ഇനി യൂട്യൂബ് കാണാനായേക്കില്ല, ആഡ്‌ബ്ലോക്കര്‍ ഉപയോഗിച്ചാൽ!; മാറ്റം ഇങ്ങനെ
Mail This Article
ആഡ്‌ബ്ലോക്കര്‍ പ്രവര്‍ത്തിപ്പിക്കുന്ന ബ്രൗസറുകള്‍ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാസങ്ങളില്‍ യൂട്യൂബ് വിഡിയോ കാണാന്‍ ശ്രമിച്ച ചിലരെ കാത്തിരുന്നത് ഒരു അപ്രതീക്ഷിത മാറ്റമാണ്:വിഡിയോ പ്ലേ കൊടുക്കുമ്പോള്‍ തന്നെ അതിന്റെ അവസാനത്തിലെത്തിയതായി കാണിക്കുന്നു. ഒരിക്കല്‍ കൂടെ ആദ്യം മുതല്‍ കാണാന്‍ ശ്രമിച്ചാലും തഥൈവ. ചിലർക്ക് ആഡ് ബ്ലോക്കർ ഉപയോഗിച്ചപ്പോള്‍ വിഡിയോ നിശബ്ദമായാണ് പ്രവർത്തിച്ചത്. വോളിയം ബട്ടൺ പ്രവർത്തന രഹിതമായി.ആഡ്‌ബ്ലോക്കറുകള്‍ ഒഴിവാക്കാനായി യൂട്യൂബിന്റെ പുതിയ നീക്കങ്ങളിലൊന്ന് ആയിരിക്കാമിതെന്നാണ് 9ടുഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. താമസിയാതെ ആഡ്‌ബ്ലോക്കര്‍ സ്ഥാപിച്ച് ബ്രൗസര്‍ വഴി യൂട്യൂബ് കാണാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും ഇങ്ങനെയായിരിക്കാം. അതേസമയം, യൂട്യൂബോ, അതിന്റെ ഉടമയായ ഗൂഗിളോ ഈ വാദം ശരിവച്ചിട്ടില്ല.
ഗവേഷണ സ്ഥാപനമായ സെൻസസ്‌വൈഡ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ, യുഎസിലെ പകുതിയിലധികം ആളുകളും പരസ്യം തടയുന്ന സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തി, സ്റ്റാറ്റിസ്റ്റ പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള മൊത്തം ആഡ്ബ്ലോക്ക് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണിനടുത്താണെന്നുമാണ്. ഇത്തരത്തില്‍ വലിയ പരസ്യവരുമാനം നഷ്ടമാകുന്നതിനെതിരെയാണ് ഗൂഗിളിന്റെ പോരാട്ടം.
ഐഫോണ്‍ 12 മുതലുള്ള മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാന്‍
ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഐഫോണ്‍ 12 സീരിസോ, അതിനു ശേഷം ഇറങ്ങിയ ഏതെങ്കിലും മോഡലോ കൈവശമുള്ളവര്‍ക്ക് ഈ മാറ്റം പരീക്ഷിച്ചു നോക്കാം: മൂന്ന് വോയിസ് ആന്‍ഡ് ഡേറ്റാ ഓപ്ഷനുകളാണ് ഐഫോണ്‍ 15 വരെയുള്ള ഫോണുകളില്‍ ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് 5ജി ഓട്ടോ, 5ജി ഓണ്‍, ലോങ് ടേം എവലൂഷന്‍ (എല്‍ടിഇ) എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
ഇതില്‍ 5ജി ഓട്ടോ മോഡ് ഉപയോഗിക്കുന്നവര്‍ ആപ്പിളിന്റെ സ്മാര്‍ട്ട് ഡേറ്റാ മോഡാണ് ആക്ടിവേറ്റ് ചെയ്യുന്നത്. ഇത് തരിഞ്ഞെടുത്താല്‍ ഫോണിന് എല്‍ടിഇ പോലെയുള്ള കുറഞ്ഞ ഫ്രീക്വന്‍സിയും ഫോണിന് ആവശ്യാനുസരണം ഉപയോഗിക്കാം. അതേസമയം, 5ജി ഓണ്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കല്‍ഫോണിന് ബാറ്ററി നഷ്ടം അധികമായിരിക്കും. എല്‍ടിഇ മോഡും ബാറ്ററി സേവര്‍ ആണ്. ഫോണ്‍ 5ജി ഓണ്‍ മോഡിലാണ് കിടക്കുന്നതെങ്കില്‍ അതുമാറ്റി മറ്റു രണ്ട് ഓപ്ഷനുകളേതെങ്കിലും ഉപയോഗിച്ചാല്‍ താരതമ്യേന ലോങ് ബാറ്ററി ലൈഫ് കിട്ടുമെന്നാണ് ആപ്പിള്‍ പറയുന്നത്.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് അകത്താക്കുന്ന രാജ്യക്കാര്‍ ആരൊക്കെ?
