ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളോടു മത്സരിക്കാന്‍ ഷഓമി പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു - മി11 അള്‍ട്രാ. ഈ ഫോണിനൊപ്പം മി11, മി11ഐ, മി11 ലൈറ്റ്, മി 11 ലൈറ്റ് 5ജി എന്നീ ഫോണുകളും, മി സ്മാർട് ബാന്‍ഡ്6, മി സ്മാര്‍ട് പ്രൊജക്ടര്‍ 2 പ്രോയും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ടെക് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത് മി 11 അള്‍ട്രായില്‍ ആയിരുന്നു. ലോകത്തെ മൂന്നാമത്ത വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ആഗോള വിപണിയുടെ ശ്രദ്ധ പിടിച്ചെടുക്കാനായി അവതരിപ്പിച്ച ഈ മോഡലില്‍ പല പുതിയ ഫീച്ചറുകളുമുണ്ട്.

 

∙ പിന്നില്‍ 1.1-ഇഞ്ച് സ്‌ക്രീന്‍

 

പിന്നില്‍ മികച്ച ക്യാമറാ സിസ്റ്റങ്ങള്‍ നൽകുന്നുണ്ടെങ്കിലും മുന്നില്‍ സെൽഫിക്കായി അത്ര മികച്ച ക്യാമറകൾ ഉൾപ്പെടുത്താറില്ല. ഈ രീതി മാറ്റാന്‍ പല ശ്രമങ്ങളും നടന്നിട്ടുമുണ്ട്. എന്നാൽ, പിന്‍ ക്യാമറാ സിസ്റ്റം തന്നെ ഉപയോഗിച്ച് നന്നായി ഫ്രെയിം ചെയ്തു സെല്‍ഫികള്‍ പകര്‍ത്താനുള്ള സാധ്യതയാണ് മി11 അള്‍ട്രാ തുറന്നിടുന്നത്. ഇതിനായി 1.1-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെയാണ് ഒരുക്കിയിരിക്കുന്നത്. മികച്ച സെല്‍ഫികളും മറ്റും പകര്‍ത്താന്‍ അനുവദിക്കും. ഇതു കൂടാതെ, പലതരം അലേര്‍ട്ടുകളും സ്‌ക്രീനില്‍ ലഭ്യമായിരിക്കും. ബാറ്ററി ലൈഫ്, സമയം, ഫോണ്‍കമഴ്ത്തി വച്ചിരിക്കുകയാണെങ്കില്‍ ആരാണ് വിളിക്കുന്നത് തുടങ്ങി കാര്യങ്ങളൊക്കെ അറിയാനാകുമെന്ന് കമ്പനി പറയുന്നു. എന്നാല്‍, ഇത് സെല്‍ഫി പ്രേമികളെ തന്നെ മനസ്സില്‍ കണ്ടു സ്ഥാപിച്ച കുഞ്ഞു സ്‌ക്രീനാണ് - പിന്നിലെ മൂന്നു 'പ്രോ ഗ്രേഡ്' ക്യാമറളും ഉപയോഗിച്ച് സെല്‍ഫികള്‍ പകര്‍ത്താം. ഇതോടെ ഏറ്റവും മികച്ച സെല്‍ഫി ഫോട്ടോകള്‍ എടുക്കാവുന്ന സ്മാര്‍ട് ഫോണ്‍ എന്ന ഖ്യാതി മി11 അള്‍ട്രായ്ക്കു ലഭിച്ചേക്കും.

 

∙ ഉജ്ജ്വല പിന്‍ക്യാമറാ സിസ്റ്റം

 

