ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവർ ഇക്കാലത്ത് വളരെ വിരളമാണ്. യുവതലമുറയ്ക്കാകട്ടെ എന്തും പങ്കുവെയ്ക്കുന്ന ആത്മാര്‍ഥ സുഹൃത്താണ് കയ്യിലൊതുങ്ങുന്ന സ്മാർട് ഫോൺ. ഒരാളുടെ സ്വഭാവം ശരിക്കും എന്താണെന്ന് അറിയണം എന്നുണ്ടെങ്കില്‍ അയാളുടെ സ്മാർട് ഫോണ്‍ നോക്കിയാല്‍ മാത്രം മതി!

 

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ്. ഇതിനാൽ തന്നെ ഹാക്കര്‍മാർ, തട്ടിപ്പുകാർ, ചുളുവിൽ പരസ്യം കാണിക്കാന്‍ താത്പര്യമുള്ളവർ എന്നിവരുടെ പ്രധാന ലക്ഷ്യവും ആൻഡ്രോയിഡ് ഫോണുകളാണ്. മാല്‍വെയറുകളുടെ ഉപദ്രവത്തിനു പുറമെ ഫോണില്‍ കയറിക്കൂടി പരസ്യം കാണിച്ച് പണമുണ്ടാക്കുന്ന ആപ്പുകളുടെ ശല്യവും ഒന്നിനൊന്ന് വര്‍ധിച്ചുവരികയാണ്. ഫോണിലെ ആപ്പുകളെല്ലാം എന്തെല്ലാമാണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നതും നല്ലതാണ്. സ്‌പൈ ആപ്പുകള്‍ നിങ്ങളുടെ ലൊക്കേഷന്‍ അടക്കം നിരന്തരം ട്രാക്കു ചെയ്യുന്നുണ്ടാകാം.

 

മിക്ക ഫോണുകള്‍ക്കും ബില്‍റ്റ് ഇന്‍ ആയിട്ടുള്ള സുരക്ഷാസംവിധാനങ്ങള്‍ കാണും. എന്നാലും ഇവയെ പൂര്‍ണമായും വിശ്വസിക്കാനാവില്ല എന്നതാണ് സത്യം. ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...

 

∙ ആദ്യം തന്നെ ആവശ്യമില്ലാത്ത ആപ്പുകൾ ഡിലീറ്റു ചെയ്യുക

 

പല ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ആവശ്യമില്ലാത്ത ആപ്പുകള്‍ ഫോണുകളില്‍ ഇൻസ്റ്റാൾ ചെയ്തുവിടുന്നുണ്ട്. ഇവയെ ബ്ലോട്ട്‌വെയര്‍ എന്നാണ് വിളിക്കുന്നത്. ഇവ പരസ്യം കാണിക്കാനും ഡേറ്റാ ചോര്‍ത്താനും എല്ലാമാണ് ഉപയോഗിക്കുക. ഫോണിനൊപ്പം ലഭിക്കുന്ന ആപ്പുകളില്‍ ഉപയോഗമില്ലാത്തത് നീക്കം ചെയ്യുകയാണ് പുതിയ ഫോണ്‍ വാങ്ങി ആദ്യം ചെയ്യേണ്ടത്. സാംസങ്ങിനെ പോലെയുള്ള ഒരു നിര്‍മാതാവു പോലും ബ്ലോട്ട്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്തു വിടുന്നതില്‍ അപവാദമല്ലെന്നതാണ് മറ്റൊരു കഷ്ടം. ഫെയ്‌സ്ബുക്കിന്റെയും മറ്റും ആപ്പുകള്‍ അത് ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പോലും ഫോണിൽ വഹിക്കേണ്ടി വരുന്നുണ്ട്. ഇത്തരം ആപ്പുകള്‍ ഡിസേബിൾ ചെയ്യാന്‍ മാത്രമെ സാധിക്കൂ. അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നില്ലെങ്കിൽ ഡിസേബിളെങ്കിലും ചെയ്യുക. അതുപോലെ തന്നെ ഉപയോഗിക്കാറില്ലാത്ത ആപ്പുകളെയും നിര്‍ദാക്ഷിണ്യം ഡിലീറ്റു ചെയ്യുക. ഏതെങ്കിലും വേണമെന്നു തോന്നിയാല്‍ അപ്പോള്‍ വീണ്ടും ഇന്‍സ്‌റ്റാള്‍ ചെയ്താല്‍ മതി. 

