ADVERTISEMENT

തമ്മിൽ അതിർത്തികളില്ലെങ്കിലും ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ഈ ശീതസമരം ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണു ലോകം. അങ്ങനെ സംഭവിച്ചാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.

ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഇറാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു. ഇറാനിൽവച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്കസിലെ ഇറാനിയൻ എംബസിക്ക് നേർക്കുള്ള ഇസ്രയേൽ ആക്രമണം, അതിനു തിരിച്ചടിയായി ഇറാന്റെ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾ, ഇറാനിലെ ഇസ്ഫഹാൻ എയർബേസിലെ ഇസ്രയേൽ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടന്നെങ്കിലും അവയൊന്നും സൈനികഭാഷയിൽ പറഞ്ഞാൽ ‘എസ്കലേറ്റ്’ ചെയ്തില്ല അഥവാ രൂക്ഷമായില്ല.

എന്നാൽ ഇപ്പോൾ ഇറാന്റെ ശക്തമായ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന വലിയ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസാധ്യതകൾ വീണ്ടും ചർച്ചയ്ക്ക് വയ്ക്കുന്നു. ഇറാനെ ആക്രമിക്കണമെന്നും ആക്രമിക്കരുതെന്നും വാദിക്കുന്ന പ്രതിരോധവിദഗ്ധർ ഇസ്രയേലിലുണ്ട്. ഇറാനുമായി യുദ്ധം തുടങ്ങിയാൽ അത് ഇസ്രയേലിനു നാശം ചെയ്യുമെന്ന് ചിലർ പറയുന്നു. ഇറാന് റഷ്യയുടെയും ചൈനയുടെയും സഹായം കിട്ടാം. യുഎസ് ഇസ്രയേൽ പക്ഷത്തു സ്ഥിതി ചെയ്താൽ ഒരു ലോകയുദ്ധത്തിലേക്ക് പോലും സംഭവങ്ങൾ നയിക്കാംഒരു യുദ്ധത്തിന് ഇസ്രയേൽ ഇപ്പോൾ തയ്യാറല്ലെന്നാണ് യുദ്ധത്തെ എതിർക്കുന്ന ഇസ്രയേലി വിദഗ്ധർ പറയുന്നത്.

യുദ്ധം മേഖലയിലാകെ നാശമുണ്ടാക്കുമെന്നും തങ്ങൾ അതിനായി ആഗ്രഹിക്കുന്നില്ലെന്നും ഇസ്രയേലാണ് പ്രകോപനമുണ്ടാക്കുന്നതെന്നും ഇറാന്റെ പ്രസിഡന്റ് ഇന്നലെ യുഎന്നിൽ പറഞ്ഞിരുന്നു.കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ലോകത്തിന്റെ ശുഭപ്രതീക്ഷ.

രാജ്യാന്തരതലത്തിൽ ഇസ്രയേലിന്‌റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കാലുഷ്യം വർധിപ്പിച്ച പല സംഭവങ്ങളുമുണ്ട്.ഇതിൽ പ്രധാനപ്പെട്ടതാണ് നടാൻസ് അണവനിലയത്തിലെ ആക്രമണം.സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നിൽ. ഇസ്രയേൽ, യുഎസ് സഹകരണത്തിലാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു.ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com