mi-11-back

അതിശക്തമായ പിന്‍ക്യാമറാ സിസ്റ്റമാണ് ഷഓമി ഒരുക്കിയിരിക്കുന്നത്. ക്യാമറാ ഫോണ്‍ സെന്‍സര്‍ രംഗത്ത് തനതു പാത വെട്ടിത്തുറന്ന സാംസങ്ങിന്റെ ഇസോസെല്‍ ജിഎന്‍2 എന്ന സെന്‍സറാണ് പ്രധാന ക്യാമറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു 50 എംപി എഫ്/1.95 അപേര്‍ചറുള്ള മൊഡ്യൂളാണ്. താരതമ്യേന വലുപ്പക്കൂടുതലുമുളള (1/1.12-ഇഞ്ച്) സെന്‍സറാണിത്. കൂടുതല്‍ പ്രകാശം വലിച്ചെടുക്കാനായി 1.4 യുഎം പിക്‌സല്‍സ് ആണ് ഇതിലുള്ളത്. അതിവേഗ ഡ്യൂവല്‍ പിക്‌സല്‍ പ്രോ ഓട്ടോഫോക്കസും ഉണ്ട്. ഒപ്പമുള്ള അള്‍ട്രാ വൈഡ് അഥവാ മാക്രോ ലെന്‍സിനും ടെലി ലെന്‍സിനും 48 എംപി സോണി സെന്‍സാറാണ് (IMX586 1/2.0-ഇഞ്ച്) ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് 120 ഡിഗ്രി കാഴ്ച ലഭിക്കും. അതേസമയം, ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ടെലി ലെന്‍സിന് പെരിസ്‌കോപ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാകട്ടെ 5x ഓപ്ടിക്കല്‍ സൂം, 10എക്‌സ് ഹൈബ്രിഡ് സൂം, 120എക്‌സ് ഡിജിറ്റല്‍ സൂം എന്നിങ്ങനെ നല്‍കുന്നു. നിലവില്‍ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച പിന്‍ക്യാമറാ സിസ്റ്റങ്ങളിലൊന്നാണ് ഇത്.

 

ക്യാമറാ ഫീച്ചറുകളുടെ കാര്യത്തിലും ഒരു കുറവും വരുത്തിയിട്ടില്ല. മൂന്നു ക്യാമറകളും ഉപയോഗിച്ച് 8കെ വിഡിയോ റെക്കോഡു ചെയ്യാം. ഇതു സാധ്യമാകുന്ന മറ്റൊരു ഫോണും ഇന്നില്ലെന്നാണ് കരുതുന്നത്. മൂന്നു ക്യാമറകളിലുമുള്ള ദൃശ്യം ഒരേസമയം കാണാം. എന്നിട്ട് ഉചിതമായത് തിരഞ്ഞെടുത്ത് ഷൂട്ടു ചെയ്യാം. ഇതു കൂടാതെയാണ് ഡ്യൂവല്‍-ഫോണ്‍ റെക്കോഡിങ് മോഡ്. രണ്ട് മി11 അള്‍ട്രാ ഫോണുകളെ തമ്മില്‍ വയര്‍ലെസായി ബന്ധിപ്പിച്ച് വിഡിയോ ഷൂട്ടു ചെയ്യാം. ഒന്നിനെ മാസ്റ്റര്‍ ഡിവൈസ് എന്നു വിളിക്കുന്നു. എന്നാല്‍ ഇത്തരമൊരു ഫീച്ചര്‍ സാധാരണ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ചു ഗുണം ചെയ്‌തേക്കില്ല. വിഡിയോ കോളുകള്‍ക്കും മറ്റുമായി 20എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഡിസ്‌പ്ലെയുടെ ഒഴുക്കു കുറയ്ക്കാതിരിക്കാൻ പഞ്ച്‌ഹോള്‍ രീതിയിലാണ് സെല്‍ഫി ക്യാമറയ്ക്ക് ഇടം നല്‍കിയിരിക്കുന്നത്.

 

∙ മസില്‍ കരുത്ത്, സ്‌ക്രീന്‍

 

