാപ്‌ചർ ചെയ്യുന്നു. എഫ്‌പിവി ഡ്രോണുകൾക്കായി വിവിധതരം ക്യാമറകൾ ലഭ്യമാണ്, കുറഞ്ഞ റസല്യൂഷൻ ക്യാമറകൾ മുതൽ സ്റ്റെബിലൈസേഷനായി ജിംബലുകൾ ഉള്ള ഉയർന്ന റെസല്യൂഷൻ ക്യാമറകൾ വരെയുണ്ട്.
വിഡിയോ ട്രാൻസ്മിറ്റർ: വിഡിയോ ട്രാൻസ്മിറ്റർ ക്യാമറയിൽനിന്ന് എച്ച്എംഡിയിലേക്ക് വിഡിയോ സിഗ്നൽ അയയ്ക്കുന്നു.
ഹെഡ് മൗണ്ടഡ് ഡിസ്‌പ്ലേ (എച്ച്എംഡി): പൈലറ്റ് തലയിൽ ധരിക്കുന്ന ഡിസ്‌പ്ലേയാണ് എച്ച്എംഡി. ഇത് വിഡിയോ ട്രാൻസ്മിറ്ററിൽ നിന്ന് വിഡിയോ സിഗ്നൽ സ്വീകരിക്കുകയും പൈലറ്റിനെ ഡ്രോണിന്റെ വീക്ഷണകോണിൽ കാണാൻ സഹായിക്കുകയും ചെയ്യുന്നു.
റിമോട്ട് കൺട്രോൾ: ഡ്രോണിന്റെ ചലനങ്ങൾ നിയന്ത്രിക്കാൻ റിമോട്ട് കൺട്രോൾ ഉപയോഗിക്കുന്നു.
ബാറ്ററി: ഡ്രോണിന്റെ എല്ലാ ഘടകങ്ങളെയും ബാറ്ററി പവർ ചെയ്യുന്നു.