ADVERTISEMENT

ഒരു വിസ്മയം കടലിലൊഴുകാൻ ഒരുങ്ങുന്നു. കാഴ്ചയിലും ലക്ഷ്യത്തിലും ആഡംബരത്തിലും വിലയിലുമെല്ലാം വിസ്മയിപ്പിക്കാനൊരുങ്ങുന്ന നൗകയ്ക്ക് പേരിങ്ങനെ– എർത്ത് 300. വെറുമൊരു ആഡംബരക്കപ്പൽ മാത്രമല്ല എർത്ത് 300. ഇതൊരു സഞ്ചരിക്കുന്ന ലബോറട്ടറി സമുച്ചയം ആണ്. 22 ലാബുകളും വിവിധ ശാസ്ത്രശാഖകളിലെ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും സമ്പന്നരായ ചുരുക്കം ചില വിനോദസഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ 450 പേരുടെ സംഘമാണ് ഈ നൗകയിൽ ഉണ്ടാകുക. ശാസ്ത്രപഠനം ലക്ഷ്യമാക്കി സഞ്ചരിക്കാനൊരുങ്ങുന്ന യാച്ചിൽ 40 വിനോദ സഞ്ചാരികളെ മാത്രമാണ് പ്രവേശിപ്പിക്കുക. ഇതിനുള്ള ടിക്കറ്റ് ചാർജ് കേട്ടാൽ ഞെട്ടരുത്. 3 മില്യൺ യൂറോ. ഏകദേശം 27 കോടി രൂപ. ഇത്രയും തുക നൽകിയാൽ 10 ദിവസം യാച്ചിൽ കഴിയാം.

 

earth-300-1
എർത്ത് 300ന്റെ ഗ്രാഫിക്കൽ ഇമേജുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോൾ

പ്രകൃതിയോടും കലയോടും ശാസ്ത്രത്തോടും നീതി പുലർത്തുന്ന നിർമാണം എന്നാണ് പദ്ധതിക്കു പിന്നിലുള്ള സമ്പന്നൻ ആറൺ ഒലിവറ എർത്ത് 300 എന്ന നൗകയെ വിശേഷിപ്പിക്കുന്നത്. ആണവോർജത്തിൽ പ്രവർത്തിക്കുന്നതാണ് നൗക. ഇതിനാൽ മലിനീകരണം ഉണ്ടാകില്ലെന്ന് ആറൺ പറയുന്നു. 500 ബില്യൺ യൂറോയാണ് ഈ നൗകയുടെ നിർമാണച്ചെലവായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

earth-300

 

_Aaron-Olivera
ആറൺ ഒലിവറ

എലോൺ മസ്ക്, ജെഫ് ബെസോസ് എന്നിവർ ബഹിരാകാശം തിരഞ്ഞെടുത്തത് കൊണ്ട് ആറൺ കടലിനെ തിരഞ്ഞെടുക്കുകയായിരുന്നു. കാഴ്ചയിൽ തന്നെ കൗതുകം ജനിപ്പിക്കുന്ന നൗകയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രശാഖകളിൽ ഗവേഷണം നടത്താനുള്ള സൗകര്യമൊരുക്കും. ഈ യാച്ചുമായി ലോകം ചുറ്റാനാണ് ആറണിന്റെ പ്ലാൻ. ഇതിനായി ശാസ്ത്രജ്ഞരുൾപ്പെട്ട സംഘത്തെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇവർക്ക് പുറമേ തിരഞ്ഞെടുക്കുന്ന 20 വിദ്യാർഥികൾക്കും യാച്ചിൽ കഴിയാം.

