ചിലര്‍ ആ പ്രവചനങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നു, എന്തുകൊണ്ട് ?
Mail This Article
ഇപ്പോഴും വലിയൊരു ശതമാനം പേരും മനസ് വായിക്കുന്നതിനും ഭാവി പ്രവചിക്കുന്നതിനുമൊക്കെയുള്ള കഴിവുകളില്‍ വിശ്വസിക്കുന്നവരാണ്. ഇത്തരം അതീന്ദ്രിയമെന്ന് അവകാശപ്പെടുന്ന കഴിവുകളുടെ പൊള്ളത്തരത്തെ ശാസ്ത്രം പലതവണ തെളിയിച്ചിട്ടുണ്ടെങ്കിലും അവയില്‍ വിശ്വസിക്കുന്നവര്‍ കുറവല്ല. എന്തുകൊണ്ടായിരിക്കും ഇത്തരം അതീന്ദ്രിയ അവകാശവാദങ്ങളെ പലരും കണ്ണടച്ച് വിശ്വസിക്കുന്നത്?
ലോകത്തിന്റെ പലഭാഗത്തും പലകാലത്തും ഇത്തരം അതീന്ദ്രിയ കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെടുന്നവരുണ്ടായിട്ടുണ്ട്. ഹംഗേറിയന്‍ ആത്മീയവാദിയായിരുന്ന ലാജോസ് പാപ് എന്നയാള്‍ തന്റെ മതസമ്മേളനങ്ങള്‍ക്കിടെ വിവിധ ജീവികളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അവകാശപ്പെട്ടിരുന്നയാളാണ്. ലാജോസ് പാപിന്റെ അനുയായികള്‍ അത് വിശ്വസിക്കുകയും ചെയ്തിരുന്നു. മറ്റൊരു അദ്ഭുത പ്രകടനക്കാരനായ ജെയിംസ് ഹൈഡ്രിക് എന്നയാള്‍ ഒടുവില്‍ തന്റെ 'കഴിവുകള്‍' ജയിലില്‍ നിന്നും പഠിച്ചതാണെന്ന കുറ്റസമ്മതം നടത്തിയിരുന്നു.
മതപ്രചാരകനായ മറ്റൊരു പ്രമുഖ വ്യക്തി യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമെത്തിയിരുന്ന അനുയായികളുടെ വിശദാംശങ്ങള്‍ പറഞ്ഞായിരുന്നു അവരെ അദ്ഭുത പരവശരാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ആ കഴിവിന് പിന്നില്‍ ചെവിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കൊച്ച് ഇയര്‍പീസാണെന്ന് പരസ്യമായി. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു അനുയായികളെക്കുറിച്ചുള്ള വിവരങ്ങള്‍ വയര്‍ലെസ് മുഖേന ചെവിയിലെത്തിച്ചിരുന്നത്.
എന്തൊക്കെ തട്ടിപ്പുകള്‍ പുറത്തുവന്നാലും ഇപ്പോഴും മനുഷ്യന്റെ അതീന്ദ്രിയ കഴിവുകളില്‍ വിശ്വസക്കുന്ന വലിയൊരു വിഭാഗമുണ്ട്. യുഎസ് ഗാലപ് സര്‍വേ നടത്തിയ ഒരു പഠനത്തില്‍ പങ്കെടുത്ത നാലിലൊന്ന് പേരും ടെലിപതി പോലുള്ള ഇത്തരം അവകാശവാദങ്ങളേയും സ്വയം പ്രഖ്യാപിത കഴിവുകളേയും വിശ്വസിക്കുന്നവരായിരുന്നു.
ഒരേ പോലെ വിദ്യാഭ്യാസമുണ്ടായിട്ടും ചിലര്‍ മാത്രം എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്നറിയാനും ഇവര്‍ പഠനം നടത്തിയിരുന്നു. അതില്‍ കണ്ടെത്തിയത് ഇത്തരം അതീന്ദ്രിയ കഴിവുകളില്‍ വിശ്വസിക്കുന്നവര്‍ പൊതുവെ കാര്യങ്ങളെ വിമര്‍ശന ബുദ്ധിയോടെ കാണാത്തവരാണെന്നതാണ്. തങ്ങള്‍ക്ക് മുന്നിലുള്ള വിവരങ്ങള്‍ വസ്തുതകളാണോ എന്ന് പരിശോധിക്കാന്‍ നില്‍ക്കാതെ ഒറ്റയടിക്ക് വിശ്വസിക്കുന്നവരാണിവര്‍. ഇത്തരം തട്ടിപ്പുകാര്‍ അവതരിപ്പിക്കുന്ന പാതി സത്യങ്ങളില്‍ പൊതിഞ്ഞുള്ള അതീന്ദ്രിയ കഴിവുകള്‍ ശരിയാണെന്ന് ഇവര്‍ സ്വാഭാവികമായും വിശ്വസിക്കുകയും ചെയ്യുന്നു.
വിമാന അപകടങ്ങള്‍ പൊലുള്ള വലിയ അപകടങ്ങള്‍ പ്രശസ്തരുടെ മരണം പ്രകൃതി ദുരന്തങ്ങള്‍ എന്നിവയൊക്കെ പ്രവചിച്ചുവെന്ന അവകാശവാദവുമായി എത്തുന്നവരും നിരവധിയാണ്. ഇത്തരത്തിലുള്ള പലതും അവകാശവാദങ്ങള്‍ മാത്രവും തെളിയിക്കാന്‍ സാധിക്കാത്തതുമാണ്. ഉദാഹരണത്തിന് 1996ലെ യൂറോകപ്പിനിടെ വിചിത്രമായ ഒരുസംഭവമുണ്ടായി. കളിക്കാരന്‍ പെനല്‍റ്റിയെടുക്കാന്‍ വന്നപ്പോള്‍ പന്ത് അസ്വാഭാവികമായി അല്‍പം നീങ്ങുകയും പെനല്‍റ്റിയുടെ ദിശ മാറി ഗോളാകാതിരിക്കുകയും ചെയ്തു. ഇത് നടന്ന് വൈകാതെ ഉറി ഗല്ലര്‍ എന്നയാള്‍ പന്ത് നീങ്ങിയതിന് പിന്നില്‍ താനാണെന്ന അവകാശവാദവുമായി രംഗത്തെത്തി!
അമേരിക്കക്കാരില്‍ മൂന്നിലൊന്നുപേരും ഇത്തരം അതീന്ദ്രിയ അനുഭവം ജീവിതത്തില്‍ ഒരിക്കലെങ്കിലുമുണ്ടായെന്ന് വിശ്വസിക്കുന്നവരാണ്. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ പകുതിയും ആത്മാവിന്റെ സാമീപ്യം അനുഭവിച്ചെന്ന് അവകാശപ്പെടുന്നു. കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടോ, യഥാര്‍ഥ അനുഭവത്തിന്റെ കുറവോ, ലോകത്തെ കൂടുതല്‍ രസകരമാക്കുന്നതിന്റെ ഭാഗമോ ആയിട്ടായിരിക്കാം ഇവര്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് പുറകേ പോകുന്നത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളെ തകര്‍ക്കുന്ന ദൗത്യമാണ് പലപ്പോഴും ശാസ്ത്രത്തിനുള്ളത്.