ADVERTISEMENT

കോംഗോയിലെ യുഎൻ സമാധാനദൗത്യത്തിൽ പ്ലറ്റൂൺ കമാൻഡറായിരുന്ന ഇന്ത്യൻ സൈന്യത്തിലെ മേജർ രാധിക സെൻ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കറ്റ് പുരസ്കാരത്തിന് അർഹയായി. ജെൻഡർ അവബോധത്തോടെയുള്ള സമാധാനപാലനത്തിനായിരുന്നു മേജർ രാധികയ്ക്ക് പുരസ്കാരം കിട്ടിയത്. ആഫ്രിക്കയിലെ കലുഷിതമായ സാഹചര്യങ്ങളുള്ള രാജ്യങ്ങളിൽ യുഎൻ സമാധാനസേനയുടെ ഭാഗമായുള്ള ഇന്ത്യൻ സൈനികർ ചെയ്യുന്ന മികവേറിയ സേവനത്തിന്റെ നേർസാക്ഷ്യമാണ് മേജർ രാധികയ്ക്ക് കിട്ടിയ അംഗീകാരം.

കോംഗോയിലെ യുഎൻ സമാധാനദൗത്യമായ മോനസ്‌കോയുടെ ഭാഗമായാണ് ഇന്ത്യൻ സമാധാന സേന ഇവിടെ നിലയുറപ്പിച്ചത്. കോംഗോയിൽ ഉടലെടുത്തിരിക്കുന്ന സായുധ സംഘർഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യുഎൻ ആവിഷ്‌കരിച്ചിരിക്കുന്നത്.

യുഎൻ സമാധാനസേനയിൽ ശക്തമായ പങ്കാളിത്തം ഇന്ത്യൻ സേനയ്ക്കുണ്ട്. ലോകമാകെ യുഎൻ നടപ്പിലാക്കിയിരിക്കുന്ന 14 സമാധാന സേനകളിൽ എട്ടിലും ഇന്ത്യൻ സേനയുടെ സാന്നിധ്യമുണ്ട്. അയ്യായിരത്തിൽ അധികം ഇന്ത്യൻ സൈനികർ ഇതിന്‌റെ ഭാഗമായി ലോകത്ത് വിവിധയിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു.കോംഗോ, ലബനൻ, സൗത്ത് സുഡാൻ, സിറിയ, സഹാറാ മേഖല, സൈപ്രസ് മേഖല തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 

ഇടയ്ക്ക് കോംഗോയിൽ സ്ഥാപിച്ച ഇന്ത്യൻ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനുള്ള സായുധ കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ സേന തകർത്തിരുന്നു. സൈനിക ക്യാംപും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികൾ ശ്രമിച്ചത്. വിന്യസിച്ചിരിക്കുന്ന മേഖലകളിൽ യുഎൻ ഉദ്യോഗസ്ഥരുടെയും വസ്തുവകകളുടെയും സംരക്ഷണം ഇന്ത്യൻ സേനാംഗങ്ങൾ അന്ന് ഏറ്റെടുത്തിരുന്നു.

യുഎൻ സമാധാന സേനയുടെ ഭാഗമായി തെക്കൻ സുഡാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സമാധാന സേനയിലെ അംഗങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യാന്തര സമൂഹത്തിന്‌റെ ആദരവിന് പാത്രമായി മാറിയിരുന്നു. ഏൽപിച്ച ദൗത്യങ്ങൾക്കപ്പുറം തെക്കൻ സുഡാനിലെ ആളുകളെയും ഗ്രാമീണ സമൂഹങ്ങളെയുമൊക്കെ കൂടെനിന്ന് സഹായിക്കുകയും അവരെ മുന്നേറാനുള്ള പരിശീലനം നൽകുകയും ചെയ്തു സേനാംഗങ്ങൾ.

യുഎൻ സമാധാന സേനയ്ക്കായി ഏറ്റവും കൂടുതൽ സൈനികരെ നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സേവനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവിനും സന്നദ്ധതയ്ക്കും ധൈര്യത്തിനും ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ മെഡലുകൾ ലഭിക്കാറുണ്ട്.ഗ്രാമീണ ജനതയാണ് തെക്കൻ സുഡാനിൽ കൂടുതൽ. മൃഗപരിപാലനം നിത്യവൃത്തിക്കുള്ള ഒരു പ്രധാനമാർഗമാണ് ഇവിടെ. എന്നാൽ മൃഗചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെ തീരെ കുറവാണ്. സർക്കാർ സംവിധാനങ്ങളൊക്കെ തീരെ അപര്യാപ്തം . മൃഗചികിത്സ മാത്രമല്ല, തെക്കൻ സുഡാനിലെ ജനങ്ങൾക്ക് കംപ്യൂട്ടർ, നൈപുണ്യ പരിശീലനം നൽകാനും അവരെ ജീവിതത്തിൽ മുന്നിലെത്തിക്കാനും ഇന്ത്യൻ സേന നന്നായി ശ്രമിക്കുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, കായികപ്രവർത്തനങ്ങൾ എന്നീ 3 മേഖലകൾ കേന്ദ്രീകരിച്ചാണു സേനയുടെ പ്രധാന പ്രവർത്തനം. യുവാക്കളെ മികവുറ്റ പൗരൻമാരാക്കാനുള്ള ശിൽപശാലകൾ, വൊക്കേഷനൽ ട്രെയിനിങ് തുടങ്ങിയവയും സേന നൽകുന്നു.2011 ജൂലൈയിൽ സുഡാനിൽ നിന്നു വേർപെട്ടാണു തെക്കൻ സുഡാൻ പ്രത്യേക രാജ്യമായത്. എന്നാൽ ലോകത്തിൽ ഏറ്റവും കുറച്ച് മനുഷ്യവികസനമുള്ള രാജ്യങ്ങളിലൊന്നാണ് ഇത്.ജൂബ നഗരമാണ് ഈ രാജ്യത്തിന്‌റെ തലസ്ഥാനം.

English Summary:

Major Radhika Sen, a peacekeeper serving with the United Nations (UN) mission in the Democratic Republic of Congo (DRC), was honoured for her outstanding efforts in empowering local communities, particularly women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com