 

∙ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യും മുൻപ് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിക്കുക

 

പലപ്പോഴും ആരും ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഒന്നും വായിച്ചു നോക്കാറില്ല. ഇതൊരു അവസരമായി കണ്ട് ഫോണുകളില്‍ കയറിക്കൂടുന്ന ആപ്പുകള്‍ ഡേറ്റാ ചോര്‍ത്തുകയും ചെയ്യുന്നു. എന്തിനെല്ലാമാണ് പെര്‍മിഷന്‍ ചോദിക്കുന്നതെന്ന് വായിച്ചു നോക്കുക. ആപ്പിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളതിലധികം പെര്‍മിഷന്‍ ചോദിക്കുന്നുണ്ടെങ്കില്‍ ഏറക്കുറെ ഉറപ്പിക്കാം അതിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്. വാള്‍പേപ്പര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിനു മൈക്രോഫോണ്‍, ക്യാമറ, കോണ്ടാക്ട്‌സ് ആക്‌സസ് വേണമെങ്കില്‍ ഉറപ്പിച്ചോളൂ അതിന്റെ ഉദ്ദേശം വേറെയാണ്. നിങ്ങളെക്കുറിച്ചുള്ള ഡേറ്റ വിറ്റു കാശാക്കുക എന്നതായിരിക്കാം ആപ്പിന്റെ ഉദ്ദേശം തന്നെ.

 

∙ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ ലിസ്റ്റ് പരിശോധിക്കുക

 

ഇടയ്ക്കിടയ്ക്ക് സെറ്റിങ്‌സില്‍ പോയി ഡൗണ്‍ലോഡഡ് ആപ്‌സിന്റെ ലിസ്റ്റ് പരിശോധിക്കുക. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാത്തതോ, ഫോണ്‍ സ്‌ക്രീനില്‍ കാണാത്തതോ ആയ ആപ്പുകള്‍ കണ്ടാല്‍ അവയെ ഉടനടി നീക്കം ചെയ്യുക. അവ ദുരുദ്ദേശത്തോടെ കയറിക്കൂടിയവ ആയിരിക്കാം.

 

∙ ആപ്പുകളുടെ ക്യാഷ് ക്ലിയര്‍ ചെയ്യുക

 

സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളുടെ ക്യാഷ് ക്ലിയര്‍ ചെയ്യുക വഴി ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താം.

 

∙ ആന്റിവൈറസ് ഉപയോഗിക്കുക

 

ഫോണില്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കില്‍ ഒരു ആന്റിവൈറസ് കാശുകൊടുത്തു വാങ്ങി ഉപയോഗിക്കുന്നത് നല്ല നീക്കമായിരിക്കാം. ഇപ്പോള്‍ ഫോണുകളില്‍ ഉപയോഗിക്കാനുള്ള ആന്റിവൈറസുകള്‍ക്ക് ചെറിയ വില നല്‍കിയാല്‍ മതിയെന്ന കാര്യവും മറക്കേണ്ട.

 

∙ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍

 

പതിവായി ലഭ്യമാകുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ഒരു നല്ല ശീലമാണ്. പല ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഫോണിറക്കി നാലുവര്‍ഷം വരെ അപ്‌ഡേറ്റ് നല്‍കുന്നുണ്ട്. ഒരു വേര്‍ഷനില്‍ സുരക്ഷാ വീഴ്ച കണ്ടെത്തുമ്പോള്‍ തന്നെ അതിന് പ്രതിവിധിയായി പാച്ചുകളും അയയ്ക്കാറുണ്ട്. അപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മടിക്കേണ്ട.