ഈ കാലത്ത് ഒരു ആന്‍ഡ്രോയിഡ് ഫോണിനു ലഭിക്കാവുന്ന കരുത്ത് മി11 അള്‍ട്രായ്ക്കും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. 16ജിബി റാമും, 512 ജിബി വരെ സംഭരണ ശേഷിയുമുള്ള വേരിയന്റുകളുണ്ട്. (ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പരമാവധി സ്റ്റോറേജ് ശേഷി 256 ജിബിയാണ്.) അത്യുജ്വലമായ, 6.81-ഇഞ്ച് വലുപ്പമുള്ള ക്വാഡ്-കേര്‍വ്ഡ് അമോലെഡ് സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 3,200 x 1,440 റെസലൂഷനും, 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റും, 480 ടച് സാംപ്ലിങ് റെയ്റ്റുമുണ്ട്. 1700 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 1.07 ബില്ല്യന്‍ കളര്‍ ഡിസ്‌പ്ലെ, എച്ഡിആര്‍ 10പ്ലസ്, ഡോള്‍ബി വിഷന്‍, അണ്ടര്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

∙ ബാറ്ററി

 

നിലവില്‍ അധികം ഉപയോഗിക്കപ്പെടാത്ത സിലിക്കണ്‍ഓക്‌സൈഡ് ആനോഡ് ബാറ്ററി സാങ്കേതികവിദ്യയാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് വൻ മാറ്റങ്ങൾ കൊണ്ടുവന്നേക്കാവുന്ന ഫീച്ചറായിരിക്കുമെന്നാണ് ചിലര്‍ പ്രവചിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ വലുപ്പം കുറയ്ക്കാമെന്നതു കൂടാതെ, അതിവേഗ ചാര്‍ജിങ് അടക്കമുള്ള കാര്യങ്ങളും നടക്കും. മി11 അള്‍ട്രായ്ക്ക് 5000 എംഎഎച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇത് 67w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടു ചെയ്യും. വയേഡായും വയര്‍ലെസ് ആയും ചാർജ് ചെയ്യാം. ഫോണ്‍ ഉപയോഗിച്ച് മറ്റു ഫോണുകളെ 10w സ്പീഡില്‍ റിവേഴ്‌സ് ചാര്‍ജിങ്ങിനും ഉപയോഗിക്കാം.

 

∙ സ്പീക്കറുകള്‍, മറ്റു ചില ഫീച്ചറുകള്‍

 

ഹാര്‍മണ്‍ കാര്‍ഡോണ്‍ കമ്പനി ട്യൂണ്‍ ചെയ്തു നല്‍കിയ സ്പീക്കറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എക്‌സ്-ആക്‌സിസ് ലീനിയര്‍ വൈബ്രേഷന്‍ മോട്ടര്‍, ഇന്‍ഫ്രാറെഡ് പോര്‍ട്ട്, (റിമോട്ട് കണ്ട്രോള്‍ ഫീച്ചറുകള്‍ക്കായി), എന്‍എഫ്‌സി, ഇരട്ട-സിം 5ജി സ്റ്റാന്‍ഡ്‌ബൈ തുടങ്ങി നിരവധി ഫീച്ചറുകള്‍ കുത്തിനിറച്ചിരിക്കുകയാണ്. ഹാൻഡ്സെറ്റിന് 8.3 എംഎം മാത്രം കനമുള്ള സെറാമിക് ബോഡിയാണ്. കറുപ്പ്, വെളുപ്പ് നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാകുക. സെറാമിക് ഉപയോഗിച്ചു നിര്‍മിക്കാന്‍ തീരുമാനിച്ചതിനാല്‍ ഫോണിന് വലുപ്പക്കൂടുതലുണ്ട്. 234 ഗ്രാമാണ് ഭാരം.

 

∙ ഏകദേശ വില 

 

തുടക്ക വേരിയന്റിന് ( 8ജിബി+256ജിബി) ഏകദേശം 62,000 രൂപയായിരിക്കും വില. ഏറ്റവും കൂടിയ വേരിയന്റിന് (16ജിബി + 256ജിബി) ഏകദേശം 77,500 രൂപയായിരിക്കും വില. ആഗോള വിപണിയില്‍ കുതിപ്പു നടത്താന്‍ ശ്രമിക്കുന്ന ഷഓമി ഈ ഫോണിന്റെ നിര്‍മാണത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആരും ഷഓമി മി11 അള്‍ട്രാ പരിഗണിക്കാതിരിക്കരുതെന്നും പറയുന്നു.

 

English Summry: Xiaomi Mi 11 Ultra Is The Most Gorgeous Android Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com