മലിനീകരണം മൂലം, ശ്വാസമെടുക്കുമ്പോഴോ ആഹാരത്തിലൂടെയോ ഏറ്റവുമധികം പ്ലാസ്റ്റിക് അകത്താക്കേണ്ടി വരുന്നവര്‍ വസിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍. എന്‍വയോൺമെന്റൽ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന പ്രസിദ്ധീകരണത്തല്‍ വന്ന കണക്കുകള്‍ പ്രകാരംഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് ഭക്ഷിക്കേണ്ടി വരുന്ന ആദ്യ മൂന്നു രാജ്യക്കാര്‍ മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരാണ്. മലേഷ്യക്കാര്‍ക്ക് പ്രതിമാസം ഏകദേശം 15 ഗ്രാം മൈക്രോപ്ലാറ്റിക് ഭക്ഷിക്കേണ്ടതായി വരുന്നു എന്ന് പഠനം പറയുന്നു.
ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് ശ്വസിക്കേണ്ടി വരുന്നവര്‍ ചൈന, മങ്‌ഗോളിയ, ബ്രിട്ടണ്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണത്രെ. യുകെയിലും അയര്‍ലണ്ടിലും ഉള്ളവര്‍ പ്രതിദിനം ഏകദേശം 791,000 പ്ലാസ്റ്റിക് കണങ്ങള്‍ ശ്വസിക്കുന്നു. ചൈനയിലും മംഗോളിയയിലും ഇത് വളരെ കൂടുതലാണ്-ഏകദേശം 28 ലക്ഷം കണങ്ങളാണത്രെ അകത്താക്കേണ്ടി വരുന്നത്. അനുദിനമെന്നോണം പ്ലാസ്റ്റിക് ഒരു വിപത്തായി തീര്‍ന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള അവബോധം പരത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്.
വി ഗ്യാരന്റി പ്രോഗ്രാം വഴി 130ജിബി ഡേറ്റ
വൊഡാഫോണ്‍ ഐഡിയ (വി) പുതിയ ഡേറ്റാ പദ്ധതി അവതരിപ്പിച്ചു. വി ഗ്യാരന്റി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയില്‍ എല്ലാ പുതിയ കസ്റ്റമര്‍മാര്‍ക്കും ഒരോ 28 ദിവസവും 10 ജിബി ഹൈ-സ്പീഡ് ഡേറ്റ അധികമായി നല്‍കും. അതായത് 13 തവണയായി ഒരു വര്‍ഷം 130ജിബി ലഭിക്കും. എന്നാല്‍, തങ്ങള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ചു തീര്‍ക്കുന്നവര്‍ക്ക് മാത്രമായിരിക്കും അധികമായി വരുന്ന ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കൂ.
കൂടാതെ, 239 രൂപയുടെ പ്ലാനോ അതില്‍ കൂടിയ ഏതെങ്കിലും പ്ലാനോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ പുതിയ ഡേറ്റാ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഓഫര്‍ മുതലാക്കണമെന്നുള്ളവര്‍ 121199 എന്ന നമ്പറില്‍ വിളിക്കുകയോ, *199*199# ഡയല്‍ ചെയ്യുകയോ വേണം. 5ജി ഫോണ്‍ ഉള്ളവര്‍, പുതിയതായി 4ജി ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്തവര്‍ തുടങ്ങിയവര്‍ക്കാണ് ഓഫര്‍. കേരളത്തില്‍ ഓഫര്‍ ബാധകമാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാനായേക്കും.
യുപിഡിഎഫ്-എഐ-കേന്ദ്രീകൃത പിഡിഎഫ് എഡിറ്റര്‍ കസറുന്നു
വേഗതയിലും, കരുത്തിലും മികവു പ്രകടിപ്പിച്ച് മുന്നേറുകയാണ് 'യുപിഡിഎഫ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പുതിയ എഐ-കേന്ദ്രീകൃത പിഡിഎഫ് എഡിറ്റര്‍ എന്ന് ബിജിആര്‍. സൂപ്പര്‍എയ്‌സ് കമ്പനിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ഏകദേശം 20 ലക്ഷം പേരാണ് ഇത് പരീക്ഷിച്ചുനോക്കിയിരിക്കുന്നത്. എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും യുപിഡിഎഫ് പ്രവര്‍ത്തിക്കും.