ADVERTISEMENT

സാദാ മോഡൽ വന്നിട്ടാണ്, സാധാരണഗതിയില്‍ പ്രോ മോഡൽ വരുക. ഒരു സാദാ വരുമ്പോൾത്തന്നെ നമുക്കറിയാം, ക്യാൻ പ്രോ ബീ ഫാർ ബിഹൈൻഡ്…! പക്ഷേ ഈ മാസം കാക്ക മലര്‍ന്നു പറന്നിട്ടുണ്ട്. കഴിഞ്ഞ മാസം (2021 മാാർച്ച്) എഫ്19 പ്രോ, എഫ്19 പ്രോ പ്ലസ് എന്നീ മിഡ്റേഞ്ച് സ്മാര്‍ട്ഫോണുകൾ അവതരിപ്പിച്ച ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, ഈ മാസമാണ് വെറും എഫ് 19 കൊണ്ടുവന്നിരിക്കുന്നത്.

പ്രോയിൽനിന്ന് എന്തെങ്കിലും ഹാർഡ്‌വെയറോ സോഫ്റ്റ്‌വെയറോ കുറച്ചാൽ സാദാ എഫ് 19 ആകില്ലേ എന്നു ചോദിക്കാൻ തോന്നും. പക്ഷേ അങ്ങനല്ല. എഫ്19 പ്രോകൾ മീഡിയടെക് പ്രോസസറുകളിൽ ചിന്തിക്കുമ്പോള്‍ പുതിയ എഫ്19ന്റെ തലച്ചോറ് സ്നാപ്ഡ്രാഗൻ പ്രോസസറാണ്. തലച്ചോറു തന്നെ മാറുമ്പോൾ, മാറ്റം വെറും തൊലിപ്പുറമല്ലെന്നു സാരം.

33വാട്ട് ഫ്‌ളാഷ് ചാര്‍ജ് സഹിതമെത്തുന്ന ഫോണിന് 5000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണുള്ളത്. 2 ദിവസം സുഖമായി ലൈഫ് കിട്ടുമെന്നു മാത്രമല്ല, വേഗത്തില്‍ ചാർജ് ആകുകയും ചെയ്യും. പ്രോ മോഡലുകൾക്ക് ഇത്രയുമില്ല ബാറ്ററിയെന്നറിയുക. 5 മിനിറ്റ് ചാര്‍ജ് ചെയ്താൽ അഞ്ചര മണിക്കൂർ സംസാരസമയം അഥവാ 2 മണിക്കൂർ യുട്യൂബ് കാണൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും അരമണിക്കൂര്‍ കൊണ്ട് 50 ശതമാനത്തിലേറെ ചാർജ് കിട്ടും. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാലും തുടര്‍ച്ചയായി ചാര്‍ജ് ചെയ്യാതെ ഇടവേളകളില്‍ മാത്രമാണ് ചാര്‍ജ് ആകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണിതു സാധ്യമാകുന്നത്. ദീര്‍ഘസമയം ബാറ്ററി ചാര്‍ജ് ആകുന്നതുവഴിയുള്ള അപകടസാധ്യത ഒഴിവാക്കാന്‍ ഇതു സഹായിക്കും.

oppo-f19-photography
ഓപ്പോ എഫ്19 ൽ പകർത്തിയ ഫോട്ടോകൾ

വളരെ സ്ലീക് ആണു എഫ്19. 7.95മില്ലിമീറ്റർ കനവും 175 ഗ്രാം ഭാരവും മാത്രമാണ് ഇതിനുള്ളത്. 6.43 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് എഫ് 19ന്. മുകളിൽ ഇടത്തേയറ്റത്ത് പഞ്ച് ഹോള്‍ ക്യാമറ. ഫിംഗർപ്രിന്റ് സെൻസറും സ്ക്രീനിലുണ്ട്. 6ജിബി റാം– 128ജിബി സ്റ്റോറേജ് ഉള്ള ഒറ്റ വേരിയന്റേയുള്ളൂ. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലു എന്നീ രണ്ടു നിറങ്ങളിൽ ലഭിക്കും. ‌ 2 നാനോ സിം കാർ‍ഡിനു പുറമെ മൈക്രോ എസ്ഡിക്കുള്ള സ്ലോട്ടും ഉള്ളതിനാൽ സ്റ്റോറേജിന്റെ കാര്യത്തിൽ ടെൻഷനേ വേണ്ട.

48 മെഗാപിക്സൽ മെയിൻ സെൻസറും 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോയും ചേർന്നതാണ് ക്യാമറക്കൂട്ടം. സെൽഫി ക്യാമറ 16എംപി. പിന്നിൽ ഫ്ലാഷുണ്ട്. എഫ് 19 പ്രോ മോ‍ഡലുകളിലെ അൾട്രാ വൈഡ് സെൻസർ ഇതിൽ ഇല്ല.

oppo-f19-1

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൻ 662 ഒക്ടോകോർ പ്രോസസറുള്ള ഫോൺ ആൻഡ്രോയ്ഡ് 11 ആധാരമാക്കിയുള്ള ഓപ്പോയുടെ കളർ ഒഎസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. സ്മൂത്താണ്. നീറ്റുമാണ്. പ്രത്യേക ഗെയിം സോണുണ്ട്. അതിനു പുറമെ ഹേയ് ഫൺ എന്ന പേരിൽ പ്രീ ലോഡഡ് ഗെയിമുകളുമുണ്ട്.

യുഎസ്ബി സി പോർട്ടുള്ള ഫോണിന് 3.5എംഎം ഓഡിയോ ജാക്കും നല്‍കിയിട്ടുണ്ട്. മാത്രമല്ല. പുതിയ ഇയർപോഡുകളുടെ ആകൃതിയിലുള്ള ഹെഡ്ഫോണും എഫ് 19ന്റെ കൂടെ ലഭിക്കുന്നു. ഫോണിന്റെ മനോഹരമായ ഗ്ലോസി ബോഡി മുഷിയാതിരിക്കാനും എന്നാൽ ഭംഗി മറയാതിരിക്കാനുമായി ട്രാൻസ്പേരന്റ് കവർ കമ്പനി നൽകുന്നുണ്ട്. 20,990 രൂപ എംആർപിയുള്ള ഫോൺ18,990 രൂപയ്ക്കാണ് ആമസോണിൽ ഏപ്രില്‍ ഒന്‍പതിനു വിൽപന തുടങ്ങിയത്.

oppo-f19-2

മികച്ച ബാറ്ററി, ആകർഷക ഡിസൈൻ, മേന്മയുള്ള ക്യാമറ, ലാഗ് ഇല്ലാത്ത പ്രവർത്തനം, വലിയ സ്റ്റോറേജ് സൗകര്യം തുടങ്ങി ഓപ്പോ എഫ്19ന് പ്ലസ് പോയിന്റുകളേറേയാണ്. പിന്നിൽ 4 ക്യാമറ വേണമെന്നില്ലെങ്കില്‍ എഫ്19 തികച്ചും ആകർഷകമായ 4ജി ഫോണ്‍ തന്നെയാണ് എഫ് 19.

English Summary:  Oppo F19 with a 5,000 mAh battery - Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com