 

ലക്ഷ്വറി ഒട്ടും കുറവില്ലാത്ത ക്വോട്ടേഴ്സുകളാണ്  സമ്പന്നരായ ടൂറിസ്റ്റുകൾക്കു വേണ്ടി ഇതിൽ ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പഠിക്കാനും പരിഹരിക്കാനുമാണ് സംഘം യാത്ര ചെയ്യുന്നതെങ്കിലും യാത്ര കടലിൽ ആയതിനാലും യാച്ച് അത്യാഡംബരമൊരുക്കന്നതിനാലുമാണ് ടൂറിസ്റ്റുകളെ കൂടി ഉൾപ്പെടുത്തിയതെന്ന് വ്യവസായി കൂടിയായ ആറൺ വ്യക്തമാക്കുന്നു. കാഴ്ചയിൽ വിസ്മയിപ്പിക്കുന്ന നിർമാണമായിരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ ഓർമിപ്പിക്കണമെന്നുമാണ് ഡിസൈൻ വേളയിൽ ആറൺ ഡിസൈനറോട് ആവശ്യപ്പെട്ടത്. ഒറ്റനോട്ടത്തിൽ ആരും ശ്രദ്ധിക്കുന്ന കാഴ്ചവിസ്മയമാണ് എർത്ത് – 300. നൗകയുടെ നീളമാണ് 300. ഭൂമിയെ സംരക്ഷിക്കാനുള്ള പദ്ധതിയാതിനാലാണ് എർത്ത് എന്ന പേര് തിരഞ്ഞെടുത്തതും. ഈ തലമുറയുടെ ഈഫൽ ടവർ എന്നാണ് നൗകയുടെ സൗന്ദര്യത്തെ കുറിച്ച് ആറണിന്റെ വാക്കുകൾ. 13 നിലകളുണ്ടാകും നൗകയിൽ. മാർവൽസിന്റെ സിനിമകളിലെ പോലെയാണ് ആറണിന്റെ പ്രവർത്തനമെന്ന് ചില സുഹൃത്തുക്കൾ പറയുന്നു. അയൺമാൻ സിനിമയിലെ പോലെ ശാസ്ത്രത്തെ മുന്നോട്ട് നയിക്കാൻ സമ്പത്ത് ഉപയോഗിക്കുകയാണ് ആറൺ ചെയ്യുന്നതത്രേ..അതിനായി ‘അവഞ്ചേഴ്സ്’ പോലെ ശാസ്ത്രജ്ഞരുടെ സംഘത്തെ ഒരുക്കണമെന്നും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

 

നൗകയിലെ സംഘം സഞ്ചരിച്ച് കണ്ടെത്തുന്ന ശാസ്ത്രവിവരങ്ങളെല്ലാം എല്ലാവരുമായും പങ്കുവയ്ക്കുമന്നും ഇത് എല്ലാ നാട്ടിലെയും പരിസ്ഥിതി ശാസ്ത്രസംഘങ്ങൾക്ക് ഉപകാരപ്പെടുമെന്നുമാണ് ആറൺ പറയുന്നത്. നൗകയ്ക്കു വേണ്ട മോൾട്ടൺ സാൾട്ട് റിയാക്ടർ ബിൽ ഗേറ്റ്സിന്റെ ചുമതലയിലുണ്ടായിരുന്ന ടെറാപവർ എന്ന ആണവോർജ കമ്പനിയാണ് നിർമിക്കുന്നത്.ക്വാണ്ടം കംപ്യൂട്ടിങ് സംവിധാനവും എൻജിനുമെല്ലാം നൗകയിൽ ഘടിപ്പിച്ചുവെന്നാണ് ഉടമ വ്യക്തമാക്കുന്നത്, പക്ഷേ, സഞ്ചാരം ആരംഭിക്കുന്നത് 2025ൽ മാത്രമാണ്. വിപുലമായ യാത്രയ്ക്കുള്ള ഒരുക്കം അത്രയേറെയുണ്ട്. ലോകം വിസ്മയത്തോടെ കാത്തിരിക്കും, ഭൂമിക്കായി ഒഴുകുന്ന ‘ഭൂമിയെ’ കാണാൻ.

 

English Summary: Inside the 300m science exploration vessel complete with a "science sphere" and 22 onboard laboratories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com