പിടിച്ചുനിൽക്കാനായില്ല, 32,847 കോടി നഷ്ടം, എൽജി ഫോൺ നിർമാണം നിർത്തിയേക്കും
Mail This Article
ഒരുകാലത്ത് രാജ്യാന്തര വിപണിയിൽ ശക്തരായ ഫോൺ നിർമാതാക്കളായിരുന്ന എൽജി വൻ നഷ്ടത്തിലെന്ന് റിപ്പോർട്ട്. ചൈനീസ് ബ്രാൻഡുകളോട് പോലും പിടിച്ചുനിൽക്കാനാകാതെ എൽജി വൻ പ്രതിസന്ധി നേരിടുകയാണ്. 450 കോടി ഡോളറിന്റെ (ഏകദേശം 32,847 കോടി രൂപ) നഷ്ടമാണ് എൽജി നേരിട്ടത്. ഇതോടെ സ്മാർട് ഫോൺ വിപണിയിൽ നിന്ന് പിന്തിരിയാനാണ് കമ്പനി ആലോചിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2021 ൽ സ്മാർട് ഫോൺ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ എൽജി ആലോചിക്കുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 450 കോടി ഡോളർ നഷ്ടമായതിന് ശേഷം എൽജിയുടെ സ്മാർട് ഫോൺ ബിസിനസ്സ് എതിരാളികളുമായി മത്സരിക്കാൻ പാടുപെടുകയാണ്. എന്നാൽ, സ്മാർട് ഫോൺ ബിസിനസിൽ വലിയ മാറ്റങ്ങൾ വരുത്താൻ കമ്പനി ആലോചിക്കുന്നതായാണ് എൽജി സിഇഒ ക്വോൺ ബോങ് സിയോക്ക് ജീവനക്കാരെ അറിയിച്ചത്.
എൽജിയുടെ ഫോൺ ബിസിനസിന്റെ ദിശയിലുള്ള മാറ്റത്തെക്കുറിച്ച് സൂചന നൽകി ക്വോൺ ബോങ്-സിയോക്ക് ബുധനാഴ്ച ഉദ്യോഗസ്ഥർക്ക് ഒരു മെമ്മോ അയച്ചതായി കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ‘മൊബൈലിന്റെ ആഗോള വിപണിയിലെ മത്സരം രൂക്ഷമായതിനാൽ കമ്പനി മികച്ച തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിതെന്ന് കൊറിയ ഹെറാൾഡിന് നൽകിയ പ്രസ്താവനയിൽ എൽജി ഉദ്യോഗസ്ഥൻ പറയുന്നു. സ്മാർട് ഫോൺ ബിസിനസ് വിൽപ്പന, നിർമാണം അവസാനിപ്പിക്കൽ, നിർമാണം വെട്ടികുറയ്ക്കൽ എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ നടപടികളും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ജീവനക്കാർക്ക് നൽകിയ ഇന്റേണൽ മെമ്മോ യഥാർഥമാണെന്ന് എൽജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. 2021 ൽ മൊബൈൽ ബിസിനസ് വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാൻ എൽജി ഇലക്ട്രോണിക്സ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്നാണ് എൽജി വക്താവ് പറഞ്ഞത്.
സ്മാർട് ഫോൺ വിപണിയിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും ജീവനക്കാരെ നിലനിർത്തുമെന്നും മെമ്മോയിൽ പറയുന്നുണ്ട്. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ് യൂണിറ്റുകളിലേക്ക് മാറ്റിയേക്കും. എന്നാൽ, ശേഷിക്കുന്ന 40 ശതമാനം ജീവനക്കാരെ എന്തുചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
English Summary: LG considers exiting smartphones in 2021