ADVERTISEMENT

ഓരോ മാസവും വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയിൽ ഭൂമിയിലുളളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രി ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചം പ്രകൃതിദത്ത പ്രകാശനിരക്കിനേക്കാൾ 10 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോനൊമിക്കൽ സൊസൈറ്റി: ലെറ്റേഴ്സ് എന്ന മാഗസിനിലാണ് ഇത്തരമൊരു മുന്നറിയിപ്പുളളത്.

ഭൂമിയുടെ ഭ്രമണപഥത്തിലെ ബഹിരാകാശ വസ്‌തുക്കൾ പോലുള്ള ബാഹ്യ സ്രോതസ്സുകളിൽ നിന്നുള്ള രാത്രി ആകാശത്തിന്റെ വെളിച്ചം കണക്കാക്കലായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്ലോവാക്യയിലെ കൊമേനിയസ് സർവകലാശാലയിലെ മിറോസ്ലാവ് കോസിഫാജ് പറഞ്ഞു.

അമേരിക്കൻ കമ്പനി സ്പേസ് എക്സിന്റെ ബഹിരാകാശ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർ‌ലിങ്കിന് വേണ്ടി ഓരോ മാസവും നിവധി ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതിനു പുറമെ വൺവെബ് പോലെയുള്ള മറ്റു കമ്പനികളും ഇന്റർനെറ്റ് ലഭ്യമാക്കാൻ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നുണ്ട്. 12,000 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ഇലോൺ മസ്കിന്റെ പദ്ധതി. എന്നാല്‍, ഇങ്ങനെ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത് വാനനിരീക്ഷണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിലവില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവുന്ന ഉയരത്തിലാണ് സ്പേസ് എക്സിന്റെ സാറ്റലൈറ്റുകളുള്ളത്. ആകാശത്ത് ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന ഈ സാറ്റലൈറ്റുകളുടെ ചിത്രങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ആകാശത്ത് വിചിത്ര വെളിച്ചം കുതിക്കുന്നത് കാണാമായിരുന്നു. ഇതെല്ലാം സാറ്റലൈറ്റുകളാണെന്നാണ് റിപ്പോർട്ട്. സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റുകള്‍ പ്രതീക്ഷിച്ചതിലും തിളക്കമുള്ളതാണെന്നും ഇത് വാനനിരീക്ഷണത്തെ പോലും അലോസരപ്പെടുത്തുന്നു എന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. 

ഭൂമിയില്‍ നിന്നു ദൂരദർശിനികളും മറ്റും ഉപയോഗിച്ച് പ്രകാശവർഷങ്ങള്‍ അകലെയുള്ള ഗ്രഹങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കുമ്പോള്‍ ഈ സാറ്റലൈറ്റുകള്‍ കണ്ണിലെ കരടാകുന്നുവെന്നാണ് സസക്സ് സർവകലാശാലയിലെ ഡാരന്‍ ബാസ്കില്‍ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ സാറ്റലൈറ്റുകള്‍ തന്നെ പലപ്പോഴും വാനനിരീക്ഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

starlink

ആധുനിക ദൂരദർശനികള്‍ ഉപയോഗിച്ച് നീണ്ടു നിൽക്കുന്ന എക്സ്പോഷറിലാണ് വാനനിരീക്ഷകര്‍ പല ചിത്രങ്ങളും എടുക്കുന്നത്. പരമാവധി വെളിച്ചം ലഭിക്കുന്നതിന് വേണ്ടിയാണിത്. മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ട സമയമെടുത്താണ് ഈ ചിത്രമെടുപ്പ്. ഇതിനിടെ ചിത്രങ്ങളുടെ ഭാഗത്ത് സാറ്റലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ചിത്രത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും. 

പ്രകാശവർഷങ്ങൾക്കപ്പുറത്തെ നക്ഷത്ര സമൂഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളില്‍ നിന്നും ഗ്രഹങ്ങളിലെ വാതകങ്ങളുടെ സാന്നിധ്യം വരെ പ്രപഞ്ച നിരീക്ഷകർക്ക് തിരിച്ചറിയാനാകും. ചിത്രങ്ങളിലെ നിറങ്ങളുടെ സാന്നിധ്യമുപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. തിളക്കമുള്ള സാറ്റലൈറ്റുകള്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അന്തിമഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

Starlink-

നിലവില്‍ ആറായിരത്തിൽ കൂടുതൽ മനുഷ്യ നിർമിത ഉപഗ്രഹങ്ങള്‍ ഭൂമിയെ വലംവെക്കുന്നുണ്ട്. ഇതില്‍ മൂവായിരത്തോളം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം ബഹിരാകാശ മാലിന്യത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് പദ്ധതിയിലൂടെ 12,000 സാറ്റലൈറ്റുകളാണ് ആകാശത്തെത്തുക. ഇത് ബഹിരാകാശ മാലിന്യം വർധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

English Summary: Satellites add significant light pollution to the night skies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com