 

∙ ഇടയ്ക്കിടയ്ക്ക് പേഴ്‌സണല്‍ ഡേറ്റ ബാക്ക് അപ് ചെയ്യുക

 

ഫോണില്‍ മാത്രം ഡേറ്റ സൂക്ഷിക്കുന്നവര്‍ ഒാര്‍ക്കുക - ഫോണ്‍ നഷ്ടപ്പെടാം, മോഷ്ടിക്കപ്പെടാം, കേടുസംഭവിക്കുകയും ചെയ്യാം. നിങ്ങള്‍ തീര്‍ച്ചയായും പുതിയ ഫോണ്‍ വാങ്ങും. പക്ഷേ, നിങ്ങള്‍ക്കു പോയ ഫോണിലുണ്ടായിരുന്ന ഡേറ്റ തിരിച്ചെടുക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. ഇതിനാല്‍ തന്നെ ഇടയ്ക്കിടയ്ക്ക് പ്രധാനപ്പെട്ട ഡേറ്റയെങ്കിലും കംപ്യൂട്ടറിലേക്കോ ക്ലൗഡിലേക്കോ മാറ്റുന്നത് ശീലിക്കുക.

 

∙ ഗൂഗിള്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് ഇടയ്ക്കടിയ്ക്കു മാറ്റുന്നത് നല്ല ശീലമാണ്

 

ഫോണിൽ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് ഇടയ്ക്കിടയ്ക്കു മാറ്റിക്കൊണ്ടിരിക്കുക എന്നതും നല്ല ശീലങ്ങളിലൊന്നായി പറയുന്നു. 

 

∙ സങ്കീര്‍ണമായ ഡിവൈസ് പാസ്‌വേഡ് തന്നെ ഉപയോഗിക്കുക

 

മിക്കവരും ഫിംഗര്‍പ്രിന്റും ഫെയ്‌സ്‌ഐഡിയും എല്ലാമുള്ള ഫോണാണ് ഉപയോഗിക്കുന്നത്. എന്നാലും, സാധാരണയുള്ള നാലക്ക പാസ്‌വേഡിനേക്കാള്‍ സങ്കീര്‍ണമായ, എന്നാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള ഒരു പാസ്‌വേഡ് ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

∙ എപികെ ഫയലുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാൾ ചെയ്യുന്നത് സുരക്ഷിതമല്ല

 

എപികെ ഫയലുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് അറിവില്ലാത്ത ആളാണ് നിങ്ങളെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ആപ്പുകൾ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗമാണിതെങ്കിലും, അതിന് അതിന്റേതായ പ്രശ്‌നങ്ങളും കണ്ടേക്കാം. തേഡ്പാര്‍ട്ടി ആപ് ഇന്‍സ്റ്റാലേഷന്‍ ഫ്രം അണ്‍നോണ്‍ സോഴ്‌സസ് എന്ന മെനു ഓഫാക്കുന്നതാണ് നല്ലത്. ഇത് തുറന്നിട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അനുമതി നല്‍കാത്ത ആപ്പുകള്‍ കയറി ഇന്‍സ്റ്റാള്‍ ആകുന്നത് കുറയ്ക്കാനാകും.

 

ചാർജിലിട്ട് ഫോണ്‍ ചെയ്യരുത്

 

മികച്ച ഫോണ്‍ വാങ്ങിയ ശേഷം ഏതെങ്കിലു ചാര്‍ജിങ് അഡാപ്റ്റര്‍ ഉപയോഗിച്ചു ചാര്‍ജു ചെയ്യാന്‍ ശ്രമിക്കുന്നത് പല സന്ദര്‍ഭങ്ങളിലും ദോഷകരമാകാം. ഇത്തരം ചാര്‍ജിങ് സംവിധാനങ്ങൾ ഒരിക്കലോ രണ്ടു തവണയോ നടത്താമെന്നല്ലാതെ സ്ഥിരമായി നടത്തിയാല്‍ ഫോണിനോ ബാറ്ററിക്കോ പ്രശ്‌നം വരാം. പറ്റുമെങ്കില്‍ ഫോണ്‍ നിര്‍മാതാവിന്റെ അഡാപ്റ്റര്‍ തന്നെ ഉപയോഗിക്കുക. കൂടിയ കപ്പാസിറ്റിയുള്ള ബാറ്ററികള്‍ ചാര്‍ജു ചെയ്യാന്‍ ഉചിതമായ ചാര്‍ജറുകള്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടകരമാണ്.

 

English Summary: Few tips to keep your Android phone safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com